ബബിതയും ലെെലയും
വാഴയൂർ: പൊന്നേംപാടം സ്‌കൂളിൽ പാലിയേറ്റീവ് കെയറിന്റെ വാർഡ് കമ്മിറ്റി യോഗത്തിൽനിന്നാണ്, അമ്മ മരിച്ചതിനുശേഷം കുളിക്കാൻ സമ്മതിക്കാത്ത കിടപ്പുരോഗിയായ പെൺകുട്ടിയെക്കുറിച്ച് ലൈല അറിഞ്ഞത്. ഇതുകേട്ടപ്പോൾ ആ അമ്മമനസ്സിന് വലിയ വിഷമമായി. പിറ്റേന്ന് ഹോംകെയറിന്റെ വാഹനത്തിൽ കയറി അവളെ കാണാൻ പോയി. അമ്മ നഷ്‌ടപ്പെട്ട സങ്കടവും നിരാശയുമെല്ലാമായി വല്ലാത്ത അവസ്ഥയിലായിരുന്നു അവൾ. അവളുടെ കിടപ്പും സങ്കടവും കണ്ടപ്പോൾ ലൈലയും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഒടുവിൽ ധൈര്യംസംഭരിച്ച് ലൈല ചോദിച്ചു; ‘അമ്മ നഷ്‌ടപ്പെട്ട ദുഃഖമാണല്ലോ നിനക്ക്... അമ്മയെ എന്റെ ഹൃദയത്തിനുള്ളിൽവെച്ച് ഉമ്മയായി വന്നതാണ് ഞാൻ... നീ എന്റെകൂടെ നിൽക്കാൻ തയ്യാറുണ്ടോ... എങ്കിൽ കൈ താ’. ആലോചനയ്ക്കൊരു സെക്കൻഡുപോലും മടിയ്ക്കാതെ അവൾ കൈനീട്ടി. അവളെ െൈകത്തണ്ടയിൽ താങ്ങിയെടുത്തു കൊണ്ടുപോയി ലൈല എണ്ണതേച്ചു കുളിപ്പിച്ചു. നഷ്ടപ്പെട്ടുപോയ മാതൃത്വത്തിന്റെ തണലും തണുപ്പുമേകി.
സ്‌നേഹത്തിന്റെ ആത്മബന്ധം
ചലനശേഷി നഷ്‌ടപ്പെട്ട് 15 വർഷമായി കിടപ്പിൽകഴിയുന്ന കാരാട് മൂഴിപ്പുറത്ത് പാപ്പനങ്ങോട്ട് ബബിതയും പൊന്നേംപാടത്തെ പാലക്കാട്ട ലൈലയും തമ്മിലുള്ള ആത്മബന്ധം അവിടെ തുടങ്ങുകയായിരുന്നു. എട്ടുവർഷമായി ലൈല, ബബിതയ്ക്ക് പ്രിയപ്പെട്ട ഉമ്മയാണ്. എല്ലാറ്റിനും അവകാശവും അധികാരവുമുള്ളയാൾ. ഉമ്മയെന്നുതന്നെയാണ് അവൾ ലൈലയെ വിളിക്കുന്നത്. പരസഹായമില്ലാതെ എഴുന്നേൽക്കാനോ ഭക്ഷണം കഴിക്കാനോ പ്രാഥമിക കാര്യങ്ങൾ ചെയ്യാനോ ഒന്നും മുപ്പത്താറുകാരിയായ ബബിതയ്ക്ക് നിവൃത്തിയില്ല. കൈകാൽ തരിപ്പായിരുന്നു ആദ്യം വന്നത്. ശസ്ത്രക്രിയയ്ക്കിടെ സുഷുമ്‌നയ്ക്ക് ക്ഷതംപറ്റി കിടപ്പിലായതാണ്. താങ്ങും തണലുമായിരുന്ന അമ്മ തങ്കമണി എട്ടുവർഷംമുൻപ് അഴിഞ്ഞിലം കവലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും അച്ഛൻ ബാബുരാജനും മരിച്ചു. പിന്നീട് അമ്മൂമ്മയോടൊപ്പം പൊന്നേംപാടത്ത് അമ്മാവന്റെ വീട്ടിൽ കഴിയുകയായിരുന്നു.
കാണാതിരിക്കാനാകില്ല
അമ്മൂമ്മ ലീലയുടെ മരണശേഷം ബബിത സഹോദരിയുടെ തിരുത്തിയാട്ടെ ഭർത്തൃവീട്ടിലേക്കു മാറിയപ്പോഴും താങ്ങും തണലുമായി ലൈല. ഇടയ്ക്കിടെ കാണാനെത്തും. ചെറുതും പഴകിയതുമായ ആ വീട്ടിൽ അസൗകര്യങ്ങൾ ഏറിയതോടെ ബബിതയുടെ നിർബന്ധത്തിനുവഴങ്ങി ലൈല അവളെ വടകര എടച്ചേരിയിലെ തണൽ കേന്ദ്രത്തിലേക്കു മാറ്റി. വിട്ടകലാൻപറ്റാത്തത്ര വളർന്ന ഇരുവർക്കും തമ്മിൽ കാണാതെയും മിണ്ടാതെയെും പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നു ബോധ്യമായത് അപ്പോഴാണ്. ഒരാഴ്‌ചയ്ക്കുള്ളിൽ തിരികെ കൊണ്ടുവന്നു.
വാതിൽതുറന്ന് സ്‌നേഹം
കഴിഞ്ഞ മാർച്ച് 19-ന് ബബിതയുടെ വീടിന്റെ പാലുകാച്ചലായിരുന്നു. അച്ഛനും അമ്മയോടുമൊപ്പം കഴിഞ്ഞിരുന്ന വീട് ജീർണിച്ച് നാശത്തിന്റെ വക്കിലായിരുന്നു. ലൈല മുൻകൈയെടുത്ത് വീട് നന്നാക്കിയെടുത്തു. കുടുംബാംഗങ്ങളും വ്യക്തികളും സംഘടനകളുമെല്ലാം അതിനു സഹായിച്ചു. ലൈല വീട്ടുപകരണങ്ങളും അടുക്കളയിലെ സാധനങ്ങളുമെല്ലാം എത്തിച്ചുനൽകി എല്ലാറ്റിനും മുന്നിൽനിന്നു. സഹോദരി ഷിബിതയ്ക്കും കുടുംബത്തിനുമൊപ്പമാണ് കാരാടിലെ വീട്ടിൽ ഇപ്പോൾ ബബിത കഴിയുന്നത്. ലൈലയുടെ മൂത്തമകൾ തസ്‌ലീന കുവൈത്തിലും ഇളയമകൾ ഫാത്തിമ ഫർസാദ യു.കെ.യിലുമാണ്. ബബിതയെ ഉമ്മ മകളെപ്പോലെ നോക്കുന്നതിൽ ഇരുവർക്കും സന്തോഷം മാത്രം. അവരും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു. വിദ്യാഭ്യാസവകുപ്പിൽനിന്നു സൂപ്രണ്ടായി വിരമിച്ച ഭർത്താവ് ബഷീർ അഹമ്മദും പിന്തുണയുമായി കൂടെയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..