രക്ഷകരെത്തും വിദഗ്ധരായി


1 min read
Read later
Print
Share

രക്ഷാപ്രവർത്തന പരിശീലനത്തിന് മലപ്പുറത്തിന്റെ മത്സ്യത്തൊഴിലാളികൾ ഗോവയിൽ പരിശീലനം കടൽസുരക്ഷാ സ്‌ക്വാഡ് രൂപവത്കരിക്കുന്നതിന്റെ ഭാഗമായി സ്‌ക്രീനിങ് ടെസ്റ്റ് വിജയിച്ചവർക്ക്

ഗോവയിലേക്ക് പരിശീലനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളി സംഘം.

തിരൂർ: ഇതാ കേരളത്തിന്റെ സൈന്യം. പ്രളയകാലത്ത് നമ്മളവരെ അങ്ങനെയാണ് അഭിമാനത്തോടെ മറ്റുള്ളവർക്കു പരിചയപ്പെടുത്തിയത്. ഞാൻ തീർന്നുപോയാലും നിന്നെ ഞാൻ രക്ഷിച്ചുകൊള്ളാം എന്നു വാക്കുനൽകി, ചങ്കുറപ്പോടെ അവർ നടത്തിയ ഇടപെടലുകളായിരുന്നു കാരണം. കേരളത്തിന്റെ ആ ചുണക്കുട്ടികളിതാ ജീവൻകാക്കാനുള്ള മറ്റൊരു പരിശീലനവഴിയിൽ.

ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സിൽ രക്ഷാപ്രവർത്തന പരിശീലനത്തിന് മലപ്പുറം ജില്ലയിൽനിന്നുള്ള മത്സ്യത്തൊഴിലാളി സംഘം തിരൂരിൽനിന്ന് തീവണ്ടിയിൽ യാത്ര തിരിച്ചിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങളിലും തീരദേശത്തും കാവൽഭടൻമാരായ ഈ മത്സ്യത്തൊഴിലാളികൾ ഇനിയും ജീവൻ കാക്കും.

മേയ് 14 മുതൽ 29 വരെ 26 മത്സ്യത്തൊഴിലാളികൾക്കാണു പരിശീലനം നൽകുക. മലപ്പുറം ജില്ലയിലെ വിവിധ മത്സ്യഗ്രാമങ്ങളിൽ ഉൾപ്പെട്ട രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളാണിവർ. പരിശീലനം പൂർത്തിയായാൽ ഇവരെ കേരളത്തിലെ വിവിധ തീരദേശജില്ലകളിലുള്ള ഫിഷറീസ് സ്റ്റേഷനുകളിൽ റെസ്‌ക്യൂഗാർഡുമാരായി നിയമിക്കാനാകും. കൂടാതെ പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളിൽ ഇവരുടെ സേവനം ഉപയോഗപ്പെടുത്താം. വിദേശത്ത് പവർ ബോട്ട് ഹാൻഡ്‌ലിങ്, റെസ്‌ക്യൂഗാർഡ്‌ എന്നീ തസ്‌തികകളിൽ ജോലിസാധ്യതയുമുണ്ട്.

സംസ്ഥാന ഫിഷറീസ് വകുപ്പാണ് പരിശീലനത്തിനു സൗകര്യമൊരുക്കുന്നത്. കടൽസുരക്ഷാ സ്‌ക്വാഡ് രൂപവത്കരിക്കുന്നതിന്റെ ഭാഗമായി സ്‌ക്രീനിങ് ടെസ്റ്റ് വിജയിച്ച മത്സ്യത്തൊഴിലാളികളായ യുവാക്കൾക്കാണ് പരിശീലനംനൽകുന്നത്. പവർബോട്ട് ഹാൻഡ്‌ലിങ്, റെസ്‌ക്യൂ ട്രെയിനിങ് ആൻഡ് സി.പി.ആർ, മറ്റ് അനുബന്ധ പരിശീലനങ്ങൾ എന്നിവ വിജയകരമായി പൂർത്തീകരിക്കുന്നവർക്കു ലൈസൻസും നൽകും. പരിശീലനകാലം മുഴുവൻ 700 രൂപവീതം സ്റ്റൈപ്പെൻഡും യാത്രച്ചെലവും താമസം, ഭക്ഷണം എന്നിവയും ഫിഷറീസ് വകുപ്പ് നൽകും.

മത്സ്യത്തൊഴിലാളികളെ പരിശീലനത്തിനു കൊണ്ടുപോയത് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സൂരിയാണ്. ജലാശയങ്ങളിലെ അപകടങ്ങളുടെയും പ്രളയങ്ങളുടെയും കടലേറ്റത്തിന്റെയും പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കു നൽകുന്ന രക്ഷാപ്രവർത്തന പരിശീലനം ഏറെ പ്രയോജനമാകുമെന്നാണു പ്രതീക്ഷ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..