: ഒറ്റനോട്ടത്തിൽ അലങ്കാരച്ചെടികളെപ്പോലെ ആകർഷകം. അധികം ഉയരംവെക്കാതെ പടർന്നുവളരുകയാണ് അഞ്ചിനങ്ങളിൽപ്പെട്ട എഴുപതോളം പ്ലാവുകൾ. ഒരുവർഷം മുൻപ് നട്ട ഇവയിൽ പകുതിയും കായ്ച്ചിട്ടുണ്ട്. യു.എ.ഇ.യിലെ ബഹുരാഷ്ട്ര കമ്പനിയിൽ 26 വർഷം ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയ അമ്പത്തിമൂന്നുകാരനായ എം.പി. മോഹനാംഗൻ കൃഷിക്കൊപ്പം കൂട്ടുകൂടുകയായിരുന്നു. 35 സെന്റ് വരുന്ന മൊട്ടപ്പറമ്പിനെ ഒന്നാന്തരം കൃഷിയിടമാക്കി മാറ്റിയ കാഴ്ച കാണണമെങ്കിൽ പാടിക്കുന്നിലെ മൈലാടിയിലെത്തിയാൽ മതി.
ആയുർജാക്ക്, വിയറ്റ്നാം ഏർളി, ജെ 33, ടി 16, ചെമ്പടുക്ക എന്നീ ഇനങ്ങളിൽപ്പെട്ടതാണ് പ്ലാവുകൾ. തമിഴ്നാട്ടിലെ കാർഷിക കോളേജിൽനിന്ന് പ്ലാവുകളെക്കുറിച്ച് പഠിച്ചതിനുശേഷമാണ് കൃഷിയിലേക്ക് തിരിഞ്ഞത്. തൃശ്ശൂർ വേലൂർ കുറുമാൽക്കുന്നിൽ ആയുർ ജാക്ക് ഫാം കർഷകനായ വർഗീസ് തരകനിൽനിന്നാണ് ഇദ്ദേഹം പ്ലാവിൻതൈകൾ ശേഖരിച്ചത്. എഴുപതിൽ 57 ആയുർജാക്കും പത്തെണ്ണം വിയറ്റ്നാം ഏർളിയുമാണ്. ആദ്യമൊക്കെ ലോറിയിൽ വെള്ളമെത്തിച്ചായിരുന്നു നനവ്. പിന്നീട് കുഴൽക്കിണർ കുഴിക്കുകയും വൈദ്യുതിയും വെള്ളവും മൊട്ടക്കുന്നിലെത്തിക്കുകയും ചെയ്തു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറപോലുള്ള പ്രദേശം കിളച്ച് കൃഷിയോഗ്യമാക്കി.
കൃഷിപരിപാലനം
രണ്ടടി വ്യാസത്തിൽ കുഴിയെടുത്ത് ചാണകപ്പൊടി, ആട്ടിൻകാട്ടം, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, സ്യൂഡോമോണസ് എന്നിവയാണ് അടിവളമായി നൽകിയത്. രണ്ടുമാസത്തിലൊരിക്കൽ ഇതേ വളങ്ങൾ കുറഞ്ഞ അളവിൽ നൽകും. പ്ലാവുകളുടെ തടത്തിൽ വൻപയർ, ചെറുപയർ എന്നിവയുടെ വിത്ത് പാകും. ചെടികൾക്ക് കൂടുതൽ നൈട്രജൻ കിട്ടാനാണിത്. എന്നാൽ, വിളയാൻ അനുവദിക്കാതെ പയർച്ചെടികളെ വെട്ടി പുതയിടും. ദിവസവും നനയ്ക്കും. കീടങ്ങളെ തുരത്താൻ ജൈവകീടനാശിനികളും പ്രയോഗിക്കും. അതുലപരി, വലിയ തണ്ടുതുരപ്പൻ വണ്ടുകളെയൊക്കെ പ്രതിരോധിക്കാൻ നിരന്തര നിരീക്ഷണമാണ് വേണ്ടതെന്ന് മോഹനാംഗൻ പറയുന്നു. അധികം ഉയരത്തിൽപ്പോകാതിരിക്കാൻ, പ്ലാവുകളുടെ മുകുളങ്ങൾ അടർത്തിമാറ്റും. പടർന്നുവളരാൻ ഇത് സഹായിക്കും. മികച്ച പരിപാലനം കാരണം എട്ടുമാസകൊണ്ട് പ്ലാവുകൾ കായ്ക്കാൻ തുടങ്ങി.
കൃഷിയിലൂടെ സംരഭം
ഫാം ടൂറിസത്തിന്റെ ചെറുരൂപമായി ‘മോസ് അഗ്രോ ഹബ്ബാ’ണ് ഇവിടെ വികസിപ്പിക്കുന്നത്. ചക്കയുടെ രുചിയറിഞ്ഞ് ഇഷ്ടപ്പെട്ട പ്ലാവിൻതൈകൾ ആവശ്യക്കാർക്ക് നൽകാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇതിനായി നല്ല പ്ലാവിൻതൈകൾ ഗ്രാഫ്റ്റ് ചെയ്യുന്നുണ്ട്. പ്ലാവ് കൂടാതെ, റംബൂട്ടാൻ, പേര, സപ്പോട്ട, മുന്തിരി, വാഴ, കുടംപുളി, നെല്ലി, സൂര്യകാന്തി, പച്ചക്കറി എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.
കൂടാതെ, പ്രകൃതിസൗന്ദര്യം ആസ്വദിച്ച് താമസിക്കാൻ താത്പര്യമുള്ളവർക്കായി രണ്ട് മുറികളും നിർമിച്ചിട്ടുണ്ട്. അമ്മ മൈഥിലിയും ഭാര്യ മഞ്ജുളയും മക്കളായ മിഥുൻ മോഹൻ, രോഹിത്ത് മോഹൻ എന്നിവരും കൃഷിയിൽ പിന്തുണയുമായുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..