Caption
അടിമാലി: മലമുകളിൽനിന്ന് വെള്ളത്തൂവൽപോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. ചീയപ്പാറ. മൂന്നാർ സന്ദർശനത്തിന് വരുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടത്താവളമാണ് ഈ വെള്ളച്ചാട്ടം.
എന്നാൽ, ഒരു വിനോദസഞ്ചാരകേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒന്നും ഇവിടില്ല.
ഏഴ് തട്ടുകൾ
ചെങ്കുത്തായ പാറക്കെട്ടുകൾക്ക് മുകളിൽനിന്നും ഏഴ് തട്ടുകളായി ദേശീയപതയ്ക്ക് അടിയിലൂടെയാണ് വെള്ളച്ചാട്ടം ഒഴുകുന്നത്. ഏഴ് തട്ടുകളും വേർതിരിച്ച് കാണാൻ കഴിയും.
ഇവിടെ കുളിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും സഞ്ചാരികൾക്ക് ഹരമാണ്. നല്ല മഴക്കാലത്ത് വെള്ളം റോഡിൽ തെറിച്ചുവീഴുന്നത് ഭംഗിയുള്ള കാഴ്ചയാണ്.
വെള്ളച്ചാട്ടം വനപ്രദേശത്തായതിനാൽ സഞ്ചാരികൾക്ക് കാട്ടുമൃഗങ്ങളേയും പക്ഷികളേയും കാണുവാൻ കഴിയുന്നുണ്ട്.
വേനലിലും ഒഴുകണം
മഴക്കാലത്ത് പതഞ്ഞൊഴുകുമെങ്കിലും വേനൽ കടുത്താൽ വെള്ളച്ചാട്ടം വറ്റിത്തുടങ്ങും. എല്ലായ്‌പ്പോഴും വെള്ളത്താട്ടം സജീവമായി നിലനിർത്താനുള്ള പദ്ധതിയേക്കുറിച്ച് പഞ്ചായത്തും ജില്ലാ ടൂറിസം കൗൺസിലും ചർച്ചചെയ്യാൻ തുടങ്ങിയിട്ട് നാളേറെയായി.
കുതിരകുത്തി മേഖലയിൽനിന്നുള്ള തോട്ടിൽനിന്നാണ് ചീയപ്പാറയിൽ വെള്ളം എത്തുന്നത്.
മഴക്കാലത്ത് തോടുനിറഞ്ഞ് കവിയുമ്പോൾ ചീയപ്പാറയിൽ വലിയ വെള്ളച്ചാട്ടമാണ്. ഈ തോട്ടിൽ തടയണ നിർമിച്ച് വേനൽകാലത്ത് ചീയപാറയിൽ വെള്ളം എത്തിക്കുകയോ ആവറുകുട്ടി പുഴയിൽനിന്ന് വെള്ളം എത്തിക്കുകയോ ചെയ്താൽ ഇവിടെ 12 മാസവും വെള്ളച്ചാട്ടം ഉണ്ടാവും.
വേണ്ട സൗകര്യങ്ങൾ
വനമേഖലയിലാണ് വെള്ളച്ചാട്ടം. ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ മുൻകൈയെടുക്കേണ്ടത് വനംവകുപ്പാണ്. അതിന് ഇക്കോ ടൂറിസം നടപ്പാക്കണം.
ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്്. വെള്ളച്ചാട്ടം ഭംഗിയായി ആസ്വദിക്കാൻ റോഡിൽനിന്നും താഴേക്ക് റോപ്പ് വേ സംവിധാനം ഒരുക്കണം.
വിദൂരത്തുനിന്ന് വെള്ളച്ചാട്ടം കാണുവാനും, ചിത്രങ്ങൾ പകർത്തുവാനും സഞ്ചാരികൾക്ക് കഴിയും. ഇതിന് ചെറിയ ഫീസ് ഈടാക്കിയാൽ അതൊരു വരുമാനവുമാകും. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് കൂടി സൗകര്യം ഒരുക്കിയാൽ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാകും. വാഹന പാർക്കിങ്ങിനും അടിസ്ഥാന സൗകര്യത്തിനും മുൻതൂക്കം നൽകേണ്ടതുണ്ട്. കാനനഭംഗി സഞ്ചാരികൾക്ക് ആസ്വദിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..