നാലുരാജ്യങ്ങൾ കടന്ന പ്രണയസാഫല്യം; വണ്ണപ്പുറംകാരന് വധുവായി ഇൻഡൊനീഷ്യക്കാരി


1 min read
Read later
Print
Share

വണ്ണപ്പുറം: ഇന്ത്യക്കാരനായ അൻസലിന് വധുവായി ഇൻഡൊനീഷ്യക്കാരി നൂർ പൂജാ റമദാനി. ഇരുവരും രണ്ട് രാജ്യങ്ങളിലെ പൗരന്മാർ. ജോലിചെയ്യുന്നതും സ്വന്തം രാജ്യങ്ങൾക്ക് പുറത്ത്. പ്രതിബന്ധങ്ങൾ നിരവധിയുണ്ടായെങ്കിലും നാലുവർഷം നീണ്ട പ്രണയം ഒടുവിൽ വിവാഹത്തിലെത്തി. കഴിഞ്ഞ 15-നാണ്‌ ഇരുവരുടെയും വിവാഹം ഇൻഡൊനീഷ്യയിലെ ജാവാതിമൂർ പ്രൊവിൻസിൽ മഗെത്താനിൽ നടന്നത്.

വണ്ണപ്പുറം ചക്കാലക്കൽ അൻസൽ കാനഡയിൽ ഒന്റാറിയോ പ്രൊവിൻസിലെ കിങ്സ്റ്റൺ സിറ്റിയിലാണ് കഴിഞ്ഞ നാലുവർഷമായി ജോലിചെയ്യുന്നത്. കാനഡ റോയൽ മിൽക്ക് കമ്പനിയിൽ പ്രോസസ് കൺട്രോൾ വിഭാഗത്തിലാണ് ജോലി. നൂർ പൂജാ റമദാനി ഓസ്ട്രേലിയയിലെ മെൽബണിൽ ഏർളി ചൈൽഡ്ഹുഡ് എജുക്കേഷൻ ആൻഡ് ഫീൽഡ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായി ജോലി ചെയ്യുകയാണ്.

സമൂഹ മാധ്യമത്തിലൂടെയുള്ള ഇരുവരുടെയും പരിചയം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. തമ്മിൽ കണ്ടതും ചുരുങ്ങിയ തവണമാത്രം. വീട്ടുകാർ കാര്യമായ എതിർപ്പുകൾ പ്രകടിപ്പിച്ചില്ല. കൂടാതെ മക്കളുടെ ഇഷ്ടത്തിന് പിന്തുണയും നൽകി. പിന്നീട് ഇരുവരും അതാത് രാജ്യങ്ങളിലെ എംബസികൾ വഴി ആവശ്യമായ രേഖകൾക്ക് അപേക്ഷ നൽകി. കാലതാമസമില്ലാതെ ഇന്ത്യൻ എംബസിയും ഇൻഡൊനീഷ്യൻ സർക്കാരും രേഖകൾ നൽകിയതോടെ വധൂഗൃഹത്തിൽ വിവാഹം നടന്നു.

ഇൻഡൊനീഷ്യൻ പൗരന്മാരായ മിസ്വാന്തോ, കരോലീനാ ദമ്പതിമാരുടെ മകളാണ് നൂർ പൂജാ റമദാനി. അൻസൽ വണ്ണപ്പുറം ചക്കാലയ്ക്കൽ സി.എം.മുസ്തഫയുടെയും ജുമൈല നെസ്സിയുടെയും മകനാണ്. നവവരന്റെയും വധുവിന്റെയും വരവും കാത്തിരിക്കുകയാണ് വണ്ണപ്പുറത്തെ അൻസലിന്റെ മാതാപിതാക്കളും സഹോദരങ്ങളും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..