വീണ്ടുമെത്തി... ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’


1 min read
Read later
Print
Share

കരുനാഗപ്പള്ളി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ തൊണ്ണൂറുവർഷംമുമ്പ് അരങ്ങിൽ ചലനങ്ങൾ സൃഷ്ടിച്ച ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’ നാടകം വീണ്ടും അരങ്ങിലെത്തുകയാണ്.

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള അക്ഷരപ്പുര തിയറ്റേഴ്‌സാണ് കാലാനുസൃതമായ മാറ്റങ്ങളോടെ നാടകം വീണ്ടും അരങ്ങിലെത്തിച്ചത്. 1929 ഡിസംബർ 24-ന് തൃശ്ശൂരിലാണ് വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നാടകം ആദ്യമായി അവതരിപ്പിച്ചത്. അന്ന് നാടകത്തിന്റെ അവതരണത്തോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചത് യോഗക്ഷേമസഭയുടെ അന്നത്തെ പ്രസിഡന്റായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ജന്മനാടായ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച സി.എസ്.സ്മൃതിയുടെ ഭാഗമായാണ്, കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നിറഞ്ഞസദസ്സിൽ നാടകം വീണ്ടും അവതരിപ്പിച്ചത്.

2017-ൽ താലൂക്ക് ലൈബ്രറി കൗൺസിൽ കുടുംബശ്രീയുമായി ചേർന്ന് പെണ്ണകത്തിന്റെ നേതൃത്വത്തിൽ നാടകം അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് അന്നു ലഭിച്ചത്. അതിനുശേഷമാണ് കൂടുതൽ പ്രൊഫഷണലായി നാടകം വീണ്ടും അണിയിച്ചൊരുക്കിയത്. 16 രംഗങ്ങളും 26 കഥാപാത്രങ്ങളുമായി ആറുമണിക്കൂറായിരുന്ന മൂലനാടകം, പത്ത് രംഗങ്ങളും 12 കഥാപാത്രങ്ങളുമായി ഒരുമണിക്കൂർ 40 മിനിറ്റിലേക്ക് ചുരുക്കിയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.

സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക്‌ തള്ളപ്പെടുന്ന സ്ത്രീയുടെ ദൈന്യം വെളിവാക്കുന്ന രംഗത്തോടെ തുടങ്ങുന്ന നാടകം പുതുലോകത്തിന്റെ പ്രഭാതത്തിലേക്ക് ചുവടുവെച്ചിറങ്ങുന്ന പെൺകരുത്തിന്റെ സന്ദേശത്തോടെയാണ് അവസാനിക്കുന്നത്. ഉന്നതവിദ്യാഭ്യാസം തേടി പുറപ്പെടുന്ന നായകൻ മാധവനും അയാളെ പ്രണയിക്കുന്ന ദേവകിയുമാണ് പ്രധാന കഥാപാത്രങ്ങൾ.

സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്ഥാപിച്ച കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആവന്തിക ഗിരീഷ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോനും വടക്കുംതല ശ്രീകുമാറും ചേർന്നാണ് നാടകത്തിന്റെ സ്വതന്ത്ര ആവിഷ്കാരം നിർവഹിച്ചത്. നാടക പ്രവർത്തകൻ മൈനാഗപ്പള്ളി മോഹനാണ് സംവിധാനം.

താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ’അതിജീവനത്തിന്റെ പെൺവായന’ എന്ന പ്രവർത്തനപദ്ധതിയുടെ ഭാഗമായി നവോത്ഥാന നായകരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് നാടകം അരങ്ങിലെത്തിക്കുന്നതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..