പാലത്തിന്റെ ഉദ്ഘാടനം അമല യൂത്ത് വിങ് പ്രസിഡന്റ് സച്ചിൻ വൈപ്പിശ്ശേരിൽ നിർവഹിക്കുന്നു
:ഇരുകരകളെയും കൂട്ടിമുട്ടിക്കാനൊരു പാലം. മുട്ടാർ മുളവനക്കരി, കുഴിയനടി പാടങ്ങൾക്കു സമീപം ഒൻപത്, 11 വാർഡുകളിൽ താമസിക്കുന്നവരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. പഞ്ചായത്ത് ഓഫീസിലേക്കും വില്ലേജ് ഓഫീസിലേക്കും പള്ളിയിലേക്കും അമ്പലത്തിലേക്കുമൊക്കെ പോകാനുള്ള ഒരു എളുപ്പമാർഗം- അതാണു പാലം നിലവിൽവരുന്നതിലൂടെ സാധ്യമാകുന്നത്. ആവശ്യവുമായി പഞ്ചായത്തിലൊക്കെ കയറിയിറങ്ങിയെങ്കിലും ഒന്നും നടന്നില്ല. അങ്ങനെയാണു നാട്ടിലെ ചെറുപ്പക്കാർ പാലംപണി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
തൊട്ടടുത്തുള്ള കൊവേന്തപ്പള്ളിയുടെ യുവജനവിഭാഗത്തിന്റെ ഭാഗമായ അമല യൂത്ത് വിങ് പാലത്തിനായി അരയുംതലയും മുറുക്കി രംഗത്തിറങ്ങി. ചെറുപ്പക്കാരെന്നു പറയുന്നതിനെക്കാൾ കുട്ടികൾ എന്നു പറയുന്നതാവും നല്ലത്. കാരണം സംഘത്തിലുള്ളവർ അധികവും കുട്ടികൾതന്നെ. അവധിക്കാലത്തു കളിച്ചു തിമർക്കുന്നതിനൊപ്പം നാട്ടുകാർക്കു സേവനംകൂടി ചെയ്താലോ എന്ന പ്രേരണ നൽകിയത് പള്ളി വികാരി ഫാ. ജോസി കൊല്ലമ്മാലിൽ ആണ്.
പാലത്തിനായി പണം കണ്ടെത്തുകയായിരുന്നു ആദ്യത്തെ വെല്ലുവിളി. വെൽഡ് ചെയ്ത് പാലം നിർമിക്കാൻ 25,000 രൂപ ബജറ്റിട്ടു. സാമ്പത്തികം കണ്ടെത്താൻ കുട്ടികൾതന്നെ നാട്ടിൽ പിരിവിനിറങ്ങി. അങ്ങനെ 17,000 രൂപ സമാഹരിച്ചു. ബാക്കി പണത്തിന് എന്തു ചെയ്യുമെന്നായി പിന്നീട് ആലോചന. ഫാ. ജോസി തന്നെ അതിനും വഴി പറഞ്ഞുകൊടുത്തു. വീടുകളിൽനിന്നു പത്രക്കടലാസുകൾ ശേഖരിച്ചു വിറ്റും സോപ്പുലായനി ഉണ്ടാക്കി വിറ്റും പണം കണ്ടെത്തുക.
കുട്ടികൾ ആവേശത്തോടെ ഇറങ്ങിയപ്പോൾ പണം നിഷ്‌പ്രയാസം കണ്ടെത്താൻ സാധിച്ചു. വെൽഡിങ് മാത്രമാണു പണം നൽകി ചെയ്തത്.
ഇരുമ്പു പാലത്തിനുവേണ്ട സാമഗ്രികൾ സ്ഥലത്തെത്തിക്കാനും പാലത്തിനു പ്രൈമർ അടിക്കാനുമെല്ലാം കുട്ടികൾ തന്നെ തയ്യാറായെന്നു പാലം പണികൾക്കു നേതൃത്വം വഹിച്ച അമലാ യൂത്തിന്റെ സെക്രട്ടറി ആൻ മരിയ പറഞ്ഞു.
പാലം പണിയെന്നു കേട്ടപ്പോൾ ആദ്യം നെറ്റിചുളിച്ച മുതിർന്നവരെല്ലാം കുട്ടികൾ മുന്നിട്ടിറങ്ങിയപ്പോൾ സഹായവുമായി എത്തിയെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് അലീന പറഞ്ഞു.
കുട്ടികൾ പണിഞ്ഞ പാലം ഉദ്ഘാടനവും കുട്ടികൾതന്നെ മതിയെന്നു തീരുമാനിച്ചു. അങ്ങനെ സംഘടനയുടെ പ്രസിഡന്റ് സച്ചിൻ വൈപ്പുശ്ശേരിൽ നാടമുറിച്ച് പാലം ഉദ്ഘാടനവും നിർവഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..