പാലക്കാട്: പഠിച്ചത് ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങാണെങ്കിലും തമിഴ്, തെലുഗു ചലച്ചിത്രങ്ങളിലെ പുതുതലമുറ ‘വില്ല’നാണ് പുതുശ്ശേരിക്കാരൻ ശ്യാം കൃഷ്ണൻ. ആദ്യമായി വില്ലനായ തമിഴിലെ ‘ദായം’ ശ്രദ്ധിക്കപ്പെട്ടതോടെ ‘ബ്ലാക്കിലെ’ വില്ലൻവേഷം തേടിയെത്തി. പാലക്കാട് പുതുശ്ശേരി പാലപ്പുഴ വീട്ടിൽ ശ്യാം കൃഷ്ണൻ സൂര്യയുടെ സഹോദരൻ കാർത്തിക്കിന്റെയും ശിവകാർത്തികേയന്റെയുമൊക്കെ ചിത്രങ്ങളിൽ വേഷമിട്ടുകഴിഞ്ഞു. ശ്യാം വേഷമിട്ട നാലുചിത്രങ്ങൾ വെള്ളിത്തിരയിലെത്തി. ഒരെണ്ണം ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. മറ്റൊന്ന് ജൂലായിൽ തുടങ്ങും.
തുടക്കം തമിഴിൽ
‘ദായം’ എന്ന തമിഴ് ചലച്ചിത്രത്തിലായിരുന്നു ശ്യാമിന്റെ തുടക്കം, 2017-ൽ. കോളേജ് പഠനകാലത്ത് തുടങ്ങിയ അഭിനയമോഹം മോഡലിങ്ങും കടന്നാണ് വെള്ളിത്തിര തൊട്ടത്. സന്തോഷ് പ്രതാപായിരുന്നു നായകൻ. ശ്യാം വില്ലനും.
2019-ൽ ശിവകാർത്തികേയൻ നായകനായ ‘ഹീറോ’യിൽ അഭിനയിച്ചതോടെ ശ്യാമിന്റെ കാലം തെളിഞ്ഞു. മിത്രനായിരുന്നു സംവിധായകൻ. അടുത്ത ചുവടുവെപ്പ് തെലുഗുവിലേക്കായിരുന്നു. ‘ബ്ലാക്ക്’ എന്ന ചലച്ചിത്രത്തിൽ മുഖ്യവില്ലനായിരുന്നു. ആദി സായികുമാർ നായകനായ ചിത്രം പിന്നീട് ഒ.ടി.ടി.യിൽ റിലീസ് ചെയ്തു. ഇപ്പോൾ ആമസോൺ പ്രൈമിൽ കാണാം.
മലയാളത്തിലും
ഫഹദ് ഫാസിൽ നായകനായ ‘ട്രാൻസ്’ എന്ന ചലച്ചിത്രത്തിലും ശ്യാം വേഷമിട്ടു. എന്നാൽ, ചിത്രത്തിന്റെ സമയദൈർഘ്യം കാരണം കുറേ ഭാഗങ്ങൾ ഒഴിവാക്കിയപ്പോൾ കഥാപാത്രത്തിന്റെ പ്രാധാന്യവും നഷ്ടമായി. വീണ്ടും തമിഴിലേക്ക് മടങ്ങിയ ശ്യാം ‘സർദാർ’ എന്ന കാർത്തിക് ചിത്രത്തിൽ വേഷമിട്ടു. അതും വില്ലൻ വേഷംതന്നെ. മിത്രൻ സംവിധാനംചെയ്ത ചിത്രമായിരുന്നു ഇതും.
തുടർന്ന്, വീണ്ടും ശ്യാം ഹൈദരാബാദിലെത്തി. ചിത്രീകരണം പാതിയായ തെലുഗു ചിത്രത്തിന് പേരിട്ടിട്ടില്ല. നായകനൊപ്പം നിൽക്കുന്ന പ്രാധാന്യമുള്ള വേഷംതന്നെയാണ് ചിത്രത്തിലേതെന്ന് ശ്യാം പറയുന്നു. തപ്‌സി പന്നു നായികയായ തമിഴ് ചിത്രമാണ് അടുത്തത്. ജൂലായിൽ ചിത്രീകരണം തുടങ്ങും.
പാലക്കാട് ടു ചെന്നൈ
പാലക്കാട് ഭാരത് മാതാ സ്‌കൂളിൽ പ്ലസ് ടു വരെ പഠിച്ച ശ്യാം കൃഷ്ണൻ കോയമ്പത്തൂരിൽ ഇലക്‌ട്രിക്കൽ എൻജിനിയറിങ് പഠനത്തിനുശേഷം ജോലിക്കായാണ് ചെന്നൈയിലെത്തിയത്. ജോലിക്കുകയറിയപ്പോഴും വെള്ളിത്തിരമോഹം മനസ്സിൽ മായാതെനിന്നു. ചെന്നൈയിൽ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയിലെ മാർക്കറ്റിങ് ഡയറക്ടറാണ് ശ്യാം ഇപ്പോൾ.
ജോലിയും അഭിനയവും ഒരുപോലെ കൊണ്ടുപോകാൻ തനിക്കാവുന്നുണ്ടെന്ന് ശ്യാം പറയുന്നു. കമ്പനിയിൽനിന്ന് അവധിയെടുത്താണ് ചിത്രീകരണത്തിരക്കുകളിലേക്ക് പോകുന്നത്. ഭാര്യ: ചിത്ര. നാലാം ക്ലാസ് വിദ്യാർഥി ധ്രുവ്, രണ്ടര വയസ്സുകാരൻ ശിവ് എന്നിവർ മക്കളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..