• ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂളിലെ ഗണപത് റാവുവിന്റെ പ്രതിമ
കോഴിക്കോട്
: 1957-ൽ ഗണപത് സ്കൂൾ സർക്കാരിന് സൗജന്യമായി വിട്ടുകൊടുക്കുമ്പോൾ മൂന്ന് വ്യവസ്ഥകളാണ് സർവോത്തം റാവു മുന്നോട്ടുവെച്ചത്. പിതാവിന്റെ ഓർമയ്ക്കായി സ്കൂളിനിട്ട പേരുമാറ്റരുത്, പിതാവിന്റെ ചിത്രമുള്ള കെട്ടിടം പൊളിച്ചുമാറ്റരുത്, അദ്ദേഹത്തിന്റെ ചിതാഭസ്മം അടക്കംചെയ്ത സ്ഥലം സംരക്ഷിക്കണം. ഈ നിബന്ധനകളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെങ്കിലും 137 വർഷത്തിനിപ്പുറം കോഴിക്കോടിന്റെ വിദ്യാഭ്യാസരംഗത്ത് വലിയ സംഭാവനകൾ നൽകിയ ഗണപത് റാവുവിന് നഗരം അർഹമായ അംഗീകാരം നൽകിയിട്ടില്ലെന്നതാണ് നേര്.
പത്തൊമ്പതാംനൂറ്റാണ്ടിൽ കേരളമൊട്ടുക്ക് ജാതിവിവേചനവും ഉച്ചനീചത്വവും കൊടികുത്തിവാണ കാലത്താണ് 1886-ൽ സാമൂതിരി ഹൈസ്കൂൾ ഗണിതശാസ്ത്ര അധ്യാപകജോലി രാജിവെച്ച് സ്വന്തംവീട്ടുമുറ്റത്ത് ഗണപത് റാവു നേറ്റീവ് സ്കൂൾ തുടങ്ങിയത്. ജാതീയമായ വേർതിരിവുകാരണം അറിവുനിഷേധിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
സാമ്പത്തികപരാധീനതയും യാഥാസ്ഥിതികരുടെ എതിർപ്പുമല്ലാം നേരിട്ടാണ് ഗൗഡസാരസ്വത ബ്രാഹ്മണനായ ഗണപത് റാവു വിദ്യാലയത്തെ വളർത്തിയെടുത്തത്. മലബാറിലെ ദേശീയപ്രസ്ഥാനങ്ങളുടെ കേന്ദ്രമായിമാറിയ നേറ്റീവ് സ്കൂൾ വളരെവേഗം ഹൈസ്കൂളായി ഉയർന്നു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററും മാനേജരും ഗണപത് റാവു തന്നെയായിരുന്നു.
പിൽക്കാലത്ത് സന്ന്യാസം സ്വീകരിച്ച അദ്ദേഹം സ്വാമി സുവിചരാനന്ദ എന്നപേരിൽ ആധ്യാത്മികപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ നേറ്റീവ് സ്കൂളിന്റെ ചുമതല മകൻ സർവോത്തം റാവുവിന് കൈമാറി. പിതാവിന്റെ സ്മരണാർഥം 1928-ൽ സർവോത്തം റാവു നേറ്റീവ് ഹൈസ്കൂളിന്റെ പേര് ഗണപത് ഹൈസ്കൂൾ എന്നാക്കി. 1932-ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു.
സർവോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മലബാർ എജ്യുക്കേഷൻ സൊസൈറ്റി കല്ലായിയിലും ഫറോക്കിലും ഗണപത് സ്കൂളുകൾ തുടങ്ങി. പിന്നീട് വയനാട്ടിലെ സർവജന ഹൈസ്കൂൾ, താനൂരിലെ ദേവ്ധർ ഹൈസ്കൂൾ എന്നിവ സൊസൈറ്റി ഏറ്റെടുത്തു.
1957-ൽ സർവോത്തം റാവു മലബാർ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള എല്ലാ സ്കൂളുകളും സൗജന്യമായി സർക്കാരിന് വിട്ടുകൊടുകൊടുത്ത് അപൂർവമാതൃക തീർത്തു.
1961-ൽ ഗണപത് ഗേൾസ് ഹൈസ്കൂൾ ചാലപ്പുറത്തുതന്നെ മറ്റൊരിടത്തേക്ക് പ്രവർത്തനംമാറ്റി. ബോയ്സ് ഹൈസ്കൂളിൽ 2018-ൽ അന്ന് എം.പി.യായിരുന്ന എം.പി. വീരേന്ദ്രകുമാർ അനാച്ഛാദനംചെയ്ത പ്രതിമയാണ് ഗണപത് റാവുവിന് ആകെയുള്ള സ്മാരകം. അത്തോളി സ്വദേശി ഷിജിഷ് കൊതങ്ങാടാണ് ശില്പമൊരുക്കിയത്. അദ്ദേഹത്തിന് അർഹമായ സ്മരണാഞ്ജലിയേകാൻ കോഴിക്കോട് ഇനിയും തയ്യാറാകേണ്ടിയിരിക്കുന്നു.
ജീവചരിത്രം തയ്യാറാക്കുന്നു
ഗണപത് ഹൈസ്കൂളിലെ പൂർവവിദ്യാർഥിയും പ്രവാസിയുമായ സോമസുന്ദരം മുൻകൈയെടുത്ത് ഗണപത് റാവുവിന്റെ ജീവചരിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. ഗണപത് റാവുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഓർമകളും അറിയാവുന്നവർ പങ്കുവെച്ചാലേ ഈ ശ്രമം വിജയിക്കൂ. വിവരങ്ങൾ പൂർവവിദ്യാർഥിക്കൂട്ടായ്മയായ ഗണപത് മേറ്റ്‌സ് സെക്രട്ടറി സജീവൻ (9447064455), മുൻ ഹെഡ്മാസ്റ്റർ ബി.കെ. ഗോകുൽദാസ് (9446047308) എന്നിവർക്ക് കൈമാറാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..