അവാർഡിലേക്കൊരു കർഷക പരീക്ഷണം


2 min read
Read later
Print
Share

വിത്തും കൈക്കോട്ടും

ശ്രീകണ്ഠപുരം: അഞ്ചുപൈസ ചെലവില്ലാതെ കശുമാവ് കൃഷിയിൽനിന്ന് അഞ്ചിരട്ടി ലാഭമുണ്ടാക്കാനാകുമോ? പറ്റുമെന്നാണ് പയ്യാവൂർ കാലിക്കണ്ടിയിലെ ആനിയമ്മയും ഭർത്താവ് ബേബി വാഴക്കാമലയും പറയുന്നത്. ഇതിനായി ഇവർ കണ്ടെത്തിയ നാടൻ പരിഹാരത്തിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു. കഴിഞ്ഞമാസം കാർഷികമേഖലയിലെ നൂതന ആശയങ്ങൾക്ക് നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ അവാർഡ് രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി. വേരുപടർത്തൽ രീതിയിലൂടെ മാതൃചെടിയിൽനിന്ന് കൂടുതൽ ആരോഗ്യമുള്ള പുതുചെടിയുണ്ടാക്കുന്ന വിദ്യയാണ് ആനിയമ്മയും ഭർത്താവ് ബേബിയും പരീക്ഷിച്ച് വിജയിപ്പിച്ചത്.

കശുമാവിന്റെ മണ്ണിന്‌ സമാന്തരമായി നിൽക്കുന്ന കൊമ്പുകളെ കല്ലുകൾ ഉപയോഗിച്ച് ആദ്യം മണ്ണിനോട് ചേർത്തുനിർത്തും. ശേഷം മണ്ണും ജൈവവളവുംകൊണ്ട് പൊതിഞ്ഞുവെച്ച് പുതിയ വേരുകൾ മുളപ്പിക്കുന്ന ലളിതമായ നാടൻ രീതിയാണിത്. ഒരു മാതൃചെടിയിൽ നിന്ന് ഇത്തരത്തിൽ ഇരുപതോളം പുതിയ ചെടികൾവരെ ഈ ദമ്പതിമാർ ഉണ്ടാക്കിയിട്ടുണ്ട്.

ഇതുവഴി തുടർച്ചയായ കാറ്റും പുഴുക്കളുടെ ആക്രമണവും കാരണം കശുവണ്ടി വിളവ് വൻതോതിൽ കുറയുന്നത്‌ തടയാൻ സാധിച്ചുവെന്ന് ഇവർ പറയുന്നു. പുഴുശല്യം മൂലമോ മറ്റോ മാതൃചെടി നശിച്ചാലും പുതിയ ചെടികളിൽനിന്ന് വിളവ് ലഭിച്ചുകൊണ്ടിരിക്കും. താഴെ പടർന്നുകിടക്കുന്ന ചെടികൾക്കിടയിലൂടെ കശുവണ്ടി ശേഖരിക്കാനുള്ള പ്രയാസമൊഴിച്ചാൽ ഒരു കശുമാവിൽനിന്ന് ലഭിക്കുന്നതിനേക്കാൾ അഞ്ചിരട്ടി വിളവ് ഈ രീതിവഴി ലഭിക്കും.

കേരള കാർഷിക സർവകലാശാലയും കർണാടകത്തിലെ ഐ.സി.എ.ആറും ഈ രീതി പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ട്. bb

തുടക്കം bb

കശുവണ്ടിത്തോട്ടത്തിൽ കണ്ട കാര്യം പരീക്ഷിച്ചാണ് ആനിയമ്മ ചെടിയുടെ പ്രതിരോധശേഷിയും വിളവും കൂട്ടിയത്. ഒരു കശുമാവിന്റെ കൊമ്പ് മണ്ണിൽ മുട്ടി അതിൽനിന്ന് വേരുകൾ പടർന്നിരുന്നു. ഈ ഭാഗം സാധാരണയിലും വേഗം വളരുന്നതായും ഇവർ മനസ്സിലാക്കി. അടുത്തവർഷം പുഴുശല്യംകാരണം മാതൃചെടി നശിച്ചെങ്കിലും വേരുപടർന്നുണ്ടായ പുതിയ കൊമ്പിന്റെ ഭാഗം ആരോഗ്യത്തോടെ നിന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിനു സമാന്തരമായി നിൽക്കുന്ന കൊമ്പുകളിൽ ചാണകവും മണ്ണും ചാക്കുകൊണ്ട്‌ പൊതിഞ്ഞുവെച്ച് വേരുകൾ പാളവഴി മണ്ണിലെത്തിച്ച് മാതൃചെടിയിൽനിന്ന് പുതിയ ചെടികൾ ആനിയമ്മ വികസിപ്പിച്ചു. കഴിഞ്ഞ 18 വർഷമായി ഈ നാടൻരീതിയിലൂടെയാണ് ഇവരുടെ കശുമാവ് കൃഷിയിലെ വിജയയാത്ര.

bb

വൈകി വന്ന അംഗീകാരം

bb

ഞങ്ങളുടെ 20 വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ചതാണ് ഇപ്പോഴത്തെ അംഗീകാരം. ആളുകൾ അറിയാനും അംഗീകരിക്കാനും അല്പം വൈകിയെന്നു മാത്രം. ഈ വിദ്യ എല്ലാ കർഷകരെയും പഠിപ്പിക്കാൻ തയ്യാറാണ്. കശുവണ്ടി കൃഷിയിലൂടെ എല്ലാവരും ലാഭം നേടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം -ബേബിയും ആനിയമ്മയും പറഞ്ഞു.

കശുവണ്ടി ശേഖരിക്കുന്നതിന്റെ എളുപ്പത്തിനായി എല്ലാവരും കശുമാവിന്റെ താഴെയുള്ള ശിഖരങ്ങൾ വെട്ടിമാറ്റാറുണ്ട്‌. ഇത് വിളവ് കുറയ്ക്കും. ഒരു കർഷകന് തന്റെ കശുമാവിനുപകരം പുതിയൊന്ന് വെച്ചുപിടിപ്പിക്കൽ എളുപ്പമല്ല. എന്നാൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകന് പഴയ മരങ്ങളിൽനിന്ന് പുതിയ മരങ്ങൾ ഒരുക്കാനാകും. ശക്തമായ കാറ്റിൽ മരം കടപുഴകാതിരിക്കുകയും ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..