ഫ്രാൻസിസ് പൈലി
വെണ്മണി (ഇടുക്കി): 16/21. ഇത് ഫ്രാൻസിസിന്റെ വീട്ടുനമ്പരായിരുന്നു. എന്നോ അത് മറ്റൊരാൾക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് മറിച്ചുകൊടുത്തു. അന്ന് തുടങ്ങിയ പോരാട്ടമാണ്. ഒടുവിൽ തന്റെ വീട്ടുനമ്പർ ഫ്രാൻസിസിന് തിരികെ കിട്ടി. മൂന്ന് വർഷത്തിനുശേഷം വീടിന്റെ കരമടയ്ക്കാനും കഴിഞ്ഞു.
വെൺമണി ബ്ലാത്തിക്കവലയിലാണ് കൂനംപറമ്പിൽ ഫ്രാൻസിസ് പൈലിയുടെ വീട്. കുടുംബവിഹിതമായി കിട്ടിയ മൂന്ന് ഏക്കർ ഭൂമിയിൽ 2008-ലാണ് ഫ്രാൻസിസ് ഒരു കുടിൽ കെട്ടുന്നത്. പഞ്ചായത്ത് കുടിലിന് വീട്ടുനമ്പർ നൽകി. കഞ്ഞിക്കുഴി പഞ്ചായത്തിലെ
13/17 ആയിരുന്നു നമ്പർ. പിന്നീട് രണ്ടുവട്ടം വാർഡ് വിഭജനം ഉണ്ടായി. ഇതോടെ ഫ്രാൻസിസിന്റെ വീട്ടുനമ്പർ രണ്ട് വട്ടം മാറി. 16-ാം വാർഡിലെ 21-ാം നമ്പരാണ് അവസാനം ലഭിച്ചത്. അധികൃതർ ഈ നമ്പർ വീട്ടിൽ തറയ്ക്കുകയുംചെയ്തു. റേഷൻകാർഡും വൈദ്യുതി കണക്ഷനും കിട്ടുന്നതിനുള്ള ഉടമസ്ഥതാ സർട്ടിഫിക്കറ്റും ഈ നമ്പരിൽ കിട്ടി. കുടിലായതിനാൽ പഞ്ചായത്ത് കരം ചുമത്തിയിരുന്നില്ല.
പിന്നീട് ഈ സ്ഥലത്ത് 1200 സ്‌ക്വയർഫീറ്റിൽ ഒരു വീട് പണിതു. ഇതിന്റെ കരമടയ്ക്കാൻ ചെന്നപ്പോൾ മുതലാണ് പ്രശ്‌നം തുടങ്ങുന്നത്. പഞ്ചായത്ത് കരം സ്വീകരിക്കാൻ തയ്യാറായില്ല. അന്വേഷിച്ചപ്പോൾ ഈ വീട്ടുനമ്പർ മറ്റൊരാളുടെ പേരിലാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. അതിനാൽ ആ നമ്പരിൽ കരമെടുത്തില്ല. പകരം മറ്റൊരു വീട്ടുനമ്പർ നൽകാമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
എന്നാൽ, ഫ്രാൻസിസ് അത് സമ്മതിച്ചില്ല. റേഷൻകാർഡ് ഉൾപ്പെടെ എല്ലാ രേഖകളിലുമുള്ള വീട്ടുനമ്പർ തനിക്ക് തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ മന്ത്രിക്കുൾപ്പെടെ പരാതിനൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. വീട്ടുനമ്പർ തിരികെ കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഈ അറുപത്തിരണ്ടുകാരൻ തീരുമാനിച്ചു. പ്രശ്നത്തിൽ അവസാനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇടപെട്ടു. ഇദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ വിശദമായ അന്വേഷണറിപ്പോർട്ട് നൽകി തുടർന്ന് പഴയ നമ്പർ പുനഃസ്ഥാപിച്ച് ഉത്തരവാകുകയായിരുന്നു.
ഫ്രാൻസിസിന്റെ പോരാട്ടത്തെക്കുറിച്ചും അധികൃതരുടെ അവഗണനയെക്കുറിച്ചും മാതൃഭൂമി രണ്ടുവട്ടം വാർത്ത നൽകിയിരുന്നു.
.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..