വീരേന്ദ്രകുമാർ സലാം തന്നു; അങ്ങനെ ഞാനും ഒരു എഴുത്തുകാരനായി


2 min read
Read later
Print
Share

ഇന്ന് എം.പി. വീരേന്ദ്രകുമാറിന്റെ മൂന്നാംചരമ വാർഷികം

MP Veerendra Kumar

ആലപ്പുഴ: ‘വീരേന്ദ്രകുമാർ സാർ കാരണം ഞാനും ഒരു എഴുത്തുകാരനായി, അതും 70-ാം വയസ്സിൽ.’ മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ മൂന്നാം ചരമവാർഷിക ദിനത്തിന്റെ തലേന്ന് ഇതു പറയുമ്പോൾ ആലപ്പുഴ എ.എൻ. പുരം സർവത്സത്തിൽ ജെ. ശ്രീധര നായ്‌ക്കന്റെ കണ്ണുകളിൽ വീരേന്ദ്രകുമാറിനോടുള്ള ആദരത്തിന്റെയും സ്നേഹത്തിന്റെയും മിന്നലാട്ടം.

വർഷങ്ങൾക്കുമുൻപുള്ള ആ സംഭവം റിട്ട. സ്കൂൾ അധ്യാപകനായ ശ്രീധരനായ്‌ക്കന്റെ വാക്കുകളിൽ- ‘പ്രത്യേകതകളും കൗതുകവും നിറഞ്ഞ ഇംഗ്ളീഷ് വാക്കുകൾ ശേഖരിക്കുന്നത് എന്റെ ശീലമായിരുന്നു. accommodate, attendance, elephant, phenomenon എന്നീ വാക്കുകളിലെ date, dance, ant, menon തുടങ്ങിയവ ഉദാഹരണം. പുതുതായി കിട്ടുന്ന ഇത്തരം വാക്കുകൾ ബസ് ടിക്കറ്റിലും തുണ്ടുകടലാസിലുമെല്ലാം കുറിച്ചിട്ടു. ഇംഗ്ലീഷ് പത്രം വായിക്കുമ്പോൾ കണ്ടെത്തുന്ന പ്രത്യേകതയുള്ള വാക്കുകളും ഒരു കണക്കുപുസ്തകത്തിൽ എഴുതിയിട്ടു. A യിൽ തുടങ്ങി A യിൽ അവസാനിക്കുന്ന agenda, ab-യിൽ അവസാനിക്കുന്ന crab തുടങ്ങിയവ ഉദാഹരണം. അത്തരം വാക്കുകളുടെ ശേഖരം 15,000 കവിഞ്ഞു. ഇവ പ്രിന്റ് എടുത്തുവെച്ചു.

ഈ സന്ദർഭത്തിലാണു മാതൃഭൂമി ആലപ്പുഴ യൂണിറ്റിലെ ബുക്ക് സ്റ്റാൾ ഉദ്ഘാടനം ചെയ്യാൻ എം.പി. വീരേന്ദ്രകുമാർ എത്തിയത്. 2014 സെപ്റ്റംബർ നാലിനായിരുന്നു അത്. എന്റെ കുത്തിക്കുറിക്കലുകൾ പ്രസിദ്ധപ്പെടുത്തണമെന്ന ആഗ്രഹവുമായി അദ്ദേഹത്തെ കാണാൻ തീരുമാനിച്ചു. പ്രിന്റ് അടങ്ങിയ കവറുമായി മാതൃഭൂമി ഓഫീസിലെത്തി. വീരേന്ദ്രകുമാർ ഓഫീസിന്റെ തെക്കേ ഗേറ്റിനടുത്തായി കസേരയിലിരിക്കുന്നു. അദ്ദേഹം കാണത്തക്കവിധം കുറച്ചകലെ ഭയഭക്തി ബഹുമാനങ്ങളോടെ നിന്നു. നേരേചെന്ന് സംസാരിക്കാൻ മടിയായിരുന്നു.

കുറച്ചുനേരം നിന്നപ്പോൾ അദ്ദേഹം ഒരു സലാം തന്നു. സന്തോഷത്തോടെ അദ്ദേഹത്തെ സമീപിച്ച് കടലാസു കെട്ടുകൾ കാണിച്ചു. അദ്ദേഹം അതുമുഴുവൻ ശ്രദ്ധയോടെ നോക്കി. ഇതു പുതിയ രീതിയിലുള്ള നിഘണ്ടു മാതൃകയിൽ മാതൃഭൂമി ബുക്ക്‌സിലൂടെ പ്രസിദ്ധീകരിക്കുകയെന്ന എന്റെ ആഗ്രഹം അദ്ദേഹത്തോടു പറഞ്ഞു. ഇതു പൂർത്തീകരിക്കൂ എന്നു പറഞ്ഞ് കടലാസുകെട്ട് തിച്ചേൽപ്പിച്ചു. ബുക്ക് സ്റ്റാൾ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ ‘നമുക്ക് അത് ആലോചിക്കാം’ എന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ Fun with English എന്ന പുതിയൊരു ആശയവും ഞാൻ തയ്യാറാക്കിയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മാതൃഭൂമിയുടെ GK & Current Affairs-ന്റെ പത്രാധിപരിൽനിന്ന് ഫോൺ വന്നു. എന്റെ Fun with English അതിൽ പ്രസിദ്ധീകരിക്കട്ടേയെന്നായിരുന്നു ചോദ്യം. 2015 ജൂൺ മുതൽ അതു ഖണ്ഡശഃ പ്രസിദ്ധീകരിച്ചുതുടങ്ങി. എന്റെയൊരു സൃഷ്ടി ആദ്യമായി അച്ചടിമഷി പുരണ്ടു. അങ്ങനെയാണ് 70-ാം വയസ്സിൽ ഞാൻ എഴുത്തുകാരനായത്. ആദ്യം അരപ്പേജായിരുന്നത് മുഴുപ്പേജും പിന്നെ കാർട്ടൂണോടുകൂടി രണ്ടു പേജുമായി. ഇതിനിടെ മാതൃഭൂമി പത്രത്തിലെ വിദ്യയിലും എഴുതാൻ തുടങ്ങി.

പിന്നെ മറ്റു പ്രസിദ്ധീകരണങ്ങളിലും പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഇതെല്ലാം സാധ്യമാക്കിയതു വീരേന്ദ്രകുമാറാണ്, അദ്ദേഹം നൽകിയ ആ സലാമാണ്, ഇതു പൂർത്തിയാക്കൂ എന്ന നിർദേശമാണ്, നമുക്കത് ആലോചിക്കാമെന്ന വാഗ്‌ദാനമാണ്. ആ സ്മരണകൾക്കു മുന്നിൽ തൊഴുകൈകളോടെ തലകുനിക്കുന്നു-ശ്രീധര നായ്‌ക്കൻ പറഞ്ഞുനിർത്തി.

നൈനിറ്റാളിലെ സ്വകാര്യസ്കൂളിൽ ഇംഗ്ളീഷ് അധ്യാപകനായിരുന്ന ഇദ്ദേഹം 77-ാം വയസ്സിലും വായനയും എഴുത്തുമായി സജീവമാണ്. ഭാര്യ പി. വിമല(ഗവ. ടി.ഡി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് അസിസ്റ്റന്റ്). മക്കൾ: മുകേഷ് (യു.ഡി. ക്ളാർക്ക്, ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസ്), രാജേഷ്(കാഷ്യർ, ഇന്ത്യൻ ബാങ്ക്, മുല്ലയ്ക്കൽ ശാഖ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..