സർക്കസിനൊപ്പം 63 വർഷങ്ങൾ


1 min read
Read later
Print
Share

ലക്ഷ്മണൻ സർക്കസ് കൂടാരത്തിൽ

കൊച്ചി: തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങൾ, ആർത്തിരമ്പുന്ന ഗാലറി... വരാപ്പുഴ-പറവൂർ റോഡിലെ ചെറിയപ്പിള്ളി മൈതാനത്ത് ജെമിനി സർക്കസ് കൂടാരത്തിൽ ഇരിക്കെ പല കാലങ്ങളും കരഘോഷവും ലക്ഷ്മണന്റെ മനസ്സിൽ വന്ന് മുട്ടിവിളിക്കുന്നു. ഫ്ലയിങ് ട്രപ്പീസ്, ഹെറിസോണ്ടൽ ബാർ എന്നിങ്ങനെ പലതിലും താരമായിരുന്ന ലക്ഷ്മണന് പ്രായം 75 ആണ്. 63 വർഷമായി സർക്കസിൽ വന്നിട്ട്.

12 ആനകൾ, 25 കുതിരകൾ, ഒട്ടകം, സിംഹം, പുലി... അന്ന് സർക്കസ് കൂടാരങ്ങൾ ഒരു സ്വപ്നലോകമായിരുന്നു. ഇന്ന് സർക്കസിൽ മൃഗങ്ങളില്ല. പകരം യന്ത്രസഹായത്തോടെ ചലിക്കുന്ന വലിയ മൃഗങ്ങളുടെ രൂപങ്ങൾ കുട്ടികളെ ആകർഷിക്കുന്നു. ആ പ്രായത്തിലാണ് സർക്കസിലേക്ക് ലക്ഷ്മണനും വന്നത്. പന്ത്രണ്ടാം വയസ്സിലാണ് തലശ്ശേരി എരഞ്ഞോളി കാവുംഭാഗം ചക്യാത്ത് തറവാട്ടിലെ ലക്ഷ്മണന് സർക്കസിൽ കമ്പം കയറിയത്.

നാട്ടിലെത്തിയ കമല സർക്കസിലെ അഭ്യാസികളുടെ പ്രകടനം കണ്ടതിന്റെ ഹരത്തിലായിരുന്നു കുട്ടിയായിരുന്ന ലക്ഷ്മണൻ. നാട്ടുകാരനായിരുന്ന ഇന്ത്യൻ സർക്കസിലെ കുലപതി ജെമിനി ശങ്കരനെ നേരിൽ ചെന്നു കണ്ടു. അന്നു മുതൽ അദ്ദേഹത്തോടൊപ്പം മരിക്കും വരെ ഒപ്പം തുടർന്നു.

‘‘അന്ന് ഞങ്ങൾ പതിമൂന്നു പേരെ ശങ്കരേട്ടൻ കാറിൽ കൊണ്ടുപോയി. ഇംഗ്ലണ്ടിലെ രാജാവ് സമ്മാനമായി നൽകിയ വ്യൂക്ക് കാറിലായിരുന്നു യാത്ര. തലശ്ശേരി പണ്ടേ സർക്കസുകാരുടെ സ്ഥലമായിരുന്നല്ലോ. ഇന്ത്യയിലെല്ലായിടത്തും സർക്കസുമായി പോയി. കുവൈത്ത്, മലേഷ്യ, ബ്രൂണെ... തുടങ്ങി വിദേശത്തും കറങ്ങി. അന്നൊക്കെ ഉത്സവം പോലെയാണ് സർക്കസ്. സ്പെഷ്യൽ ട്രെയിനുകളിലാണ് പുതിയ സ്ഥലത്തേക്ക് പോകുന്നത്. നെഹ്റു, സർവ്വേപ്പള്ളി രാധാകൃഷ്ണൻ, രാജേന്ദ്രപ്രസാദ്, വി.കെ. കൃഷ്ണമേനോൻ, ഇന്ദിരാഗാന്ധി, എ.കെ.ജി., മൊറാർജി ദേശായി... പലരും സർക്കസ് ആസ്വദിക്കാനെത്തും” - ലക്ഷ്മണൻ ഓർത്തെടുത്തു.

ലക്ഷ്മണന്റെ ജീവിതം മുഴുവൻ സർക്കസാണ്. സർക്കസ് റിങ്ങിൽ നിന്നുതന്നെയാണ് ലക്ഷ്മണൻ ജീവിതസഖിയെ കണ്ടെത്തിയതും. തലശ്ശേരിക്കാരി കമല ട്രപ്പീസ് കളിക്കാരിയായിരുന്നു. രണ്ടു മക്കൾ, നിഷാന്തും നിഷാലും.

“ഇന്ന് സർക്കസ് കാണാൻ നഗരങ്ങളിൽ പഴയ തിരക്കില്ല. പക്ഷേ, ഗ്രാമങ്ങളിൽ സർക്കസിന്റെ വരവ് ഉത്സവമാണ് ഇന്നും” - ലക്ഷ്മണൻ പറഞ്ഞുനിർത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..