• കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പ് തറവാട്ടുമുറ്റത്തെ തമ്പകമരചുവട്ടിൽ കെ.സി. ഡൊമിനിക്
കാഞ്ഞിരപ്പള്ളി: വീട്ടുവളപ്പിൽ വളർന്ന് ആകാശത്തേക്ക് ചില്ലകളുയർത്തി രണ്ട് കൂറ്റൻമരങ്ങൾ. നാലാൾ ചേർത്തു പിടിച്ചാൽ എത്തില്ല മരത്തിന്റെ വണ്ണത്തിനൊപ്പം. കാഞ്ഞിരപ്പള്ളി ടി.ബി. റോഡിൽ കരിപ്പാപറമ്പിൽ കെ.സി. ഡൊമിനികിന്റെ (ബാബു) വീട്ടുമുറ്റത്താണ് 95 വർഷം പ്രായമായ രണ്ട് തമ്പകമരങ്ങൾ തലയുയർത്തി നിൽക്കുന്നത്.
കൊല്ലവർഷം 1103-ൽ കരിപ്പാപ്പറമ്പ് തറവാട്ട് മുറ്റത്ത് കെ.സി. ഡൊമിനികിന്റെ മുത്തച്ഛൻ ഡൊമിനിക് തൊമ്മനാണ് നിലമ്പൂരിൽനിന്ന് തമ്പകത്തൈ എത്തിച്ചത്. സ്വാതന്ത്ര്യലബ്ദിക്ക് മുൻപ് എം.എൽ.സി. ആയിരുന്ന ഡൊമിനിക് തമ്പകമരത്തിന്റെ പ്രാധാന്യം അറിയാവുന്നതിനാൽ ആ കാലത്തുതന്നെ ചുറ്റും തറ കെട്ടി സംരക്ഷണം ഒരുക്കി. 1946-ൽ ഡൊമിനിക് തൊമ്മൻ മരിച്ചു. മുത്തച്ഛൻ നട്ടുവളത്തിയ മരം നിധിപോലെ കാത്തു സൂക്ഷിക്കുകയാണ് കൊച്ചുമകൻ ഡൊമിനികും. 600 ഇഞ്ച് വീതമാണ് രണ്ടിനും വ്യാസം.
ആറുവർഷം മുൻപ് ഒരുമരത്തിന് ഇടിമിന്നലേറ്റിരുന്നു. വൃക്ഷവൈദ്യനായ കെ. ബിനുവിന്റെ സഹായത്തോടെ ചികിത്സ നൽകി പരിചരിച്ചു. വീടിനോട് ചേർന്ന് നിന്നിട്ടും ഇതുവരെ ഒരു കമ്പുപോലും വീണ് ശല്യമായിട്ടില്ലെന്ന് ഡൊമിനിക് പറയുന്നു. ഇത് മറിഞ്ഞു വീഴുന്ന കാറ്റ് വീശിയാൽ കാഞ്ഞിരപ്പള്ളിതന്നെ ഉണ്ടാകില്ല, പിന്നെ എന്തിന് പേടിക്കണമെന്ന് ഡൊമിനിക്.
തമ്പകത്തിന് 20 ലക്ഷം രൂപ വരെ പറഞ്ഞിട്ടും വിൽക്കാൻ തയ്യാറായില്ലെന്ന് ഡൊമിനിക് പറയുന്നു. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തമ്പകം പൂക്കുന്ന കാലം. കായ്കൾ പറന്നുവീണ് തൊട്ട് അടുത്ത തൊടികളിലും മരം വളർന്നുനിൽപ്പുണ്ട്. തമ്പകത്തിന്റെ തൈ തേടി ഒട്ടേറെപ്പേർ എത്താറുണ്ട്.
മരത്തെ ആദരിക്കും
തമ്പകത്തെ വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി ജൂൺ രണ്ടിന് ആദരിക്കും. കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരി തെളിക്കും. ചടങ്ങിൽ നൂറ്തൈകൾ സൗജന്യമായി വിതരണംചെയ്യും. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബിനു, കോ ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ എന്നിവർ നേതൃത്വംനൽകും.
ഇരുമ്പൻ മരം
രാജകീയ മരങ്ങളുടെ ഗണത്തിൽപ്പെടുന്ന തമ്പകം മരം കമ്പകം എന്നും അറിയപ്പെടുന്നതായി വൃക്ഷവൈദ്യൻ കെ. ബിനു പറഞ്ഞു. പുനലൂർ തൂക്കുപാലം പണിതത് കമ്പകത്തടി ഉപയോഗിച്ചാണ്. തടിയുടെ ബലംകൊണ്ട് ഇരുമ്പൻമരം എന്നും ചിതലരിക്കാത്ത മരമെന്നും അറിയപ്പെടുന്നു. ഹോപ്പിയ പാർവിഫ്ളോറ എന്നാണ് ശാസ്ത്രനാമം. അയൺ വുഡ് ഓഫ് മലബാർ എന്നാണ് ഇംഗ്ലീഷ് നാമം. ബ്രിട്ടീഷുകാർ റെയിൽവേ പാളം നിർമാണം, ഡാം നിർമാണം, തൂക്കുപാലം എന്നിവ നിർമിക്കുന്നതിന് തമ്പകം ഉപയോഗിച്ചിരുന്നു. വേനൽകാലത്തും ഇലപൊഴിച്ചിൽ കുറവായതിനാൽ അർധനിത്യ ഹരിതമരം എന്നും അറിയപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..