• നൈന
കോട്ടയം : കൊച്ചുക്ലാസുകളിൽ പഠിക്കാൻ സ്കൂളിൽ പോയില്ല. ഒൻപതിലാണ് ആദ്യമായി വിദ്യാലയത്തിൽ എത്തിയത്. പത്തിൽ, എന്നിട്ടും മികച്ചജയം. ഇത് നൈന എന്ന കുട്ടിയുടെ വേറിട്ട കഥ.
നൈനയുടെ വിജയം ചില പഴഞ്ചൊല്ലകൾപോലും മാറ്റി എഴുതും. അച്ഛൻ പ്രകൃതികൃഷി പ്രചാരകൻ കെ.എം. ഹിലാൽ. അമ്മ ജൈവ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന ബിജി. കതിരിൽ വളംവെച്ചിട്ടു കാര്യമില്ലെന്ന് കൃഷിയിലും പൊതുകാര്യങ്ങളിലും പറയാറുണ്ട്. പക്ഷേ നൈന അതിൽ കാര്യമില്ലെന്ന് തെളിയിച്ചു.
ജീവിതത്തിൽ ആദ്യമായി നൈന വിദ്യാലയത്തിൽ ചേർന്ന ഒൻപതിൽ കോവിഡ് കാരണം കാര്യമായി സ്കൂളനുഭവം ഉണ്ടായില്ല. പത്താം ക്ലാസിലാണ് പൂർണമായി സ്കൂളിൽ പോയത്. ഫലംവന്നപ്പോൾ എട്ട് എപ്ലസ്. എ, ബി ഗ്രേഡ് എന്നിവ ഒരോന്നിന് വീതവും. അമ്മയും അച്ഛനും പ്രകൃതിജീവനം. കൃഷിയുടെ തിരക്കിൽപ്പെട്ടപ്പോൾ നൈനയും നാല് സഹോദരങ്ങളും സ്കൂളിന്റെ പടി കണ്ടില്ല. പകരം ഇന്ത്യയിലെ കൃഷിയിടങ്ങൾ കണ്ടു. പ്രകൃതിയുടെ മാറ്റങ്ങൾ അറിഞ്ഞു. എവിടെ ഗോതമ്പു വിളയും എന്ന് അറിഞ്ഞു. പാലക്കാട് ചൂടിലും നെല്ല് നല്ല സുന്ദരമായി വിളയുമെന്നു അവർ അറിഞ്ഞത് പുസ്തകങ്ങളിൽ നിന്നല്ല. പ്രകൃതിയിൽ നിന്നു നേരിട്ടുകണ്ടുപഠിച്ചതാണ്.
എന്നാലും രണ്ട് വർഷം മുൻപ് നൈന തീരുമാനിച്ചു സ്കൂളിൽ പോയി പഠിക്കാം. അങ്ങനെ ഒൻപതാം ക്ലാസിൽ സ്കൂളിൽ ചേർന്നു. എറണാകുളം കാക്കനാട് വീടിനു അടുത്തുള്ള ഇടച്ചിറയിലെ തേങ്ങോട്ട് സർക്കാർ സ്കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. ഇളയ സഹോദരങ്ങൾ നൈസയും നൈജുവും എട്ടിലും ഒന്നിലും ചേർന്നു. പിന്നെ കോവിഡ് കാലം. വീട്ടിൽ ആയി പഠനം.
“കാര്യങ്ങൾ പഠിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല. പക്ഷേ സ്പീഡിൽ എഴുതുക പ്രയാസമായിരുന്നു. അതിനുവേണ്ടിയും ശ്രമം നടത്തി”-നൈന പറയുന്നു. എല്ലാ കുട്ടികളെയുംപോലെ അതിരാവിലെ എഴുന്നേറ്റുപഠിച്ചു. പലതും മനപ്പാഠമാക്കി. എങ്കിലും നൈനയ്ക്ക് സ്വന്തമായി ഒരു പഠനവഴികൂടെയുണ്ടായി. അത് പഠിക്കുന്നതൊക്കെ ഒരു ഡയഗ്രമൊക്കെ തയ്യാറാക്കുംപോലെ ഓർത്തുവെച്ചു. അധ്യാപകർ പറഞ്ഞുകൊടുക്കുന്നത് ഒരറ്റംമുതൽ ഒരുചിത്രംപോലെ മനസ്സിൽ വരച്ചിട്ടു. അതുകൊണ്ട് പഠനം എളുപ്പം ആയെന്നു നൈന പറയുന്നു.
അമ്മ കോട്ടയം തിരുവഞ്ചൂർ ബിസ്മിമൻസിൽ വീട്ടിൽ ബിജിയും മിടുക്കിയായി പഠിച്ചിരുന്ന കുട്ടി ആയിരുന്നെങ്കിലും മകൾ, ബിജിയെയും ഞെട്ടിച്ചുകളഞ്ഞു.
"മൂത്ത മകൻ നോനു സ്കൂളിൽ പോയിട്ടില്ല. എന്റെ ബിസിനിസ് കാര്യങ്ങളിൽ സഹായിക്കുന്നു. മക്കളിൽ ആദ്യമായി ഒരാൾ സ്കൂളിൽ പോവുകയാണ്. അതിൽ അല്പം ടെൻഷൻ ഉണ്ടായിരുന്നു. അതുകൊണ്ട് കൃത്യമായി ടീച്ചർമാരോട് കാര്യങ്ങൾ ചോദിച്ചിരുന്നു. അവരും കാര്യങ്ങൾ പോസിറ്റീവ് ആയിട്ടാണ് പറഞ്ഞത്. എന്നാലും ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ല"-ബിജി പറയുന്നു.
പരീക്ഷയ്ക്കിടയിൽ ആണ് ബ്രഹ്മപുരം തീപിടിത്തം. കാക്കനാട് ഫ്ലാറ്റിൽ നിൽക്കാൻ പറ്റാത്തതിനാൽ ആലുവയിൽ താമസം മാറ്റി. പരീക്ഷ എഴുതാൻ മാത്രമായി കാക്കനാട് വന്നുപോയി.
ഇപ്പോഴും ബിജി അധ്യാപകരോട് ചോദിച്ചു "മുന്നോട്ടുള്ള പഠനം എങ്ങനെ ആകും". അവർ 100-ൽ 100മാർക്കും നൽകി പ്രോത്സാഹനം നൽകുന്നു. നൈന പ്ലസ്ടുവിനും ചേരും. ബയോമാത്‍സ് ആകും വിഷയം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..