• സ്‌കൂളിലെ ബോർഡുകളിൽ പെയിന്റുചെയ്യുന്ന പൂഴിക്കോൽ സെയ്ന്റ് ലൂക്ക്സ് എൽ.പി. സ്‌കൂളിലെ പ്രഥമാധ്യാപകനായ അലക്‌സ് ലൂക്കോസ്
കടുത്തുരുത്തി: തൊഴിലാളിയൊന്നുമല്ല. കുരുന്നുകൾക്ക് നേർവഴിക്കാട്ടുന്ന അധ്യാപകനാണ്...എന്നാൽ തൊഴിലാളിയുടെ വേഷവും അലക്‌സ് സാറിന് ചേരും.. സേവനവഴിയിൽ ഒരു മാതൃക തന്നെയാണ് അധ്യാപകൻ. പൂഴിക്കോൽ സെയ്ന്റ് ലൂക്ക്സ് എൽ.പി. സ്‌കൂളിലെ പ്രഥമാധ്യാപകനായ കോതനല്ലൂർ പുതിയറ കുന്നേൽ അലക്‌സ് ലൂക്കോസാണ് അധ്യാപകർക്കിടയിൽ വേനലവധിക്കാലം വ്യത്യസ്തമായി ചെലവഴിച്ചൊരാൾ.
സ്‌കൂളിലെ പെയിന്റിങ് ജോലികൾക്കായി എത്തിയ പൂഴിക്കോൽ സ്വദേശി ടോമിക്കൊപ്പം അലക്‌സ് സാറും അധ്യാപനത്തിന്റെ ഇടവേളയിൽ പെയിന്ററായി. പത്ത് ദിവസംകൊണ്ടാണ് ക്ലാസ് മുറികൾ അടക്കമുള്ള സ്‌കൂളിലെ മുഴുവൻ കെട്ടിടങ്ങളും പെയിന്റുചെയ്തത്. ക്ലാസുകളിലെ ബോർഡുകൾ അലക്‌സ് തനിച്ചാണ് പെയിന്റുചെയ്തത്.
പ്രതിദിനം 1000 രൂപ നിരക്കിൽ 10,000 രൂപയാണ് ടോമിക്ക് നൽകിയത്. അലക്‌സ് സാർ സഹായിയായി ഒപ്പംകൂടിയില്ലെങ്കിൽ രണ്ടാമത് വരുന്ന ആൾക്കും 10,000-രൂപ ചെലവാക്കേണ്ടിവരുമായിരുന്നു.
30-അടിയോളം താഴ്ചയുള്ള സ്‌കൂളിലെ കിണർ തേകാനെത്തിയവർക്കൊപ്പം കിണറ്റിലിറങ്ങി ജോലിചെയ്യാനും 53-കാരനായ ഈ അധ്യാപകന് തെല്ലും മടിയുണ്ടായില്ല.
സ്‌കൂളിന്റെ മുറ്റത്തെ പുല്ലും പറമ്പിലെ കാടും അലക്‌സ് സാർ സ്വന്തമായി നീക്കംചെയ്ത് സ്‌കൂൾ പരിസരം മനോഹരമാക്കി.
കഴിഞ്ഞ വർഷം സ്‌കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന വലിയ പ്ലാവിന്റെ ശിഖരം അലക്‌സ് സാർ മരത്തിൽ കയറി സ്വന്തമായി മുറിച്ചുനീക്കിയിരുന്നു.
19-വർഷം ചാമക്കാല സെയ്ന്റ് ജോൺസ് സ്‌കൂളിൽ അധ്യാപകനായിരുന്ന അലക്‌സ് രണ്ട് വർഷം മുമ്പാണ് പൂഴിക്കോൽ സെയ്ന്റ് ലൂക്ക്‌സ് സ്‌കൂളിൽ പ്രഥമാധ്യാപകനായെത്തിയത്.
കല്ലറ സെയ്ന്റ് തോമസ് ഹൈസ്‌കൂളിലെ അധ്യാപിക ഉഷാമേരിയാണ് ഭാര്യ. മക്കൾ: സ്‌നേഹ (ഡിഗ്രി വിദ്യാർഥിനി), ബെഞ്ചമിൻ, ട്രീസ (ഇരുവരും കോതനല്ലൂർ ഇമ്മാനുവൽ എച്ച്.എസ്.എസ്. വിദ്യാർഥികൾ).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..