വഴിത്തിരിവുകളുടെ കഥ, സിനിമയുടെയും


2 min read
Read later
Print
Share

ലാൽ ജോസ്

ഒറ്റപ്പാലം: ’ഇവൻ ഗൾഫിലേക്ക് പോകേണ്ടവനല്ല, സിനിമയിലാണിവന്റെ ഭാവി’ - സംവിധായകൻ കമലിന്റെ വാക്കുകൾ ഒരു പ്രവചനംപോലെയായിരുന്നു. തന്റെ പ്രിയപ്പെട്ട അസിസ്റ്റന്റ് ഡയറക്ടറുടെ യാത്ര തടഞ്ഞുകൊണ്ടാണ് കമൽ അന്നത്‌ പറഞ്ഞത്. ആ ഗൾഫുയാത്ര മുടങ്ങിയതിലൂടെ മലയാളത്തിന് ലഭിച്ചത് ഒരു ഹിറ്റ്മേക്കറെയാണ്. മോഹങ്ങളൊന്നുമില്ലാതെ ചലച്ചിത്രമേഖലയിലേക്കെത്തിയ ഒറ്റപ്പാലത്തുകാരൻ ലാൽജോസിനെ.

ഒറ്റപ്പാലം മേച്ചേരിവീട്ടിൽ പരേതരായ ജോസിന്റെയും ലില്ലിയുടെയും മകൻ ലാൽ ജോസ് സ്വതന്ത്രസംവിധായകനായിട്ട് 25 വർഷം പൂർത്തിയായി. മായന്നൂരിൽ ഭാരതപ്പുഴയോരത്തെ വീടിന്റെ ഉമ്മറത്തിരുന്ന് ലാൽ ജോസ് തന്റെ കാൽനൂറ്റാണ്ടുകാലത്തെ സിനിമാക്കഥ പറഞ്ഞുതുടങ്ങി. വഴിത്തിരിവുകളിലൂടെ മലയാളസിനിമയുടെ ഉന്നതിയിലേക്കെത്തിയ കഥ.

നീ സിനിമ ചെയ്യുകയാണെങ്കിൽ ഞങ്ങൾ നിർമിക്കാം

ഒറ്റപ്പാലം എൽ.എസ്.എൻ. സ്‌കൂൾ, എൻ.എസ്.എസ്. കെ.പി.ടി. സ്കൂൾ, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കിയശേഷം അച്ഛന്റെ നിർബന്ധപ്രകാരം ഗൾഫിലേക്കുപോകാൻ തീരുമാനമെടുത്ത സമയം. വിസ വരുംവരെ പഠനവും ചെറിയജോലികളും ചെയ്യാമെന്ന ധാരണയിൽ മദ്രാസിലെത്തിയ ലാൽ ജോസിന് സുഹൃത്തുക്കൾ മുഖാന്തരമാണ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി അവസരം കിട്ടിയത്.

അതുവരെ ചലച്ചിത്രങ്ങൾ കണ്ടപരിചയം മാത്രമുള്ള യുവാവ് 1989-ൽ കമലിന്റെ ‘പ്രാദേശിക വാർത്തകൾ’ എന്ന ചലച്ചിത്രത്തിലൂടെ ഈ മേഖലയിലേക്കുള്ള ആദ്യചുവടുവച്ചു. സിനിമാ സെറ്റുകളിലെ ഊർജസ്വലനായ യുവാവ് എല്ലാവർക്കും പ്രിയങ്കരനായി. ‘വധു ഡോക്ടറാണ്’ എന്ന ചലച്ചിത്രത്തിന്റെ സെറ്റിൽവെച്ച് നിർമാതാക്കളായ അലക്സാണ്ടർ മാത്യു പൂയപ്പള്ളിയും ഡോ. ബ്രൈറ്റും ലാലിനോട് പറഞ്ഞു. “നീ സിനിമ ചെയ്യുകയാണെങ്കിൽ ഞങ്ങൾ നിർമിക്കാം”. “ശ്രീനിവാസനോ ലോഹിതദാസോ തിരക്കഥയെഴുതിയാൽ ഞാൻ സംവിധാനംചെയ്യാം”. ഒരു സംവിധായകനെന്നത് സ്വപ്നത്തിൽപ്പോലുമില്ലാതിരുന്ന ലാൽ ജോസ് അവരെ ഒഴിവാക്കാൻ ഇങ്ങനെ പറഞ്ഞു.

അവനാണെങ്കിൽ ഞാൻ കഥയെഴുതാം

പക്ഷേ ആ തന്ത്രം ഏറ്റില്ല. വഴിത്തിരിവുകൾ അയാളെ കാത്തിരിക്കുകയായിരുന്നു. പുതിയ ചലച്ചിത്ര ആശയവുമായെത്തിയ രണ്ട് നിർമാതാക്കൾക്കും ശ്രീനിവാസനിൽനിന്ന് അനുകൂല മറുപടി കിട്ടി. “ലാൽ ജോസാണെങ്കിൽ ഞാൻ എഴുതാം.” ഒട്ടും പ്രതീക്ഷിക്കാതെവന്ന ആ മറുപടിയിൽ ലാൽ ജോസിന് ഒരു ഊർജം കൈവന്നു. ശ്രീനിവാസൻ അങ്ങനെ പറയണമെങ്കിൽ തന്നെക്കൊണ്ട് സാധിക്കും. അങ്ങനെ 1997-ൽ ‘ഒരു മറവത്തൂർ കനവ്’ എന്ന ആദ്യ ചലച്ചിത്രത്തിന് കളമൊരുങ്ങി.

തന്റെ കഥാപാത്രത്തിന് എന്റെ ഛായയുണ്ടോ

ശ്രീനിവാസനും ലാൽ ജോസും ചേർന്ന് ഒരു ചലച്ചിത്രം തയ്യാറാക്കുന്നതറിഞ്ഞ മമ്മൂട്ടി ചോദിച്ചു. “ആരാ തന്റെ സിനിമയിലെ നായകൻ?’’ തീരുമാനിച്ചില്ലെന്ന് ലാൽ ജോസിന്റെ മറുപടി. തന്റെ കഥാപാത്രത്തിന് എന്റെ ഛായയുണ്ടോ എന്ന് മമ്മൂട്ടിയുടെ മറുചോദ്യം. ആദ്യ ചലച്ചിത്രം ഇത്രവലിയ നടനെവെച്ച് ചെയ്താൽ ശരിയാകുമോയെന്ന ആശങ്കയിൽ ലാൽ ജോസ് ഈ ഓഫർ നിഷേധിച്ച് മറ്റൊരുസിനിമയിൽ മതിയെന്ന് മറുപടിപറഞ്ഞു. പിന്നീട് മമ്മൂട്ടി ശ്രീനിവാസനോട് തമാശരൂപേണ പറഞ്ഞു. “ഞാൻ ഒരു ഡേറ്റ് അങ്ങോട്ട് കൊടുത്തിട്ട് അത് നിഷേധിക്കുന്ന ആദ്യത്തെയാളാണിവൻ. തന്റെ സംവിധായകൻ ഒരു അഹങ്കാരിയാണ്.” ഒടുവിൽ മറവത്തൂർകനവ് സംഭവിച്ചു; മമ്മൂട്ടി നായകനായി. 1998 ഏപ്രിൽ എട്ടിന് തിയേറ്ററിലെത്തി. ആദ്യചിത്രം തന്നെ വൻവിജയമായി.

തിരക്കിന്റെ കാലം

മറവത്തൂർകനവിന്റെ വിജയത്തിനുശേഷം ലാൽ ജോസിന് വെറുതെയിരിക്കേണ്ടി വന്നില്ല. വിജയചിത്രങ്ങൾ ഒന്നിനുപിറകെ ഒന്നായി എത്തി. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ‘മീശമാധവൻ’, ‘ചാന്ത് പൊട്ട്’, ‘അച്ഛനുറങ്ങാത്ത വീട്’, ‘ക്ലാസ്‌മേറ്റ്‌സ്’, ‘അറബിക്കഥ’, ‘അയാളും ഞാനും തമ്മിൽ’, ‘വിക്രമാദിത്യൻ’ തുടങ്ങി മലയാളി കൈയടിച്ച്‌ ഏറ്റുവാങ്ങിയ സിനിമകളുടെ അമരക്കാരനായി. അന്ന് ഗൾഫിൽ പോയിരുന്നെങ്കിൽ, കമലും ശ്രീനിവാസനും മമ്മൂട്ടിയുമെല്ലാം വിശ്വാസമർപ്പിച്ചില്ലായിരുന്നെങ്കിൽ ഇന്നിങ്ങനെ ഒരു സംവിധായകനില്ല.

ഇനി വരും ഒരു വലിയ ചിത്രം

ഒരു വലിയ ചലച്ചിത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം ഡബ്ബുചെയ്ത് പുറത്തിറക്കാനാണ് പദ്ധതി. പലഭാഷകളിൽനിന്നുള്ള നടീനടന്മാരും ഇതിലുണ്ടാകും. അതിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ -ലാൽ ജോസ് പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..