പുലിക്കുളത്ത് പദ്മനാഭപിള്ള
തലമുറകളുടെ സിരകളിൽ സംഗീതാവേശം നിറച്ച പുലിക്കുളത്ത് പദ്‌മനാഭപിള്ള ഭാഗവതരുടെ സ്മരണ പുതുക്കി പരവൂർ. 1976 മേയ് 28-നാണ് പരവൂരിന്റെ ഈ സംഗീതാചാര്യൻ ഓർമയായത്.
പുലിക്കുളത്ത് തറവാട്ടുമുറ്റത്തിരുന്ന് പദ്‌മനാഭപിള്ളയിൽനിന്ന് സംഗീതപാഠങ്ങൾ ഹൃദിസ്ഥമാക്കിയവരേറെ. പരവൂർ വാസുദേവൻ പിള്ള, ലക്ഷ്മണൻ പിള്ള ഭാഗവതർ, കുമാരൻ, കിട്ടുവാശാരി, വാസുദേവൻ പിള്ള, ഭവാനിയമ്മ, ഗൗരിക്കുട്ടിയമ്മ, ഈശ്വരിയമ്മ തുടങ്ങി ഒട്ടേറെ പ്രശസ്ത സംഗീതാധ്യാപകർ അദ്ദേഹത്തിന്റെ ശിഷ്യരാണ്.
സംഗീതാധ്യാപകരായി ജോലി ലഭിക്കാൻ അക്കാലത്ത് മ്യൂസിക് ലോവർ, ഹയർ ഗ്രേഡ് പരീക്ഷ ജയിക്കണമായിരുന്നു. മദ്രാസ് സർക്കാരിന്റെ ടെക്നിക്കൽ എക്സാമിനേഷൻ വിഭാഗത്തിന്റെ മ്യൂസിക് ഗ്രേഡ് പരീക്ഷകൾ നാഗർകോവിലിലെ സേതുലക്ഷ്മിബായി ഹൈസ്കൂളിൽവച്ചാണ് നടത്തിയിരുന്നത്. ഒട്ടേറെ ശിഷ്യരെ പദ്‌മനാഭപിള്ള പരവൂരിൽനിന്ന് നാഗർകോവിലിൽ കൊണ്ടുപോയി പരീക്ഷയ്ക്കിരുത്തി. പിന്നീടവരെല്ലാം നാട്ടിലെ പല വിദ്യാലയങ്ങളിൽ സംഗീതാധ്യാപകരായി.
പദ്‌മനാഭപിള്ള ഭാഗവതരുടെ അഞ്ചുമക്കളിൽ മൂത്തയാളായ ഭവാനിയമ്മ കൂനയിൽ എൽ.പി.സ്കൂളിലും മകൻ ഗംഗാധരക്കുറുപ്പ് കാപ്പിൽ ഗവ. എൽ.പി.സ്കൂളിലും ഇളയമകൻ സത്യദേവക്കുറുപ്പ് ഇടവ മുസ്‌ലിം ഹൈസ്കൂളിലും സംഗീതാധ്യാപകരായിരുന്നു. സത്യദേവക്കുറുപ്പിന്റെ മക്കളായ പി.എസ്.സുമവും പി.എസ്.സുധയും സംഗീതോപാസകരാണ്. പദ്‌മനാഭപിള്ള ശിഷ്യർക്ക് സംഗീതപാഠങ്ങൾ പകർന്നുനൽകിയത് ജീവിതോപാധിയായല്ല.
തറവാട്ടിലെത്തുന്നവർക്ക് അദ്ദേഹം അറിവും ആഹാരവും വിളമ്പി. ദിവസവും വൈകീട്ട് നൂറിലേറെപ്പേർ തറവാട്ടുപൂമുഖത്ത് പഠിതാക്കളായി ഉണ്ടാകുമായിരുന്നെന്ന് ഭാഗവതരുടെ ചെറുമകൻ എം.എൻ.മോഹൻദാസ് ഓർക്കുന്നു. സംഗീതം മാത്രമല്ല ഹരികഥയും കഥാപ്രസംഗവും സംഗീതനാടകങ്ങളും അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രമുഖശിഷ്യൻ കാഴ്ചയില്ലാത്ത പങ്കജാക്ഷൻ പിള്ളയെ ഹരികഥ പറയാൻ പഠിപ്പിച്ചതും ഭാഗവതരാണ്. പദ്‌മനാഭപിള്ള ഭാഗവതർ എഴുതിയ 'ഗുരുദക്ഷിണ, അയ്യപ്പചരിതം' എന്നീ കഥകളാണ് ലക്ഷ്മണൻ പിള്ള ക്ഷേത്രമുറ്റങ്ങളിൽ അവതരിപ്പിച്ചത്.
മഹാകവി കെ.സി.കേശവപിള്ളയുടെ 'സദാ രാമ' എന്ന സംഗീതനാടകം പ്രശസ്തമായതിനെത്തുടർന്ന് പരവൂരിലും സംഗീതനാടകത്തിന് ആസ്വാദകരേറി. ഇതിൽ ആവേശംകൊണ്ട് 'നല്ല തങ്ക, ഗോകുലചരിതം' തുടങ്ങിയ ഒട്ടേറെ സംഗീതനാടകങ്ങൾ പദ്‌മനാഭപിള്ള രചിച്ച് അവതരിപ്പിച്ചു.
പ്രശസ്ത സംഗീതജ്ഞൻ പരവൂർ ജി.ദേവരാജന്റെ അച്ഛൻ പരവൂർ കൊച്ചുഗോവിന്ദൻ ആശാനാണ് പദ്‌മനാഭപിള്ളയുടെ കച്ചേരികൾക്ക് മൃദംഗം വായിച്ചിരുന്നത്. പരവൂരിലെ ക്ഷേത്രങ്ങളിൽ ഭജനസമിതികളുടെ പാട്ടുമത്സരം പതിവായിരുന്നു. കർണാടക ശാസ്ത്രീയസംഗീതമാണ് ആലപിച്ചിരുന്നതിലധികവും. ഇത് ശാസ്ത്രീയ സംഗീതപഠനം അനിവാര്യമാക്കി. ഈ സംഗീതാവേശത്തെ നാടാകെ പടർത്തിയതിൽ പ്രമുഖനാണ് പദ്‌മനാഭപിള്ള.
ഗുരുവിന്റെ ഓർമ പുതുതലമുറയ്ക്ക് പകരാൻ ലക്ഷ്മണൻ പിള്ള ഭാഗവതരുടെ നേതൃത്വത്തിൽ കോട്ടപ്പുറം ഹൈസ്കൂളിലും കൂനയിൽ എൽ.പി.സ്കൂളിലും സംഗീതസഭയും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പുലിക്കുളത്ത് ഭഗവതരെ പരിചയപ്പെടുത്തി 'പൂമരക്കൊമ്പ് ' എന്ന പേരിൽ ചെറുമകൻ ശ്രീരംഗൻ കുറുപ്പ് ഹ്രസ്വചിത്രവും നിർമിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..