Caption
പാലക്കാട്: നാടിനെ ചുട്ടുപൊള്ളിച്ചൊരു വേനലാണ് വിടപറയാനൊരുങ്ങുന്നത്. മഴ കുറഞ്ഞ ഇത്തവണത്തെ വേനൽ മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും വിഷമിപ്പിച്ചു. പകലിലെ കടുത്തചൂടിനുപുറമെ രാത്രിയും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട്ടെ ഉഷ്ണം വർധിപ്പിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പല ദിവസങ്ങളിലും ഉയർന്ന താപനില 40 ഡിഗ്രിക്കുമുകളിൽ എത്തി. പകൽ കനത്ത വെയിലുണ്ടാകുകയും വേനൽമഴ മാറിനിൽക്കുകയും ചെയ്തതോടെയാണ് രാത്രിയിലും അന്തരീക്ഷ ഊഷ്മാവ് ഉയർന്നുനിന്നത്. മേയ് മൂന്ന്, നാല് ആഴ്ചകളിൽ സാമാന്യം മഴ കിട്ടിയത് ചൂട് കുറയാനിടയാക്കി.
വരുംവർഷങ്ങളിലും ചൂട് കൂടുമോ
ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവചനങ്ങൾ കാലാവസ്ഥാവകുപ്പ് നൽകുന്നില്ല. എങ്കിലും, ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം, ആഗോളതാപനം എന്നിവ ഇതുപോലെ തുടർന്നാൽ വരുംവർഷങ്ങളിലും ചൂട് ഉയർന്നുതന്നെ നിൽക്കുമെന്നാണ് അനുമാനിക്കുന്നത്. വേനലിലെ കൂടിയ താപനില 0.5 മുതൽ 1.5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ശൈത്യകാലത്തെ കുറഞ്ഞ താപനില രണ്ടുഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.
മഴക്കാലത്തും ചൂട് കുറയില്ലേ
ജൂൺ നാലിന് മഴക്കാലം തുടങ്ങുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. മഴ എത്തുന്നതോടെ താപനിലയിൽ കുറവുണ്ടാകും. കൂടിയ താപനില 30-നുതാഴെവരെ എത്തിയേക്കും. ജൂണിലെ ശരാശരി താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് അനുമാനിക്കുന്നത്. ഇത് കഴിഞ്ഞ മാസങ്ങളിലേതിനേക്കാൾ രണ്ടുഡിഗ്രിവരെ കുറവാണ്. ഈ സമയത്ത് കടലിലെ താപനിലയിലും കുറവുണ്ടാകും. എന്നാൽ, ഒന്നിലേറെദിവസം മഴ മാറിനിൽക്കുകയും വെയിൽ കനക്കുകയും ചെയ്താൽ വേനലിന്റെ പ്രതീതിയുണ്ടാകും. മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകുന്നതും മണ്ണൊലിപ്പുമെല്ലാം കാരണം മണ്ണിലെ ജലാംശം കുറയുന്നത് ചൂട് കൂടാനിടയാക്കും.
ആഗോളതാപനം മഴക്കാലത്തും പ്രശ്‌നമാണോ
ആഗോളതാപനം ഉയരുന്നതിന്റെ പ്രതിഫലനമായാണ് ഓരോവർഷവും വേനലിൽ ചൂട് കൂടിവരുന്നത്. എന്നാൽ, മഴക്കാലത്ത് അതിതീവ്ര മഴയ്ക്കും പ്രളയത്തിനും കാരണമാകുന്നതും ആഗോളതാപനം തന്നെ.
2018-നുശേഷം മഴക്കാലത്ത് സംസ്ഥാനത്ത് ഇത്തരത്തിലുള്ള അതിതീവ്ര മഴ പ്രതീക്ഷിക്കാവുന്ന അവസ്ഥയുണ്ട്. ഇത് ഉരുൾപൊട്ടലിനും പ്രളയത്തിനുമൊക്കെ കാരണമായേക്കാം.
കടലിലെ ചൂട് കൂടുന്നതും പ്രശ്‌നമാണോ
കടലിലെ ചൂട് കൂടുന്നതും ആഗോളതാപനത്തിന്റെ ഫലമായാണ്. എന്നാൽ ഇത് കടലോര സംസ്ഥാനമായ കേരളത്തിലെ ചൂട് കൂടാൻ കാരണമാകുമെന്ന് പറയാനാവില്ല. കടലിലെ താപനില കൂടുന്നത് കൂടുതൽ മഴമേഘങ്ങൾ രൂപപ്പെടാനിടയാക്കും.
ചൂടിനെ പ്രതിരോധിക്കാൻ എന്തുചെയ്യാം
അതതുസമയത്ത് കാലാവസ്ഥാവകുപ്പും തൊഴിൽവകുപ്പുകളൊക്കെ തരുന്ന നിർദേശങ്ങൾ അനുസരിക്കുകമാത്രമാണ് ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗം. താപനില ഉയർന്നുനിൽക്കുന്ന സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കാതിരിക്കുക എന്നത് പ്രധാനമാണ്.
മരങ്ങൾ കൂടുതൽ നട്ടുപിടിപ്പിക്കുക, ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളൽ ഉൾപ്പെടെ ആഗോളതാപനം ഉയർത്തുന്ന നടപടികൾ ചെയ്യാതിരിക്കുക എന്നിവയാണ് ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യാനുള്ളത്.
അന്തരീക്ഷ ഊഷ്മാവ് ഉയർത്തുന്ന പ്രവർത്തനങ്ങൾ പരമാവധി കുറയ്ക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..