മാവൂർ: ‘മാറാത്ത കൈവേദനയായിരുന്നു. കുറേ ചികിത്സിച്ചു, മരുന്നുകുടിച്ചു, പ്രയോജനപ്പെട്ടില്ല. പിന്നീടാണ് നീന്തൽ പരിശീലിക്കാൻ ഡോക്ടർ നിർദേശിച്ചത്. വീടിനടുത്ത് കല്ലുവെട്ടുകുഴിയിൽ അങ്ങനെ നീന്തിത്തുടങ്ങി. അടുത്തവീട്ടിലെ കുട്ടികളെയും പഠിപ്പിച്ചു. ഇന്ന് ഒരുപാടുപേർക്ക് പരിശീലനം നൽകാൻ കഴിയുന്നുണ്ട്. അത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമല്ലേ’- നെച്ചുള്ളി വാഴപ്പാടം പഞ്ചായത്ത് കുളത്തിൽ നിർദേശങ്ങളും ആത്മവിശ്വാസവും പകർന്ന് സ്നേഹപ്രഭ ജീവിതം പറഞ്ഞു തുടങ്ങി.
57 വയസ്സുണ്ട് ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂരിലെ സ്നേഹപ്രഭ പരിശീലകയ്ക്ക്. സൗജന്യമായി നീന്തൽപഠിപ്പിക്കാൻ തുടങ്ങിയിട്ട് 12 വർഷമായി. അഞ്ചാംവയസ്സിൽ വീടിനടുത്ത് കല്ലുവെട്ടുകുഴിയിൽ മച്ചിങ്ങ വെച്ചുകെട്ടി അച്ഛൻ പഠിപ്പിച്ച പാഠങ്ങൾ കൃത്യമായി പരിശീലിപ്പിക്കുകയാണിവർ.
കല്ലുവെട്ടുകുഴിയിൽനിന്ന് തുടങ്ങിയ നീന്തൽപരിശീലനം ഇന്ന് ദിനംപ്രതി 100-ലേറെ പേർക്ക് പകർന്നുനൽകുകയാണിവർ. ആദ്യകാലങ്ങളിൽ കന്നാസുകൾ കെട്ടി ലൈഫ് ജാക്കറ്റ് ആക്കിയായിരുന്നു പഠിപ്പിച്ചിരുന്നത്. അഗ്നിശമനസേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയർ ആയതോടെ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ലൈഫ് ജാക്കറ്റുകൾ നിർമിക്കാൻ പഠിക്കുകയും ആ രീതിയിൽ പരിശീലിപ്പിക്കുകയുമാണ് ചെയ്യുന്നത്. എത്ര ഭാരമുള്ളവർക്കും ഈ രീതിയിൽ നീന്തൽപഠിക്കാൻ എളുപ്പമാണെന്ന് സ്നേഹപ്രഭ പറയുന്നു. രണ്ടുവയസ്സുമുതൽ 62 വയസ്സുകാർ വരെ ഇവിടെയെത്തുന്നുണ്ട്.
മാസ്റ്റേഴ്സ് സിമ്മിങ് ഫെഡറേഷൻ കോട്ടയത്ത് നടത്തിയ മീറ്റിൽ പങ്കെടുത്ത് 100 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒന്നാംസ്ഥാനവും 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട് സ്നേഹപ്രഭ. ദിവസവും വൈകീട്ട് നാലുമണിയോടുകൂടിയാണ് പരിശീലനം തുടങ്ങുന്നത്. ഇത് സന്ധ്യവരെ നീളും. ടെയ്‌ലർ കൂടിയായ ഇവർ ‘പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്’ എന്നപേരിൽ ചാരിറ്റി സംഘടനയും നടത്തുന്നുണ്ട്. സ്വന്തംപേരിലുള്ള ആറുസെൻറ് ഭൂമിയിൽ രണ്ടു കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുകയും കിടപ്പുരോഗികൾക്ക് സഹായം എത്തിക്കുകയും ചെയ്യുന്നുണ്ട്.
മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശമായതിനാൽ രക്ഷിതാക്കൾ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചാത്തമംഗലം, മാവൂർ, കുന്ദമംഗലം പഞ്ചായത്തുകൾ, യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകൾ ഇവിടെയെത്തുന്നുണ്ട്. വിമുക്തഭടൻ കൂടിയായ ഭർത്താവ് വസന്തകുമാറും മക്കളായ പ്രവിത വസന്ത്, പ്രവീണ വസന്ത് എന്നിവരും സ്നേഹപ്രഭയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..