: കർണാടക വനത്തിൽനിന്ന് ലഭിച്ച അപൂർവ രുചിയുള്ള ചക്കയെക്കുറിച്ച് നാട്ടിലെ നായാട്ടുകാർ കാൽനൂറ്റാണ്ട് മുൻപാണ് കെ.ആർ. ശ്രീധരനോട് പറഞ്ഞത്. പിങ്ക് നിറമുള്ളതും തേനിനെവെല്ലുന്ന മധുരമുള്ളതുമായ ചക്കയെക്കുറിച്ച് അവർ വാചാലരായത് പിന്നീടൊരുനാൾ ശ്രീധരൻ ഓർത്തു. അന്ന് കേട്ട വിവരം വെച്ച് ആ പ്ലാവ് കണ്ടെത്താനുള്ള ശ്രമം തുടർന്നു. ഒടുവിൽ, വാണിയപ്പാറത്തട്ടിൽനിന്ന് അഞ്ച് കിലോമീറ്ററോളം ഉൾവനത്തിൽ ശ്രീധരൻ ആ പ്ലാവ് കണ്ടെത്തി. അതിന്റെ കമ്പ് വെട്ടിയെടുത്ത് കൊണ്ടുവന്ന് ബഡ് ചെയ്ത് വളർത്തി. ആ പ്ലാവിന് മകന്റെ ഭാര്യയുടെ പേര് നൽകി-അമൃത. പിന്നീട് ഒരിക്കൽക്കൂടി അവിടെയെത്തിയെങ്കിലും പ്ലാവ് കാട്ടാനകൾ നശിപ്പിച്ചിരുന്നു.
ഇരിട്ടി വള്ളിത്തോട് സ്വദേശിയായ കെ.ആർ. ശ്രീധരൻ വളർത്തിയെടുത്ത പതിനേഴോളം നാടൻ പ്ലാവിനങ്ങളിൽ ജനപ്രിയ ഇനമാണ് അമൃത. കേരളത്തിൽത്തന്നെ ഏറ്റവുംകൂടുതൽ നാടൻ പ്ലാവിനങ്ങൾ സ്വന്തമായി വികസിപ്പിച്ചവരിൽ ഒരാളാണ് ഈ കർഷകൻ. ഇപ്പോഴും പുതിയ ഇനങ്ങൾ കണ്ടെത്താനും പരമ്പരാഗത ഇനങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമത്തിലാണ്.
രുചിവൈവിധ്യമുള്ള ചുളകൾ
നിറത്തിലും മണത്തിലും രുചിയിലും വൈവിധ്യമുള്ള ചുളകളോടുകൂടിയ അപൂർവയിനം നാടൻ പ്ലാവുകളാണ് ശ്രീധരൻ വികസിപ്പിച്ചെടുത്തത്. ചുവന്ന ചുളയുള്ളതും മൂന്നാംവർഷം മുതൽ കായ്കുന്നതുമായ ചെമ്പൻ, ഇളം മഞ്ഞച്ചുളയുള്ളതും രണ്ടര വർഷം മുതൽ കായ്ക്കുന്നതും എട്ട് കിലോവരെ തൂക്കവുമുള്ള തേൻതുള്ളി, നല്ല മധുരവും സ്വർണനിറമുള്ള ചുളകളുള്ളതുമായ സ്വർണമുഖി, പിങ്ക് നിറവും കട്ടിയുള്ള ചുളയുള്ളതുമായ സോണിയ, മഞ്ഞനിറവും പൈനാപ്പിൾ മണമുള്ളതുമായ പൈനാപ്പിൾ വരിക്ക, ഓറഞ്ച് നിറമുള്ള മലനാട് സൂപ്പർ, പിങ്ക്നിറവും കട്ടിയുള്ള ചുളകളുള്ളതുമായ എം.എസ്. വരിക്ക, വെള്ളനിറവും ആപ്പിൾ രുചിയുള്ളതുമായ ആപ്പിൾ ചക്ക, 15 കിലോയോളം തൂക്കവും നല്ല മധുരവുമുള്ള കുട്ടൻ വരിക്ക, പൊതിച്ച തേങ്ങയുടെ മാത്രം വലിപ്പവും അതിമധുരവുമുള്ള തേൻവരിക്ക, കറിവെക്കാൻ അനുയോജ്യയ പഞ്ചമി, ജാമുണ്ടാക്കാൻ ഉപയോഗിക്കുന്ന ചെമ്പൻ കൂഴ എന്നിവയാണ് ശ്രീധരൻ സ്വന്തമായി വളർത്തിയെടുത്ത നാടൻ ഇനങ്ങൾ.
ഏറ്റവുംപുതിയ രണ്ടിനങ്ങൾക്ക് പേരിട്ടിട്ടില്ല. 67-കാരനായ ശ്രീധരൻ ആദ്യമൊക്കെ ഔഷധത്തോട്ടമൊരുക്കിയിരുന്നു. ഇപ്പോൾ ഫലവൃഷങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..