ചേർത്തല: ചാരമംഗലത്ത് പോത്തിനു വില്ലന്റെ മുഖമല്ല. ശങ്കരനെന്ന പോത്ത് അതുൽകൃഷ്ണയെന്ന ഉണ്ണിക്കുട്ടന്റെ മാത്രമല്ല നാടിന്റെയാകെ ആത്മമിത്രം. അടുത്തകാലത്തുണ്ടായ സംഭവങ്ങളിൽ പോത്ത് എന്നാൽ മരണത്തിന്റെ മുഖമാകുമ്പോഴാണു ചാരമംഗലം പോത്തുമായുള്ള സൗഹൃദത്തിന്റെ കഥപറയുന്നത്.
കഴിഞ്ഞദിവസം ശങ്കരനായി വീട്ടിൽ ഒരുക്കിയ തൊഴുത്തായ ശങ്കരവില്ലയിലെ പ്രവേശനം നാടും ആഘോഷമാക്കിയിരുന്നു. 100 ഓളം പേരാണു ചടങ്ങിൽ പങ്കെടുത്തത്. എല്ലാവർക്കും പായസം വിളമ്പി ഉണ്ണിക്കുട്ടനും ശങ്കരനും പ്രവേശനം ആഘോഷമാക്കി. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സന്തോഷ് കുമാറും എറണാകുളത്തെ വനിതാ കൂട്ടായ്മ ഭാരവാഹികളായ ഷിബിയും അമ്പിളിയും ചേർന്നാണ് ശങ്കർവില്ല ഉദ്ഘാടനം ചെയ്തത്.
ചാരമംഗലം മാപ്പിളക്കുളം അനിൽകുമാറിന്റെയും സിന്ധുവിന്റെയും മകനായ അതുൽകൃഷ്ണയെന്ന 15-കാരനാണു പോത്തിനെ ആത്മമിത്രമാക്കി കൂടെ കൂട്ടിയിരിക്കുന്നത്. രണ്ടുവർഷമായി അതുൽകൃഷ്ണയുടെ എല്ലാമെല്ലാമാണു ശങ്കരൻ. ഊണിലും ഉറക്കത്തിലുമെല്ലാം ശങ്കരൻ കൂടെയുണ്ട്. ശങ്കരൻ ഉണ്ണിക്കുട്ടന്റെ മടിയിൽ ഏറെനേരം തലവെച്ചുകിടക്കും. സ്നേഹം കൂടുമ്പോൾ ഉണ്ണിക്കുട്ടൻ ശങ്കരന്റെ പുറത്തുകയറി യാത്ര ചെയ്താലും പരിഭവമില്ല. വീട്ടിലെ ഒരംഗമായി ശങ്കരൻ മാറിയിരിക്കുന്നു.
ഇരുവരുടെയും സൗഹൃദം സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ എറണാകുളത്തെ ഒരു സ്ത്രീ സൗഹൃദകൂട്ടായ്മയാണു ശങ്കരനായി വീടൊരുക്കിനൽകിയത്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ് അതുൽകൃഷ്ണ. കുട്ടിയായിരിക്കുമ്പോഴേ പോത്തിനോടും പശുക്കളോടും വലിയ ഇഷ്ടമായിരുന്നു. ഇവയുള്ള വീടുകളിൽനിന്നു മാറാതെ വന്നപ്പോഴാണു രണ്ടുവർഷം മുമ്പ് വീട്ടുകാർ പണംകടമെടുത്ത് പോത്തുകുട്ടിയെ വാങ്ങിനൽകിയത്. വീട്ടുലുണ്ടാക്കുന്ന ആഹാരത്തിന്റെ പങ്കും പച്ചക്കറിയുമെല്ലാം ഇവനു നൽകും. കഴുത്തിൽ പേരും തൂക്കിയിട്ടുണ്ട്.
നാലുസെന്റു വീട്ടിൽ പോത്തിനു കിടക്കാൻ സൗകര്യങ്ങളില്ലായിരുന്നു. ഇതറിഞ്ഞാണു കൂട്ടായ്മ തൊഴുത്തൊരുക്കിയത്. കൂടുതൽ പശുക്കളുമായി വലിയ ഒരുഫാം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ അതുൽകൃഷ്ണ. വീട്ടുകാരും നാട്ടുകാരും നിറഞ്ഞ പിന്തുണയാണു നൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..