സിനിമയിലെ സെയ്‌ന്റ് ആന്റണീസ് ഈ സ്കൂളിലുണ്ട്


2 min read
Read later
Print
Share

കോഴഞ്ചേരി: പ്രളയം ആധാരമാക്കി അടുത്തിടെ പുറത്തിറങ്ങിയ 2018 എന്ന ചലച്ചിത്രത്തിൽ ജീവൻ‌ രക്ഷിച്ച ബോട്ട് സ്കൂൾ മുറ്റത്ത് സ്മാരകമാക്കിയ സംഭവം ഓർമപ്പെടുത്തിയിരുന്നു. എന്നാൽ ചലച്ചിത്രത്തിൽ മാത്രമല്ല, അത് ജീവിതത്തിലും സംഭവിച്ചിരുന്നു. കോഴഞ്ചേരി സർക്കാർ ഹൈസ്കൂൾ അങ്കണത്തിലാണ് ഇത്തരത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ച സ്മാരകമുള്ളത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ഇറക്കിയ വള്ളം തന്നെയാണ് സ്മാരകം തീർക്കാനായി ഉപയോഗിച്ചിരിക്കുന്നത്- വള്ളത്തിന് പേര് സെയ്ന്റ് ആന്റണീസ്.

ടീച്ചർ പറഞ്ഞു, നാട് ഓക്കെ പറഞ്ഞു...

ആറന്മുളയുടെ പള്ളിയോടപ്പുരകളുടെ ശൈലിയിൽ വെള്ളം കയറാത്തവിധത്തിൽ മേൽകൂരനിർമിച്ച് സ്കൂളിൽ വെള്ളം കയറിയ രണ്ട് മീറ്റർ ഉയരത്തിൽ തറകെട്ടിയാണ് വള്ളം അതിനുമേൽ കയറ്റിവെച്ചിരിക്കുന്നത്. വെള്ളപ്പൊക്കം സാരമായി ബാധിച്ച മേഖലകളിലൊന്നാണ് കോഴഞ്ചേരി. ആറന്മുള പുന്നംതോട്ടം ക്ഷേത്രത്തിനു സമീപം രക്ഷാപ്രവർത്തനത്തിനിടെ കേടുപറ്റിയ ഒരു വള്ളം പ്രളയത്തിനുശേഷം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു. കോഴഞ്ചേരി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ജി. ശ്രീരഞ്ജുവാണ് പ്രളയത്തിൽ കൈത്താങ്ങായ മത്സ്യത്തൊഴിലാളികൾക്ക് അവരെത്തിയ ബോട്ട് ഒരു സ്മാരകമായി സംരക്ഷിച്ചുകൊണ്ട് ആദരം നൽകിയാലോ എന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് അധ്യാപകർ വള്ളത്തിൻറെ ഉടമകളെ തേടി ആറന്മുള പോലീസിനെ സമീപിച്ചു. പോലീസ് മുഖാന്തരമാണ് ഉടമയെ കണ്ടെത്തിയത്.

നൂറുവട്ടം സമ്മതം

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെ ഓർമിക്കാൻ കേരളത്തിൽ ആദ്യമായി നിർമിക്കുന്ന സ്മാരകത്തിലേക്ക് തൻറെ വള്ളം വിട്ടുനൽകാൻ ഉടമയായ ക്ലീറ്റസ് സെബാസ്റ്റ്യനും നൂറ് സമ്മതം. വാടിയിലെ മത്സ്യത്തൊഴിലാളിയായ ക്ലീറ്റസ് സെബാസ്റ്റ്യൻറേതടക്കം നാലു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ വള്ളം സ്കൂൾ ഏറ്റെടുത്തു എന്ന ഘട്ടമെത്തിയപ്പോഴേക്കും പൊതുമരാമത്തുവകുപ്പ് സമാന ആവശ്യം മുന്നോട്ട് വയ്ക്കുകയും സ്മാരക നിർമാണം നിന്നുപോകുകയുംചെയ്തു.

തീവ്രമായ ആഗ്രഹത്തിന് പ്രപഞ്ചം കൂടെനിന്ന നിമിഷം

വള്ളം പൊതുമരാമത്തുവകുപ്പ് ഏറ്റെടുക്കുന്ന വിവരം മത്സ്യത്തൊഴിലാളികൾ അറിയുകയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സെയ്ൻറ് ആൻറണി എന്നു പേരായ മറ്റൊരുവള്ളം സ്കൂളിനായി വിട്ടുതരാം എന്ന് അറിയിക്കുകയുംചെയ്തു. സ്കൂളിലേക്ക് വള്ളം എത്തിക്കാൻ മത്സ്യത്തൊഴിലാളികളുടെ നേതാവും ഫിഷറീസ് സർവകലാശാല സെനറ്റ് അംഗവുമായ ബെയ്സൽ ലാലിൻറെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ സമീപിച്ചു. മന്ത്രി ഇടപെട്ടതോടെ കാര്യങ്ങൾ വേഗത്തിലായി. തങ്കശേരിയിൽനിന്ന് വള്ളമെത്തിക്കുന്നതിൽ ജി. ശ്രീരഞ്ജു ടീച്ചറിനൊപ്പം ബിജു മാത്യു, കെ. അനിൽകുമാർ എന്നീ അധ്യാപകരും പിന്തുണയേകി.

ഹൃദയത്തിൻറെ അടിത്തട്ടിന് കടലിനേക്കാൾ ആഴം

വെള്ളപ്പൊക്കത്തിൻറെ 30-ാം ദിവസമാണ് വള്ളം സ്ഥാപിച്ചത്. അതേദിവസം തന്നെ കോഴഞ്ചേരിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ആറ് മത്സ്യത്തൊഴിലാളികളെ സ്കൂളിൽ ആദരിക്കുകയുംചെയ്തു.ഉൾക്കടലിൽ മീൻപിടിക്കാനിറങ്ങുന്ന ഞങ്ങൾക്ക് പ്രളയത്തിൽ നാടുമുങ്ങുന്നതു കണ്ടുനിൽക്കാനാവില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ അന്നുപറഞ്ഞത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..