അച്ചൻകോവിലിലുണ്ട് ബോർഡിലോൺ താമസിച്ച ബംഗ്ലാവും ബ്രിട്ടീഷുകാർ നട്ട ബീഡിമരങ്ങളും


2 min read
Read later
Print
Share

സംരക്ഷിതസ്മാരകമാക്കി ഉയർത്തണം

തെന്മല: തിരുവിതാംകൂറിന്റെ ചരിത്രത്തിൽ പ്രകൃതിയെ സ്നേഹിച്ച ബ്രിട്ടീഷുകാരനായ ഫോറസ്റ്റ് കൺസർവേറ്റർ ബോർഡിലോണിന്റെ സ്മരണകൾക്ക് മരണമില്ല. തിരുവിതാംകൂറിലെ പുഴയും കാടും മരങ്ങളുമെല്ലാം വ്യക്തമായി രേഖപ്പെടുത്തിയതിനൊപ്പം കിഴക്കൻമേഖലയ്ക്ക് അതീവ പ്രാധാന്യം നൽകിയ ബോർഡിലോൺ അച്ചൻകോവിലിൽ താമസിച്ചതും മറ്റൊരു ചരിത്രമാണ്. 1891-ൽ ആര്യങ്കാവിൽ തേക്കിൻതൈകൾക്കുപകരം കമ്പ് നട്ടുപിടിപ്പിച്ച് ഒരുതോട്ടംതന്നെ ഉണ്ടാക്കിയെടുത്ത് മാറ്റം സൃഷ്ടിച്ചപ്പോൾ അച്ചൻകോവിലെന്ന കൊച്ചുഗ്രാമത്തിന്റെ ഭംഗി തൊട്ടറിയാനും തന്റെ റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.

ബോർഡിലോൺ അച്ചൻകോവിലിൽ താമസിച്ച ’ബംഗ്ലാവ് മുരുപ്പേൽ’ എന്ന തടിപാകിയ കെട്ടിടം ഇപ്പോഴുമുണ്ട്. ആര്യങ്കാവിൽനിന്ന് അച്ചൻകോവിലിലേക്ക് അദ്ദേഹം നിരവധിതവണ കുതിരപ്പുറത്തു യാത്രചെയ്ത് എത്തിയതായി മുൻതലമുറകളിൽനിന്ന് കേട്ടറിഞ്ഞ ഓർമകളും പ്രദേശത്തുള്ളവർക്കുണ്ട്. ആസമയത്ത് ബംഗ്ലാവ് മുരുപ്പേൽ ഭാഗം റവന്യൂ വകുപ്പാണ് നോക്കിയിരുന്നത്. ബംഗ്ലാവ് നോക്കാനായി പ്രത്യേക ജീവനക്കാരുമുണ്ടായിരുന്നു.

അച്ചൻകോവിലിൽ തേക്ക്, ഈട്ടി, കമ്പകം, ഏലം, തേൻ, മെഴുക് എന്നിവ ധാരാളമുണ്ടായിരുന്നു. പലപ്പോഴും ഇത്തരം സാധനങ്ങൾ മോഷണംപോകുന്നതും പതിവായിരുന്നു. അതിനാൽ കോട്ടവാസലിൽ ചെക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നു. ബംഗ്ലാവിനു സമീപത്തായി നിരവധി ബീഡിമരങ്ങളുള്ളത് മറ്റൊരു കൗതുകമാണ്. ഇത് ബ്രട്ടീഷുകാർ വെച്ചുപിടിപ്പിച്ചതാണെന്ന് പഴമക്കാർ പറയുന്നു. വളർന്നുവലുതായ ബീഡിമരങ്ങളിൽനിന്ന് തൈയും വളർന്നുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇലകളിട്ട് തിളപ്പിച്ചവെള്ളം ശരീരവേദനയ്ക്ക് പലരും പണ്ട് ഉപയോഗിക്കുമായിരുന്നെന്നും പറയുന്നു.

സംരക്ഷിതസ്മാരകമാക്കി ഉയർത്തണം

ബംഗ്ലാവ് മുരുപ്പേൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണിചെയ്തെടുക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. പഴയകെട്ടിടം അതേപടി നിലനിർത്തി, ചുറ്റോടുചുറ്റ് പാകിയ പലകകൾ ചായം പൂശുകയും മേൽക്കൂരയുൾപ്പെടെ നവീകരിക്കുകയും ചെയ്യുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. പൂർണമായും തേക്കുകൊണ്ടുള്ള പലക ഉപയോഗിച്ചിരിക്കുന്നതിനാൽ അധികം കേടുപാടുണ്ടായിട്ടില്ല. പഴക്കം വ്യക്തമല്ലെങ്കിലും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻകുമാറിന്റെ നിർദേശപ്രകാരം അച്ചൻകോവിൽ ഡി.എഫ്.ഒ. സുനിൽ സഹദേവൻ, റേഞ്ച് ഓഫീസർ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണം നടക്കുന്നത്. അതേസമയം ചരിത്രം കണക്കിലെടുത്ത് കെട്ടിടവും ബീഡിമരങ്ങളും സംരക്ഷിതസ്മാരകമാക്കി ഉയർത്തിയാൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും. ഇതിനു സമീപത്താണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.

ബംഗ്ളാവ് നിർമിച്ചതിന്റെ രേഖയുണ്ട്

1835-ൽ ബംഗ്ളാവ് നിർമിച്ചതിന്റെയും 1880-ൽ അറ്റകുറ്റപ്പണി നടത്തിയതിന്റെയും രേഖകൾ കണ്ടതായി ഓർമയുണ്ട്. ആ കാലയളവിൽ അച്ചൻകോവിൽ പ്രദേശം ചെങ്കോട്ട തഹസിൽദാരുടെ കീഴിലായിരുന്നു. 1887-ൽ ബോർഡിലോൺ ബംഗ്ളാവിൽ താമസിച്ചിട്ടുള്ളതായാണ് മനസ്സിലാക്കുന്നത്.

-രാഘവൻ നായർ,

റിട്ട. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്

(അച്ചൻകോവിൽ സ്വദേശിയായ ഇദ്ദേഹം 25 വർഷംമുമ്പ്‌ സർവീസിൽനിന്നു വിരമിച്ചു).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..