പത്തനംതിട്ട: അറബി നാട്ടിൽവെച്ച് കണ്ടുമുട്ടൽ. ഒരുമിച്ച് ഒരിടത്ത് ജോലി. അങ്ങനെ അങ്ങനെ തമ്മിൽ സൗഹൃദം. പിന്നെ പ്രണയഭാഷയ്ക്ക് മുന്നിൽ സംസാരഭാഷ മുട്ടുമടക്കിയ കാലം. ദേശം മറന്ന് അവർ സ്നേഹിച്ചു. അവർക്കിടയിൽ പ്രണയത്തിന്റെ പുതിയ ദേശമുണ്ടായി. ഒടുവിൽ, താന്നിമൂട്ടിൽ സാജു കൃഷ്ണനും ഫിലിപ്പീൻസ് സ്വദേശിനി മരിയ മാർട്ടിനസിനും പ്രക്കാനത്തുവെച്ച് ഒന്നായി. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യവെയാണ് മരിയയെ പ്രക്കാനംകാരനായ സാജു കണ്ടുമുട്ടിയത്. അത്പിന്നെ പ്രണയമായി മാറി. തുടർന്ന് ഇരുവരും കുടുംബക്കാരെ വിവരം ധരിപ്പിച്ചു. ആദ്യം ചില ആശങ്കകളൊക്കെ പറഞ്ഞെങ്കിലും ഇരുകൂട്ടരും സമ്മതിച്ചു. കല്യാണം പെണ്ണിന്റെ വീട്ടിലെന്ന ആചാരം മാറ്റിപ്പിടിക്കാനും തീരുമാനിച്ചു. അങ്ങനെ മരിയ ആദ്യമായി മലയാളനാട് കണ്ടു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വധുവിന്റെ ബന്ധുക്കൾ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. സാരിയണിഞ്ഞ് മലയാളി പെൺകൊടിയായി മരിയ കല്യാണമണ്ഡപത്തിലെത്തി വിഭവസമൃദ്ധമായിരുന്നു സദ്യ. മരിയയ്ക്ക് ചെറുക്കനെ പിടിച്ചതുപോലെ സദ്യയും അങ്ങ് പിടിച്ചു. കൂട്ടാനും കറികളും ഭർത്താവിനോട് ചോദിച്ചറിഞ്ഞ് കഴിച്ചു. പ്രക്കാനത്തെ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ.
എം.എ.സാബുവിന്റെയും ജയയുടെയും മകനാണ് സാജു കൃഷ്ണൻ. ഡോമിനഡോർ മാർട്ടിനസ്, നർസിയ മാർട്ടിനസ് എന്നിവരാണ് മരിയുടെ മാതാപിതാക്കൾ. ഒരുമാസത്തിന് ശേഷം വധൂവരന്മാർ ജോലിസ്ഥലത്തേക്ക് മടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..