റാന്നി: ’കഷ്ടപ്പെടുന്നവനെയും വേദന അനുഭവിക്കുന്നവനെയും സഹായിക്കുക’ ദൈവവചനം തന്നാലാവുംവിധം പ്രാവർത്തികമാക്കുക എന്ന ഒരു ലക്ഷ്യം മാത്രമാണ് ഓട്ടോറിക്ഷ ഡ്രൈവറായ മോൻസിക്കുള്ളത്. ഒരു ദിവസം ഒരാൾക്കെങ്കിലും ചെറിയ സഹായം ചെയ്തില്ലെങ്കിൽ ഈ മനുഷ്യസ്‌നേഹിയുടെ മനസ്സിന് നോവാണ്. വിശന്നു വരുന്നവന് ഒരു ചായ, അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം, അതുമല്ലെങ്കിൽ കിടപ്പുരോഗികളെ അല്പനേരം പരിചരിക്കുക തുടങ്ങി എന്തെങ്കിലും സത്പ്രവൃത്തി ചെയ്തശേഷമേ വൃന്ദാവനത്തെ ഓട്ടോ സ്റ്റാൻഡിൽനിന്നും വീട്ടിലേക്ക് മടങ്ങാറുള്ളൂ. കിടപ്പുരോഗികളെ ആശുപത്രിയിൽ കൂട്ടിക്കൊണ്ടുപോയി ആവശ്യമായ സഹായങ്ങളൊക്കെ ചെയ്തുകൊടുക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെ പണം വാങ്ങാതെ ആശുപത്രിയിലെത്തിക്കുക, സൗജന്യ കിറ്റ് വിതരണം, വേണ്ടിവന്നാൽ കിടപ്പുരോഗികളുടെ മുടിവെട്ടുക എന്നിങ്ങനെ നീളുന്നു മോൻസിയുടെ സേവനപട്ടിക. അതുകൊണ്ട് തന്നെ നിരവധി നിരാശ്രയർ മോൻസിയെ സ്വന്തം മകനെ പോലെ സ്‌നേഹിക്കുന്നു.
കൊറ്റനാട് കേഴപ്ലാക്കൽ ജേക്കബ് മാത്യു(മോൻസി) 23 വർഷമായി വൃന്ദാവനത്ത് ഓട്ടോറിക്ഷ ഓടിക്കുന്നു. ഇസ്രയേൽ എന്നാണ് ഓട്ടോറിക്ഷയുടെ പേര്. മോൻസി എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിളിക്കുന്നതെങ്കിലും ഇസ്രയേൽ എന്നാണ് നാട്ടിൽ കൂടുതൽ അറിപ്പെടുന്നത്. ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്ന വരുമാനം കൊണ്ടാണ് മോൻസി കുടുംബം പോറ്റുന്നത്. എന്നാൽ കിട്ടുന്ന വരുമാനത്തിൽ ഒരു വിഹിതം മറ്റുള്ളരെ സഹായിക്കുന്നതിനായി വിനിയോഗിക്കണമെന്ന് ഈ വിശ്വാസിക്ക് നിർബന്ധമുണ്ട്. സഹായിക്കുന്നവരുടെ മുഖത്തുണ്ടാകുന്ന നേരിയ സന്തോഷമാണ് എന്റെ സംതൃപ്തിയെന്ന് മോൻസി പറയുന്നു.
ഏഴുവർഷമായി ഏറെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ഏഴു വീടുകളിൽ എല്ലാമാസും ഭക്ഷ്യധാന്യകിറ്റുകൾ എത്തിച്ചുനൽകുന്നു. ഇതൊന്നും തന്റെ പണം കൊണ്ടല്ല. പിന്തുണയുമായി ചെറുകോൽപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെ.എം.എം.എ.ഹോളിസ്റ്റിക് സെന്ററുമുണ്ട്. ഇവരുടെ പിന്തുണയോടെ ഭവനരഹിതരായ മൂന്നു പേർക്ക് വീട് നിർമിച്ചുനൽകാനായി. മോൻസിയുടെ പരിശ്രമംകൊണ്ടാണ് തന്റെ നാട്ടിലെ മൂന്നുപേരെ സഹായിക്കാനായത്. ചോർന്നൊലിക്കുന്ന വീടുകൾ കണ്ടാൽ അർഹതപ്പെട്ടവരാണെങ്കിൽ അതിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ മോൻസി മുന്നിട്ടിറങ്ങും. സംഘടനയെ കൂടാതെ സുഹൃത്തുക്കൾ, ബന്ധുക്കൾ, പങ്കെടുക്കുന്ന കൂട്ടായ്മകൾ, ഓട്ടം വിളിക്കുന്നവർ തുടങ്ങി പരിചയക്കാരോടൊക്കെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ചെറിയ തുകകൾ വീതം സമാഹരിച്ച് വീടിന്റെ പണികൾ നടത്തികൊടുക്കും. ചികിത്സയ്‌ക്ക് പണമില്ലാതെ വിഷമിക്കുന്ന പലരെയും ഇത്തരത്തിൽ സഹായിച്ചിട്ടുണ്ട്. അടുത്ത നാളിൽ തന്നോടൊപ്പം പത്താം ക്ലാസിൽ പഠിച്ചവരുടെ കൂട്ടായ്മ നടന്നപ്പോഴും മോൻസിക്ക് പറയാനുണ്ടായിരുന്നതും വേദന അനുഭവിക്കുന്നവരെ സഹായിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാനാവണം. അവിടെനിന്നു സമാഹരിച്ച ചെറിയ തുക ഉടൻ ചികിത്സയ്ക്ക് പണം തേടി നടന്ന രണ്ട് രോഗികൾക്ക് നൽകുകയുംചെയ്തു. കിടപ്പുരോഗികളുടെ വീടുകളിൽ പതിവായി പോകാറുള്ള മോൻസി പരസഹായമില്ലാതെ കഴിയുന്നവരുടെ മുടി വെട്ടിക്കൊടുക്കാനും ഷേവുചെയ്തു കൊടുക്കുന്നതിനുമൊന്നും മടിക്കാറില്ല. ഇവരിൽ ചിലരെ ആശുപത്രിയിൽ കൊണ്ടുപോയി മക്കളെപോലെ കൊണ്ടുനടന്ന് മരുന്നും വാങ്ങി തിരികെ കൊണ്ടുവിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മോൻസി പറഞ്ഞു. ഈ ദിവസങ്ങളിലാണ് തനിക്ക് ഏറ്റവുമധികം സന്തോഷമുണ്ടാവുന്നതെന്ന് മോൻസി പറയുന്നു. ഈ നന്മപ്രവൃത്തികൾക്കൊക്കെ പിന്തുണയുമായി ഭാര്യ ലിസിയും മക്കളായ ആൽബിനും ലിസിയുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..