തിരുവല്ല: നെടുമ്പ്രം കടയാന്ത്ര സ്വദേശി വിനു ഡി.കൈമളിന്റെ വയറിന് മുകളിൽ വെച്ചിരിക്കുന്ന ഒാടുകളിൽ ഇരുമ്പുകൂടംകൊണ്ട് അടിയോട് അടി. നിമിഷങ്ങൾകൊണ്ട് പൊട്ടിമാറിയത് നൂറ് ഓടുകൾ. ഇതോടെ വിനു നാട്ടിൽ താരമായി. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടവും നേടി. ഒരു മിനിറ്റ് അഞ്ചുസെക്കൻഡുകൊണ്ടാണ് വിനുവിന്റെ വയറിന് മുകളിൽവെച്ച് 100 ഒാടുകൾ അടിച്ച് പൊട്ടിച്ചത്. 1.20 മിനിറ്റുകൊണ്ട് പൊട്ടിച്ച മുൻകാല റെക്കോഡാണ് വിനു മറികടന്നത്. അഞ്ച് ഓടുകൾ 20 തവണയായാണ് അടിച്ച് പൊട്ടിച്ചത്. തിരുവല്ല ഉണ്ടപ്ലാവ്, കുറ്റൂർ, പാണ്ടനാട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഒയാമ മാർഷൽ ആർട്‌സ് അക്കാദമിയിലെ മുഖ്യ പരിശീലകനാണ് വിനു. ക്യോകുഷിൻ കരാട്ടെ എന്ന ശൈലിയാണ് പഠിപ്പിക്കുന്നത്. ബി.ഹരികുമാർ ആണ് ഒയാമ മാർഷൽ ആർട്‌സ് അക്കാദമിയുടെ രക്ഷാധികാരി. തിരുവല്ല ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്ന് കുട്ടികൾക്ക് സൗജന്യമായി ലഹരിവിരുദ്ധ ക്ലാസുകൾ, ആരോഗ്യ സംരക്ഷണം, സ്വയം പ്രതിരോധ പരിശീലനവും അക്കാദമിയുടെ നേതൃത്വത്തിൽ നിരവധി സ്‌കൂളുകളിൽ നടത്തുന്നുണ്ട്. നിരവധി കരാട്ടെ മത്സരങ്ങളിൽ പങ്കെടുത്തിരിക്കുന്ന വിനു ദേശീയ ചാമ്പ്യൻ സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. തിരുവല്ലയിൽ വക്കീൽ ഗുമസ്തനായി ജോലിയും ചെയ്യുന്നുണ്ട്. രേഖാ വിശ്വനാഥ് ആണ് ഭാര്യ. വിശ്വജിത്ത്, അദ്രിനാഥ് എന്നിവർ മക്കളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..