മാന്നാർ ഉടമ്പടിക്ക് 280 വയസ്സ്


2 min read
Read later
Print
Share

രാജഭരണകാലത്ത് തിരുവിതാംകൂറും കായംകുളം രാജാവും തമ്മിലുള്ള പോരാട്ടത്തിന്റെ തുടർച്ചയായുണ്ടായ മാന്നാർ ഉടമ്പടി നടന്നിട്ട് 280 വർഷം പിന്നിട്ടു. രണ്ട് ഉടമ്പടികളാണു മാന്നാറിലെ കോയിക്കൽ കൊട്ടാരത്തിൽ നടന്നതെന്നാണു പറയപ്പെടുന്നത്. ആദ്യത്തേത് 1742 സെപ്തംബറിൽ കായംകുളം രാജാവും മാർത്താണ്ഡവർമ മഹാരാജാവും തമ്മിലും രണ്ടാമത്തേത് 1743 മേയ് 22 -ന് മാർത്താണ്ഡവർമ മഹാരാജാവും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലും.

മാർത്താണ്ഡവർമ മഹാരാജാവ് കായംകുളം രാജ വംശത്തെ കീഴ്‌പ്പെടുത്താൻ പടയോട്ടം നടത്തുന്ന കാലഘട്ടം. നാട്ടുരാജ്യമായിരുന്ന മരുതൂർ കുളങ്ങര (ഇന്നത്തെ മാവേലിക്കര) രാജാവിന്റെ മരണശേഷം പിൻഗാമികളില്ലാതിരുന്ന അവസ്ഥയിൽ ആ രാജ്യം തങ്ങൾക്കു വേണമെന്നു കായംകുളം രാജാവ് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച മാർത്താണ്ഡവർമ മഹാരാജാവുമായി ഉണ്ടായ തർക്കം യുദ്ധത്തിൽ കലാശിച്ചു. ഇതേത്തുടർന്നാണു പരാജയത്തിലേക്കടുത്ത കായംകുളം രാജാവും മാർത്താണ്ഡവർമയുമായി കായംകുളം രാജാവിന്റെ ഒഴിവുകാല വസതിയായ മാന്നാർ കോയിക്കൽ കൊട്ടാരത്തിൽ ഉടമ്പടിയിലേർപ്പെട്ടത്. ഇതിൻപ്രകാരം എല്ലാവർഷവും കായംകുളം രാജാവ് ഒരാനയും ആയിരംരൂപയും തിരുവതാംകൂറിനു നൽകണമെന്നായിരുന്നു വ്യവസ്ഥ. കായംകുളം രാജാവ് ഇത് അംഗീകരിച്ചെങ്കിലും പാലിച്ചില്ല. നാലുവർഷം കഴിഞ്ഞ് വീണ്ടും യുദ്ധമായി.

വാണിജ്യപരമായി കായംകുളവുമായി സൗഹൃദത്തിലായിരുന്ന ഡച്ചുകാർ കായംകുളത്തിന്റെ പക്ഷം ചേർന്ന് യുദ്ധം തുടർന്നെങ്കിലും കായംകുളം രാജാവ് ഇവിടെനിന്നു പരാജയഭീതിമൂലം മലബാറിലേക്കു രക്ഷപ്പെട്ടു. തുടർന്നാണു ഡച്ചുകാരും തിരുവതാംകൂറും തമ്മിൽ കോയിക്കൽ കൊട്ടാരത്തിൽ വീണ്ടും ഒരു ഉടമ്പടിക്കായി ചർച്ച ആരംഭിക്കുന്നത്.

എന്നാൽ, ഈ ഉടമ്പടി പ്രാബല്യത്തിൽവന്നത് 10 വർഷത്തിനുശേഷം 1753-ൽ മാവേലിക്കരയിൽ വെച്ചാണ്.

ഇതാണു തിരുവിതാംകൂറിലെ ആദ്യ വ്യാപാരക്കരാർ. ആണ്ടൊന്നിന് 1,200 കണ്ടി (ഒരു കണ്ടി ഇന്നത്തെ 300 കിലോഗ്രാം വരും) കുരുമുളക് കണ്ടിക്ക് 54 രൂപ നിരക്കിൽ തിരുവിതാംകൂർ നൽകണമെന്നും പകരം നൂറുകണ്ടി കുരുമുളകിന്റെ വിലയ്ക്ക് ഡച്ചുകാർ വെടിക്കോപ്പുകൾ തിരികെ നൽകണം എന്നതുമായിരുന്ന പ്രധാന വ്യവസ്ഥകളിൽ ഒന്ന്.

സർക്കാർ പുറത്തിറക്കിയ കൊല്ലം ഗസറ്റിയറിലും പഴയ തിരുവിതാംകൂറിലെ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ എന്ന പാഠപുസ്തകത്തിലും ഈ സംഭവങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്..

മാന്നാർ ഉടമ്പടി നടന്ന കോയിക്കൽ കൊട്ടാരം അവഗണനയുടെ സ്മാരകമായി നശിച്ചു മണ്ണടിഞ്ഞു. ദേവസ്വം ബോർഡിന്റെ അധീനതയിലാണു നിലവിൽ ഈ കൊട്ടാരം നിൽക്കുന്ന സ്ഥലം. ഈ ചരിത്ര സ്മാരകം സംരക്ഷിക്കാതെപോയത് ദൗർഭാഗ്യകരമാണെന്നു ചരിത്രകാരനായ എം.ജി. ശശിഭൂഷൺ അഭിപ്രായപ്പെട്ടു.

ഒരു തലമുറയുടെ പുണ്യങ്ങളെ ചിതലിനു നിവേദിക്കാൻ മനസ്സുകാണിക്കുന്ന അപൂർവ ജീവികളായി മലയാളികൾ മാറിയിരിക്കുന്നതിന്റെ ഉദാഹരണമാണിതെന്നു ചരിത്ര ഗവേഷകനായ അനിൽ വിളയിൽ പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..