വൃക്ഷരാജന്റെ കാവൽക്കാരൻ


2 min read
Read later
Print
Share

വാസയിടത്തിലെ ഏറ്റവും വലിയ മരമെന്ന വിശേഷണമുള്ള ആഞ്ഞിലിയെ സംരക്ഷിക്കുന്ന 86-കാരനായ പ്ലാന്റർ

കോട്ടയം: പറമ്പിലെ പുൽക്കൊടികൾപോലും എത്ര ആദായം തരുമെന്നു മനസ്സിലാക്കിയാണ് മാത്തച്ചൻ എന്ന പ്ലാന്റർ വളർന്നുവന്നത്. മീനച്ചിലാറിന്റെ കരയിലുള്ള തന്റെ വീടിനു മുന്നിലെ ഭീമൻ ആഞ്ഞിലിക്ക് വിപണിയിൽ ലക്ഷങ്ങൾ വില കിട്ടുമെന്ന് 86-ാം വയസ്സിലും മാത്തച്ചനറിയാം. എന്നാൽ 300 വർഷത്തിലധികം പ്രായമുള്ള ആ മരത്തിന്റെ മൂല്യം പണംകൊണ്ടല്ല അദ്ദേഹം അളക്കുന്നത്...

ഒത്ത ആകൃതി. ശിഖരം പിരിയുന്ന ഭാഗം വരെ 92 അടി ഉയരം. നടുഭാഗത്ത് 242 ഇഞ്ച് വണ്ണം. ഭരണങ്ങാനം കോളഭാഗത്ത് വീട്ടിലെ മാത്യു ജോസഫ് കുരുവുനാക്കുന്നേൽ എന്ന മാത്തച്ചന്റെ പറമ്പിൽ തലയുയർത്തി നിൽക്കുന്ന ആഞ്ഞിലിമരം, വാസസ്ഥലത്ത് വളരുന്ന ഏറ്റവും വലിയ മരമെന്ന ബഹുമതി നേടിയതാണ്.

1994-ൽ വൃക്ഷരാജൻ പുരസ്‌കാരം നൽകി മാതൃഭൂമി ഈ ആഞ്ഞിലിയെ ആദരിച്ചിരുന്നു. മാതൃഭൂമി കാർഷികമേളയുടെ വേദിയിൽ മാതൃഭൂമിയുടെ മുൻ എം.ഡി. എം.പി. വീരേന്ദ്രകുമാറിൽനിന്നാണ് മാത്തച്ചൻ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

150 വർഷത്തോളം പഴക്കമുള്ള മറ്റൊരു ആഞ്ഞിലിയും മാത്തച്ചന്റെ പറമ്പിലുണ്ട്. ഈ മരങ്ങളെക്കുറിച്ച് പഠിക്കാനായി വനം ഗവേഷണവകുപ്പിൽനിന്നും പാലോട് നഴ്‌സറിയിൽനിന്നുമെല്ലാം ഗവേഷകരെത്തിയിട്ടുണ്ട്. 40 വർഷംമുമ്പ്, ഒറ്റത്തടി വള്ളം നിർമിക്കാനായി തടി കൊടുക്കുമോ എന്ന് ചോദിച്ച് ആറന്മുള ദേവസ്വത്തിൽനിന്ന് ആളെത്തിയിരുന്നു. എന്നാൽ അൽപനേരം മാത്തച്ചനുമായി സംസാരിച്ചപ്പോൾ തന്നെ ഈ മനുഷ്യനും ആ മരവും തമ്മിലുള്ള അടുപ്പം അവർക്കു വ്യക്തമായി.

കോളഭാഗം എന്ന പൈതൃകഭവനം

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പൈതൃകനിർമിതിയുടെ സംരക്ഷകൻകൂടിയാണ് മാത്തച്ചൻ. 1880-ൽ വാങ്ങിയ സ്ഥലത്ത് നാലുകെട്ടും മൂന്നുനില തടിക്കെട്ടിടവും വെച്ചത് അദ്ദേഹത്തിന്റെ മുത്തച്ഛനാണ്. രാജകൊട്ടാരങ്ങളിലേതുപോലെ, മൂന്ന് ഉത്തരങ്ങൾ ചേർത്തുവെച്ചുള്ള നിർമാണശൈലി ഇവിടെ കാണാം. കൊടുംവേനലിലും എ.സിയെ വെല്ലുന്ന തണുപ്പുള്ള മുറികളാണ് മറ്റൊരു പ്രത്യേകത. മേൽക്കൂരയിൽ ഇലകൾ കെട്ടിവെച്ച് അതിന് മുകളിൽ മണ്ണുകുഴച്ച് തേച്ചുള്ള പഴയകാല എൻജിനിയറിങ് വൈദഗ്ധ്യമാണ് ഈ തണുപ്പിന്റെ രഹസ്യം.

മീനച്ചിലാറിനെ നെഞ്ചോടുചേർത്ത്

മീനച്ചിലാറ്റിൽ മണ്ണുവാരൽ അനിയന്ത്രിതമായതോടെ 80-കളിൽ മാത്തച്ചൻ നിയമപോരാട്ടത്തിനിറങ്ങി. ഈരാറ്റുപേട്ട മുതൽ കോട്ടയം വരെ ആറിന്റെ കരകളിൽ താമസിക്കുന്നവരിൽനിന്ന് ഒപ്പ് ശേഖരിച്ചു. കോടതി, നടപടിയെടുക്കാൻ കളക്ടറോട് ആവശ്യപ്പെട്ടതിനെ തുടർന്ന് അക്കാലത്ത് കുറേയൊക്കെ മണ്ണുവാരൽ തടയാൻ സാധിച്ചു. മീനച്ചിലാറിനെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ കോർത്തിണക്കി 2001-ൽ മാത്തച്ചൻ ഒരു പുസ്തകവും പുറത്തിറക്കി. 14 ഏക്കറിലായി റംബൂട്ടാനും മാങ്കോസ്റ്റിനും ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളെ അദ്ദേഹം പരിപാലിച്ചുവരുകയാണ്. കള്ളിവയലിൽ കുടുംബാംഗമായ ലീലയാണ് മാത്തച്ചന്റെ ഭാര്യ. മക്കൾ: ബിജു, രഞ്ജു, മാത്യു, അനുജ, സുജാത.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..