കോട്ടയം: ഒളശ്ശ ഗവ. എൽ.പി. സ്കൂളിൽ ആദ്യദിവസം വന്ന കുട്ടികളൊന്നും കരഞ്ഞില്ല. ഒരാളും ക്ലാസിലേക്ക് വിളിച്ചിട്ടും വരുന്നുമില്ല. കാരണം മറ്റൊന്നുമല്ല. മുറ്റത്തെ അതിമനോഹരമായ പാർക്ക് തന്നെ. ഇവിടത്തെ കുട്ടികൾ മാത്രമല്ല, വഴിയേ പോയ മറ്റ് സ്കൂളിലെ കുട്ടികളും ചോദിച്ചു. ‘ഞങ്ങളും ഒന്ന് കയറിക്കോട്ടെ...’
വർണക്കൂടാരം എന്ന പേരിൽ സ്റ്റാർസ് പദ്ധതിയിലൊരുക്കിയ ഉദ്യാനമാണ് ഇപ്പോൾ അമ്യൂസ്മെന്റ് പാർക്കുകളെ തോൽപ്പിക്കുന്ന നിലവാരത്തിലുള്ളത്. സ്കൂളിന്റെ കവാടംതന്നെ മരത്തടികൾ ചേർത്ത കവാടംപോലെ. കയറിച്ചെല്ലുമ്പോൾ കാണുന്നത് ഒരു ഗുഹയാണ്. വെറും ഗുഹയല്ല. ഒരിടത്തുകൂടി കയറി മറ്റൊരിടത്ത് ഇറങ്ങുംവിധം. തലയിൽ അൽപ്പം വെള്ളം വീണാൻ പരിഭ്രമിക്കേണ്ട. ചോർച്ചയല്ലിത്. ഗുഹയുടെ പാറ അടരിലൂടെ വെള്ളം അരിച്ചിറങ്ങുന്ന രീതിയുടെ മാതൃക മാത്രം.
ഗുഹയ്ക്കുള്ളിൽ വിവിധ ഇനം പാറകളെ സ്പർശിച്ചറിയാം. ഒരു ഭാഗം ചരൽ. പിന്നെ പുഴയിലെ ഉരുളൻകല്ല്, വെള്ളാരംകല്ല്, പാറക്കഷണം, പൊടി എന്നിങ്ങനെ വിവിധ അനുഭവം. ഇവിടെനിന്ന് ചെന്നാലുടൻ പുൽത്തകിടിയാണ്. ഇതിലേക്ക് വെള്ളം വീഴുന്നുണ്ട്. നാടൻ പൂക്കളുടെ ഉദ്യാനം കഴിഞ്ഞാൽ വായനാഇടം. വശങ്ങളിൽ ഇരിക്കാൻ പഴങ്ങൾ മുറിച്ചുവെച്ച മാതൃകയിൽ ഇരിപ്പിടങ്ങൾ. ചരിവ് പ്രതലം, സീസോ എന്നിവ കണ്ട് മുന്നോട്ട് പോയാൽ ഒരു വേഴാമ്പൽ ഇരിക്കുന്നുണ്ട്. കിണറിന്റെ വക്കിൽ. സംസ്ഥാന പക്ഷിയെ പരിചയപ്പെടുത്താനുള്ള പ്രതിമയാണിത്.
മുത്തശ്ശിപ്ലാവിന്റെ ചുവട്ടിലുണ്ട് ഒത്തുകൂടാനുള്ള ഇരിപ്പിടം. സ്കൂളിനുള്ളിൽ ഏറ്റവും പുതിയ പ്രീപ്രൈമറി പഠനരീതിയിലുള്ള ഇരിപ്പിടങ്ങൾ, മേശകൾ, വായിക്കാനും കളിക്കാനും ഒരിടം. സംഗീത ഉപകരണങ്ങളും ഇവിടെയുണ്ട്. പ്രോജക്ടറും ടി.വി.യുമായി ഹൈടെക് ക്ലാസുമെടുക്കാം.
കുറേനാൾ മുമ്പ് അടച്ചുപൂട്ടൽ പട്ടികയിൽപ്പെട്ട സ്കൂളിന് രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന കൂട്ടായ്മയാണ് രക്ഷയായത്. നല്ല പഠനവും അന്തരീക്ഷവും ഉഷാറാക്കുന്നു. എസ്.എസ്.കെ.കേരളയിൽനിന്നുള്ള 10 ലക്ഷം രൂപയാണ് പുതിയ ഉദ്യാനത്തിന് പ്രയോജനപ്പെട്ടത്.
പ്രമുഖർ പഠിച്ചയിടം
120 വർഷം പഴക്കമുള്ള സ്കൂളിലാണ് കവി നാലാങ്കൽ കൃഷ്ണപിള്ളയും നടൻ വിജയരാഘവനുമൊക്കെ പഠിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..