കോട്ടയം: മീനച്ചിലാർ സാക്ഷിയായി ആ ചരിത്രമുഹൂർത്തം പിറന്നു. നൂറ്റാണ്ടുകളുടെ പൈതൃകവും പാരമ്പര്യവും പേറുന്ന താഴത്തങ്ങാടിയിലെ വിവിധ ആരാധനാലയങ്ങളിൽ ആദ്യമായി അവിടത്തെ വികാരിയും േക്ഷത്രഅധികാരികളും ഇമാമുമൊക്കെ കടന്നുചെന്നു.
ആദ്യം എത്തിയത് തളി മഹാദേവ ക്ഷേത്രത്തിൽ. അവിടെ അഞ്ച് തിരിയിട്ട വിളക്കിൽ അഞ്ച് പേർ ചേർന്ന് ദീപം പകർത്തി. തളി മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ആർ.സതീശൻ, കോട്ടയം ചെറിയപള്ളി വികാരി മോഹൻ ജോസഫ്, വലിയ പള്ളി വികാരി ഫാ. ഡോ. തോമസ് എബ്രഹാം, വെങ്കിടേശ്വര തിരുമല ക്ഷേത്രം അധികാരി ദിലീപ് കമ്മത്ത്, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം അൽ ഹാഫിള് അബുഷമ്മാസ് അലി മൗലവി, താഴത്തങ്ങാടി ഇക്ബാൽ പബ്ലിക് ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ എന്നിവർ പങ്കാളികളായി.
താഴത്തങ്ങാടി ഇക്ബാൽ പബ്ലിക് ലൈബ്രറി, കോട്ടയം നാട്ടുകൂട്ടം, എന്റെ താഴത്തങ്ങാടി കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പഴയ കോട്ടയം പൈതൃക കേന്ദ്രങ്ങളിലൂടെയുള്ള ‘‘മാനസ തീർഥാടനം’’ എന്ന പൈതൃക യാത്രയ്ക്കാണ് അവിടെ ദീപം പകർന്നത്. ശേഷം അവർ താഴത്തങ്ങാടി ജുമാ മസ്ജിദ്, ഇടയ്ക്കാട്ടുപള്ളി, കോട്ടയം വലിയ പള്ളി, ചെറിയ പള്ളി എന്നിവിടങ്ങളിലേക്ക് ഒന്നിച്ച് പോയി. അവസാനം സന്ദർശിച്ച ചെറിയ പള്ളിയിൽ ഒന്നിച്ചിരുന്നു ഉച്ചഭക്ഷണവും കഴിച്ചു.
താഴത്തങ്ങാടി ജുമാമസ്ജിദ്, തളിയിൽ മഹാദേവക്ഷേത്രം, കോട്ടയം സെയ്‌ന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് (വലിയപള്ളി), സെയ്ന്റ് മേരീസ് സിറിയൻ ക്നാനായ പള്ളി (ചെറിയപള്ളി) തുടങ്ങിയ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ആരാധനാലയങ്ങളും അപൂർവ നിർമിതികൾ ഉൾപ്പെടുന്ന കെട്ടിടങ്ങളും ചേർന്ന പ്രദേശമാണു പൈതൃകമേഖലയിൽ ഉൾപ്പെടുന്നത്.
ഇതിന്റെ തുടർച്ചകൾ വരുംനാളുകളിൽ ഉണ്ടാവുമെന്ന് ഇക്ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ഷേബ മാർക്കോസ്, ഡോ. പി.ആർ. സോന, അഡ്വ. ടോം കോര അഞ്ചേരിൽ, ഇടയ്‌ക്കാട്ടു ഫെറോന പള്ളി ട്രസ്റ്റി ബെന്നി ജോൺ, പള്ളിക്കോണം രാജീവ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..