• കൊട്ടേക്കാട് കാളിപ്പാറ കുണ്ടുകാടിലെ രാജേഷിന്റെ വീട്ടിലൊരുക്കിയ അക്വേറിയത്തിനുമുന്നിൽ മക്കൾ ഋതികയും ഋഗ്വൈദും
പാലക്കാട് : കടലാഴങ്ങളിൽ വർണമീനുകൾ ഓടിക്കളിക്കുന്നപോലെ ആകർഷകമാണ് കൊട്ടേക്കാട് കാളിപ്പാറ കുണ്ടുകാടിലെ പുതിയ വീടായ ‘കനവി’ന്റെ സ്വീകരണമുറി. 11 അടി നീളം, മൂന്നടി ഉയരം, ഒന്നരയടി വീതി എന്ന അളവിൽ നിർമിച്ച അക്വേറിയമാണ് ഇൗ വീടിനെ ആകർഷകമാക്കുന്നത്.
കോയമ്പത്തൂരിൽനിന്ന് കൊണ്ടുവന്ന 24 മില്ലീമീറ്റർ കനമുള്ള ഗ്ലാസാണ് സംഭരണി നിർമിക്കാൻ ഉപയോഗിച്ചതെന്ന് വീട്ടുടമ എം. രാജേഷ് പറഞ്ഞു. കടലിന്റെ ദൃശ്യഭംഗി ലഭിക്കാൻ സംഭരണിക്കുള്ളിൽ പിറകിലായി 12 ഷീറ്റ് സ്റ്റിറോ ഫോം പതിച്ചിട്ടുണ്ട്. ആറടി നീളമുള്ള രണ്ട് ട്യൂബ് ലൈറ്റുകളാണ് പ്രകാശം പരത്തുന്നത്. 1300 ലിറ്ററാണ് സംഭരണശേഷി. മണിക്കൂറിൽ 5000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന രണ്ട് ശുദ്ധീകരണികളും ഇതിലുണ്ട്. അതിനാൽ വർഷത്തിലൊരിക്കൽ സംഭരണി വൃത്തിയാക്കിയാൽ മതി.
മരത്തിന്റെ വേരുകൾ, കോറൽ റോക്ക്, ബ്ലാക്ക് സാൻഡ്, റിവർ സ്റ്റോൺ തുടങ്ങിയ സാധനങ്ങളാകെ ആയിരത്തോളം കിലോഗ്രാം വരും.
വീടുകളിൽ ഇത്രയും വലിയ അക്വേറിയം ജില്ലയിൽ ആദ്യത്തേതാണെന്ന് ഇത് നിർമിച്ച താരേക്കാട് ഫിഷ് വേൾഡ് ഉടമ ശ്രീനിവാസൻ പറയുന്നു. സംഭരണി സജ്ജീകരിക്കാൻ രണ്ടു മാസമെടുത്തു. ‘ഓൾ കേരള പെറ്റ്സ് അസോസിയേഷൻ’ ജില്ലാ പ്രസിഡന്റുകൂടിയാണ് ശ്രീനിവാസൻ.
അക്വേറിയം എന്ന കല
വീടിനലങ്കാരം എന്ന നിലയിലാണ് മിക്കവരും ഫിഷ് ടാങ്കുകൾ ഒരുക്കുന്നത്. കുട്ടികൾക്കായിരിക്കും വലിയ താത്പര്യം. അല്പം സമയവും സൗകര്യവുമുണ്ടെങ്കിൽ ആർക്കും വീടുകളിൽ അക്വേറിയം ഉണ്ടാക്കാം. 200 രൂപ മുതൽ ഒരുലക്ഷംരൂപ വരെയുള്ള ഗ്ലാസ് ടാങ്കുകൾ ലഭിക്കും. ചെറിയ ഫൈബർ ടാങ്കുകളും ലഭ്യമാണ്. മീനുകൾക്ക് ഓക്സിജൻ കിട്ടാൻ എയർപമ്പുകൾ ടാങ്കിൽ വെക്കണം.
ഗോൾഡ് ഫിഷ്, ബ്ലാക്ക് മോർ, കോയി കാർപ്, ഏഞ്ചൽ എന്നീ ഇനങ്ങളെ ഒന്നിച്ച് വളർത്താൻ കഴിയും. എന്നാൽ ‘തയാമിസ് ഫൈറ്റർ’ തനിച്ച് വളർത്തണം. ഭംഗി കൂടുന്തോറും മീനുകൾക്ക് വിലയും കൂടും. അരോണ, ചില്ലി റെഡ് അരോണ, ഫ്‌ളവർ കോൺ, ഡിസ്കസ് തുടങ്ങിയവ ആഡംബര മീനുകളാണ്. ഒരു ജോഡി മീനിന് 10 രൂപ മുതലാണ് വില. അതേസമയം ചില്ലി റെഡ് അരോണയ്ക്ക് ഒന്നിന് ഒരുലക്ഷം രൂപവരെയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..