• 'ജഗതം ഗോവിന്ദം' പുസ്തകത്തിലെ പേജുകളിലൊന്ന്
അമ്മ വിരമിക്കുമ്പോൾ എന്തു നൽകണമെന്ന് പലവട്ടം ചിന്തിച്ചു. കാലമെത്ര കഴിഞ്ഞാലും മങ്ങലേൽക്കാത്തതായിരിക്കണമത്. അങ്ങനെ അശ്വതിയുടെ ചിന്ത ചെന്നെത്തിയത് എഴുത്തിലേക്കുള്ള ദൃഢനിശ്ചയത്തിലേക്ക്. എഴുതിത്തുടങ്ങി. 'സവിശേഷമായ എന്തോ ഒന്ന് അതാണ് അമ്മ എന്ന് നിർവചിക്കാനാണെനിക്കിഷ്ടം.... അമ്മയാകേണ്ടി വന്നു. അമ്മയോളം വലുതല്ല മറ്റൊന്നും എന്നറിയാൻ...' ഇങ്ങനെ ഓരോ വരിയിലും അമ്മ നിറഞ്ഞു. അമ്മയുടെ കരുതലിനെക്കുറിച്ച്, സ്നേഹത്തലോടലിലേക്കും സാന്ത്വനപ്പെടുത്തുന്നതിലേക്കും സന്തോഷം പകരുന്നതിലേക്കുമെത്തിയ കരുതൽ. അടുക്കള
യിലെ അമ്മയിൽ തുടങ്ങി അധ്യാപകവൃത്തിയിലെ അമ്മയെ വരെ സൂക്ഷ്മമായി നീരീക്ഷിച്ചുള്ള എഴുത്ത്.
അമ്മയെ സ്നേഹിക്കുന്നവരും അമ്മയുടെ കൂടപ്പിറപ്പുകളുമെല്ലാം ഓരോ താളിലായി നിറഞ്ഞു. ഒടുവിൽ അതൊരു പുസ്തകമായി. ഔദ്യോഗികജീവിതത്തോട് അമ്മ വിടപറയുന്ന ദിവസം യാത്രയയപ്പ് ചടങ്ങിലെത്തിയ മകൾ അത് നാടിനു മുന്നിൽ സമർപ്പിച്ചു. അമ്മയ്ക്കുള്ള അക്ഷരസമ്മാനമായി. കോട്ടപ്പാറ ഗവ. എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയായി കഴിഞ്ഞദിവസം വിരമിച്ച കാഞ്ഞങ്ങാട് നെല്ലിത്തറയിലെ ലീല വാഴക്കോടനാണ് മകൾ ഡോ. അശ്വതി വി.അജിത്ത് വേറിട്ട സമ്മാനം നൽകിയത്. ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ പി.വി.കുഞ്ഞമ്പുവിന്റെ ഭാര്യയാണ് ലീല. സ്കൂൾ കാലഘട്ടം മുതൽ കവിതയും കഥയുമെഴുതുന്ന അശ്വതി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അമ്മയുടെ ജീവിതത്തെ ഒപ്പിയെടുത്ത് എഴുതിയ പുസ്തകത്തിന് 'ജഗതം ഗോവിന്ദം' എന്ന പേരാണ് നൽകിയിട്ടുള്ളത്. ജഗത് ഗോവിന്ദ് എന്നാണ് അശ്വതിയുടെ മകന്റെ പേര്. 32 അധ്യായങ്ങൾ.
96 പേജുള്ള പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു. നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറാണ് അശ്വതി. കാഞ്ഞങ്ങാട്ട് ഫാഷൻ ഡിസൈനറായ കരിന്തളം സ്വദേശി അജിത് കാമലത്താണ് ഭർത്താവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..