പണ്ടേ ചെണ്ടയുണ്ട് രക്തത്തിൽ, ചെണ്ടപ്പുറത്ത് കോലുവീഴുന്നതുകണ്ടാൽ വെറുതെയിരിക്കാനാവില്ല ധ്രുവന്


കൃപേഷ് കൃഷ്ണകുമാർ

നടൻ എന്ന നിലയിലേക്കെത്തുംമുൻപ് അസ്സൽ ചെണ്ടവാദ്യ കലാകാരൻകൂടിയായിരുന്നു ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശീരി ‘കല്യാ’ വീട്ടിൽ ഗോപാലകൃഷ്ണന്റെയും രാധാമണിയുടെയും മകൻ ധ്രുവൻ.

ധ്രുവൻ | ഫോട്ടോ: ‌www.instagram.com/being_rootedd/

ചിനക്കത്തൂർ പൂരത്തിന്‌ ജനം കുത്തിയൊഴുകിയ സമയം. പടിഞ്ഞാറൻ ചേരിയിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം കൊട്ടിക്കയറുന്നു. മേളത്തിനൊത്തു താളംപിടിക്കുന്ന ആസ്വാദകക്കൂട്ടത്തിനിടയിൽ വെള്ളമുണ്ടും ഷർട്ടുമണിഞ്ഞ്, ആളറിയാതിരിക്കാൻ മുഖാവരണവും തലയിൽ ഒരു തോർത്തുമുണ്ടും കെട്ടി ഒരാൾകൂടിയുണ്ടായിരുന്നു. 'ക്വീൻ' എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രലോകത്ത് തന്റെ സ്ഥാനംകുറിച്ചിട്ട നടൻ ധ്രുവൻ. ആളുകൾ തിരിച്ചറിയുമെന്ന് ഭയന്നല്ല, പാണ്ടിമേളം ഒരു തടസ്സമില്ലാതെ മതിമറന്ന് ആസ്വദിക്കാനായിരുന്നു മുഖംമറച്ചുള്ള വരവ്.

ചെണ്ടപ്പുറത്ത് കോലുവീഴുന്നകണ്ടാൽ വെറുതെയിരിക്കാനാവില്ല ഈ യുവനടന്. നടൻ എന്ന നിലയിലേക്കെത്തുംമുൻപ് അസ്സൽ ചെണ്ടവാദ്യ കലാകാരൻകൂടിയായിരുന്നു ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശീരി ‘കല്യാ’ വീട്ടിൽ ഗോപാലകൃഷ്ണന്റെയും രാധാമണിയുടെയും മകൻ ധ്രുവൻ. ചിനക്കത്തൂരിലും പനമണ്ണ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലുമുൾപ്പെടെയുള്ള ഉത്സവങ്ങൾക്ക്‌ പാണ്ടിമേളവും പഞ്ചാരിയും തായമ്പകയുമെല്ലാം കൊട്ടിയിരുന്ന കാലം വളരെ അകലെയല്ല. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ സംഘത്തിലൊക്കെ കൊട്ടിയിട്ടുണ്ട്.

വാദ്യകലാരംഗത്തെത്താനുള്ള പാരമ്പര്യവും ധ്രുവനുണ്ട്. വാദ്യകലാകാരൻ പനമണ്ണ ശശി, അമ്മയുടെ സഹോദരനാണ്. തൃത്താല കേശവപ്പൊതുവാൾ വല്യച്ഛനും. കലാമണ്ഡലം ശശി പൊതുവാളായിരുന്നു ഗുരു.2018-ൽ ‘ക്വീൻ’ ഇറങ്ങുംവരെ വാദ്യകലാലോകത്തായിരുന്നു ധ്രുവൻ. അടുത്ത ചിനക്കത്തൂർ പൂരത്തിന് ആറാട്ടുമേളസംഘത്തിൽ ഒരാളാകണമെന്ന ആഗ്രഹം മനസ്സിലുണ്ട്.

സിനിമാമോഹമുണ്ടാക്കിയ 'ഒറ്റപ്പാലം'

മുൻപ് ഒറ്റപ്പാലത്ത് സിനിമാചിത്രീകരണത്തിരക്കുണ്ടായിരുന്ന സമയത്ത് ഒറ്റപ്പാലം സെവൻത് ഡേ സ്കൂളിലെ വിദ്യാർഥിയായിരുന്നു ധ്രുവൻ. മമ്മൂട്ടിയുടെ ‘ദാദാസാഹിബ്’ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണു തുടക്കം. പിന്നെ അമ്പലവട്ടം പനമണ്ണയിലും ഭാരതപ്പുഴയിലും വരിക്കാശ്ശേരി മനയിലുമെല്ലാം സിനിമകളുടെ ചിത്രീകരണം കണ്ടുവളർന്നു. ഇതോടെ അഭിനയമോഹം കരുത്താർജിച്ചു.

ആ ഊർജത്തിൽ 17 സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ക്വീനിൽ അവസരം കിട്ടിയതോടെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി.

ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റർ’, ഷാഫിയുടെ ‘ചിൽഡ്രൻസ് പാർക്ക്’, പൃഥ്വിരാജിന്റെ ‘ജനഗണമന’, തമിഴ്‌നടൻ അജിത്തിന്റെ ‘വാലിമൈ’ തുടങ്ങിയ ചിത്രങ്ങളിൽ ധ്രുവൻ അഭിനയിച്ചു.

കൈനിറയെ...

ചെറിയ കഥാപാത്രങ്ങൾ കൈയൊതുക്കത്തോടെ അവതരിപ്പിച്ചപ്പോൾ അത്മവിശ്വാസം വളർന്നു. അതോടെ കൊച്ചി വിമാനത്താവളത്തിലെ ജോലി രാജിവെച്ച് സജീവ സിനിമാന്വേഷണത്തിലേക്കു കടന്നു. എന്നാൽ, പ്രതീക്ഷപോലെ കാര്യങ്ങൾ നടന്നില്ല. അവസരംകിട്ടാതെ വന്നതോടെ വിഷാദരോഗാവസ്ഥയിൽവരെയെത്തി. ഒടുവിൽ മടുത്ത്‌ നാടുവിടാം എന്ന അവസ്ഥയിലിരിക്കെയാണ് ‘ക്വീൻ’ സിനിമയിലേക്ക് വിളിവരുന്നതും ജീവിതം മാറുന്നതും.

ഇപ്പോഴും ഏതുസംവിധായകനെ കണ്ടാലും അവസരം ചോദിക്കുമെന്നും ഇതു തുടരുമെന്നും ധ്രുവൻ പറയുന്നു.

ദുൽഖർ സൽമാൻ നിർമിക്കുന്ന ഷൈൻടോം ചാക്കോ, അഹാന എന്നിവർക്കൊപ്പമുള്ള ‘അടി’, ആസിഫ് അലിയും സണ്ണി വെയിനും ഉൾപ്പെടുന്ന ‘കാസർഗോൾഡ്’ തുടങ്ങി റീലിസാകാനിരിക്കുന്ന നിരവധി സിനിമകളിലൂടെ തിരക്കുകളിലേക്ക്‌ കടക്കയാണ് ധ്രുവൻ.

Content Highlights: sunday special, actor dhruvan's chenda background, Dhruvan Movies

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..