മാതൃത്വത്തിന്റെ കവയിത്രി


ജിജി

ജൂലായ്‌ 19 ബാലാമണിയമ്മയുടെ ജന്മദിനം

മാതൃത്വത്തിന്റെ കവയിത്രി എന്നാണ് ബാലാമണിയമ്മ അറിയപ്പെടുന്നത്‌. സ്ത്രീസ്വത്വം ആവിഷ്കരിക്കാൻ ശ്രമിച്ച ആദ്യ മലയാളകവയിത്രിയാണ് ബാലാമണിയമ്മ എന്നുപറയാം. എന്നാൽ, പാരമ്പര്യത്തെ നിഷേധിക്കാനോ സ്ത്രീപക്ഷപാതിയായി നിലകൊണ്ട് കവിതകളെഴുതാനോ ബാലാമണിയമ്മ ശ്രമിച്ചില്ല. സ്ത്രീകളുടെ വിവിധ അനുഭവങ്ങൾ തന്റെ കവിതകളിൽ അവർ വരച്ചുചേർത്തു. മാതൃത്വത്തിനുപുറമേ വാത്സല്യം, ഭക്തി, പ്രേമം തുടങ്ങിയ ഭാവങ്ങളും ആ കവിതകളിൽ ആവോളം കാണാം.
‘‘അനുഭൂതികൾ സ്മരണയുടെ ഊഷ്മളതയിൽ തിളച്ച് കുറുകിയുണ്ടാക്കുന്ന മധുരസത്തയാണ് സ്വന്തം കവിത’’ എന്ന്‌ ബാലാമണിയമ്മതന്നെ പറഞ്ഞിട്ടുണ്ട്. ആർഷജീവിതദർ
ശനങ്ങളിലേക്ക് കടന്നുചെന്നുള്ള നിരീക്ഷണങ്ങളും ചില കവിതകളിൽ കാണാം.
കേരളത്തിലെ പ്രസിദ്ധമായ സാഹിത്യത്തറവാടാണല്ലോ തൃശ്ശൂർ പുന്നയൂർകുളത്തെ നാലപ്പാട്ട് വീട്‌. നാരായണമേനോൻ എന്ന ഉന്നതശീർഷനായ കവിയുടെ സഹോദരി കൊച്ചുകുട്ടി അമ്മയുടെ മകളായി 1909 ജൂലായ് 19-നാണ്‌ ബാലാമണി ജനിച്ചത്‌. ചിറ്റഞ്ഞൂർ കുഞ്ഞുണ്ണിരാജയാണ്‌ പിതാവ്‌. വീട്ടിലിരുന്നായിരുന്നു പഠനം. മലയാളത്തോടൊപ്പം സംസ്കൃതവും ഇംഗ്ലീഷും വശമാക്കി. അമ്മാവന്റെ ഗ്രന്ഥപ്പുരതന്നെയായിരുന്നു മറ്റൊരു പ്രധാന പാഠശാല. മഹാകവി വള്ളത്തോളിന്റെ പ്രോത്സാഹനം ചെറുപ്പത്തിൽത്തന്നെ ലഭിച്ചു.
വിവാഹം
1928-ലായിരുന്നു വി.എം. നായരുമായുള്ള വിവാഹം. കൊൽക്കത്ത ബ്രിട്ടീഷ് കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു നായർ. ഭാര്യയുടെ കാവ്യജീവിതം പുഷ്കലമാക്കുന്നതിൽ വി.എം. നായർ പരമാവധി പ്രോത്സാഹിപ്പിച്ചു.
വി.എം. നായർ പിന്നീട്‌ മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായി. എഴുത്തുകാരായ മാധവിക്കുട്ടി (കമലാസുരയ്യ),
ഡോ. സുലോചന നാലപ്പാട്ട് എന്നിവരും മോഹൻദാസ്, ഡോ. ശ്യാംസുന്ദർ എന്നിവരുമാണ് മക്കൾ. പതിനാറാം വയസ്സിലാണ്‌ ആദ്യകവിതയായ ‘വിലാപം’ പ്രസിദ്ധീകരിച്ചത്. 1930-ൽ ‘കൂപ്പുകൈ’ എന്ന ആദ്യസമാഹാരം
പുറത്തുവന്നതോടെ ശ്രദ്ധിക്ക
പ്പെട്ടു.
സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയിൽ, ഊഞ്ഞാലിന്മേൽ, പ്രണാമം, മുത്തശ്ശി, നിവേദ്യം, ലോകാന്തരങ്ങളിൽ, മഴുവിന്റെ കഥ തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
കൊച്ചി രാജാവിൽനിന്ന്‌ 1947-ൽ സാഹിത്യനിപുണ ബഹുമതി ലഭിച്ചു. സരസ്വതീസമ്മാൻ, എഴുത്തച്ഛൻ പുരസ്കാരം എന്നിവയ്ക്കും അർഹയായി. കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചത്‌ ‘മുത്തശ്ശി’ എന്ന കാവ്യത്തിനാണ്‌. 1987-ൽ പദ്മഭൂഷൺ ലഭിച്ചു. 2004 സെപ്റ്റംബർ 29-ന് അന്തരിച്ചു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..