ബാങ്കുകളുടെ ചരിത്രം


ഡോ. കെ.പി. വിപിൻചന്ദ്രൻ

നിക്ഷേപങ്ങൾ സ്വീകരിക്കാനും വായ്പ നൽകാനുമുള്ള ധനകാര്യസ്ഥാപനങ്ങളാണ്‌ ബാങ്കുകൾ. ഇന്ത്യയിലെ ബാങ്കുകൾ ദേശസാത്കരിച്ചിട്ട്‌ ജൂലായ്‌ 19-ന്‌ 53 വർഷം പിന്നിടുന്നു. ബാങ്കുകളെയും ബാങ്ക്‌ ദേശസാത്കരണത്തെയും കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാം...

.

പ്രാകൃതബാങ്കുകളുടെ ചരിത്രം അസിറിയയിലെയും ഇന്ത്യയിലെയും സുമേറിയയിലെയും പണം പലിശയ്ക്ക്‌ കൊടുക്കുന്നവരിൽനിന്ന്‌ തുടങ്ങുന്നു. അതിന്‌ ബി.സി. രണ്ടായിരംവരെ പഴക്കവുമുണ്ട്‌. ധാന്യങ്ങളായിരുന്നു അവരുടെ വായ്പാവസ്തു.

ഇന്ത്യയിലെ വാണിജ്യബാങ്കുകളെ നിയന്ത്രിച്ചിരുന്നത്‌ കോർപ്പറേറ്റ്‌ കുടുംബങ്ങളായിരുന്നു. ഇവരുടെ ചൂഷണം തടയാനും സാമൂഹികനീതി ഉറപ്പുവരുത്താനുമാണ്‌ രാജ്യം ബാങ്ക്‌ ദേശസാത്കരണത്തിലേക്ക്‌ നീങ്ങിയത്‌. ഇന്ത്യയുടെ സാമ്പത്തികമേഖലയിൽ കൊണ്ടുവന്ന ഏറ്റവും വലിയ ഘടനാപരമായ പരിഷ്കാരമാണ്‌ ബാങ്കുകളുടെ ദേശസാത്കരണം.

സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ബാങ്കിനെ ഭൂരിഭാഗം ഓഹരികൾ (അതായത്‌ 50 ശതമാനത്തിൽ കൂടുതൽ) വാങ്ങി സർക്കാർ ഉടമസ്ഥതയിലേക്ക്‌ കൊണ്ടുവരുന്നതാണ്‌ ദേശസാത്കരണം. സാമൂഹികക്ഷേമം, സ്വകാര്യ കുത്തകകളുടെ നിയന്ത്രണം, ഗ്രാമീണമേഖലകളിലേക്ക്‌ ബാങ്കിങ് വ്യാപനം, ഗ്രാമ-നഗര വിഭജനം ഇല്ലാതാക്കി പ്രാദേശിക അസന്തുലിതാവസ്ഥ കുറയ്ക്കുക, സമ്പാദ്യസമാഹരണം, കാർഷികമേഖല ഉൾപ്പെടെയുള്ള മുൻഗണനാമേഖലയ്ക്ക്‌ വായ്പ അനുവദിക്കൽ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളാണ്‌ ദേശസാത്കരണത്തിനു പിന്നിലുള്ളത്‌.

1969 ജൂലായ് 19-ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ത്യയിലെ വാണിജ്യബാങ്കുകളുടെ ഒന്നാംഘട്ട ദേശസാത്കരണത്തിന്‌ തുടക്കമിട്ടു. 50 കോടിക്കുമുകളിൽ നിക്ഷേപമുള്ള 14 വാണിജ്യബാങ്കുകളെയാണ്‌ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്‌. ചുവടെ പറയുന്ന ബാങ്കുകളാണവ:
അലഹാബാദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കാനറ ബാങ്ക്‌, ദേനാ ബാങ്ക്‌, ഇന്ത്യൻ ബാങ്ക്‌, ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, സിൻഡിക്കേറ്റ്‌ ബാങ്ക്‌, യൂണിയൻ ബാങ്ക്‌, യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, യൂകോ ബാങ്ക്‌.

രണ്ടാംഘട്ടത്തിൽ 200 കോടിക്കുമുകളിൽ നിക്ഷേപമുള്ള ആറ് വാണിജ്യബാങ്കുകളെ ഉൾപ്പെടുത്തി. 1980 ഏപ്രിൽ ആറിനാണ്‌ ദേശസാത്കരണം പൂർത്തീകരിച്ചത്‌. പഞ്ചാബ്‌ ആൻഡ് സിന്ധ്‌ ബാങ്ക്‌, വിജയ ബാങ്ക്‌, ഓറിയന്റൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കോർപ്പറേറ്റ്‌ ബാങ്ക്‌, ആന്ധ്രാബാങ്ക്‌, ന്യൂ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നിവയാണവ.

ബാങ്ക്‌ ദേശസാത്കരണത്തിലൂടെ പ്രധാനമായും ഗ്രാമങ്ങളിലും നഗരങ്ങളിലും ബാങ്കിന്റെ ബ്രാഞ്ചുകളുടെ വിപുലീകരണമാണുണ്ടായത്‌. ചെറുകിട വായ്പക്കാർക്ക്‌ വായ്പ നൽകാൻ ബാങ്കുകൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ദേശസാത്കരണം ബാങ്ക്‌ നിക്ഷേപത്തിലും സാമ്പത്തികസമ്പാദ്യത്തിലും ഗണ്യമായ വർധനയ്ക്ക്‌ കാരണമായി. ബാങ്കുകളുടെ ദേശസാത്കരണത്തോടെ അവയെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ ആർ.ബി.ഐ.ക്ക്‌ കഴിഞ്ഞു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ബാങ്ക്‌ ദേശസാത്കരണം ഒരു പുതുജീവൻ നൽകിയെങ്കിലും 1991-ൽ നടപ്പാക്കിയ പുതിയ സാമ്പത്തികനയം (New Economic Policy) സ്വകാര്യബാങ്കുകൾക്ക്‌ പ്രോത്സാഹനം നൽകുന്ന രീതിയിലേക്ക്‌ മാറി. പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കണമെന്ന വാദമാണ്‌ ഇപ്പോൾ ഉയരുന്നത്‌.

ബ്രിട്ടീഷ്‌ ഭരണകാലയളവിൽ ബാങ്ക്‌ ഓഫ്‌ ബംഗാൾ, ബാങ്ക്‌ ഓഫ്‌ ബോംബെ, ബാങ്ക്‌ ഓഫ്‌ മദ്രാസ്‌ എന്നീ മൂന്നു ബാങ്കുകൾ സ്ഥാപിച്ചു. ഇവ പ്രസിഡൻഷ്യൽ ബാങ്കുകളായി അറിയപ്പെട്ടെങ്കിലും ഇവ ലയിച്ച്‌ 1921-ൽ ‘ഇംപീരിയൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ’ എന്നപേരിൽ ഒറ്റബാങ്കായി മാറി. 1955-ൽ ഇംപീരിയൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ദേശസാത്കരിക്കപ്പെടുകയും ‘സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ’ (എസ്‌.ബി.ഐ.) എന്ന്‌ പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്‌ എസ്‌.ബി.ഐ.

ആദ്യ ബാങ്ക്‌
ഇന്ത്യയിലെ ആദ്യ ബാങ്കായി അറിയപ്പെടുന്നത്‌ 1770-ൽ സ്ഥാപിതമായ ബാങ്ക്‌ ഓഫ്‌ ഹിന്ദുസ്ഥാനാണ്‌. എന്നാൽ, ബാങ്ക്‌ നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിൽ പരാജയപ്പെടുകയും 1832-ൽ പൂട്ടുകയും ചെയ്തു. ബാങ്ക്‌ ഓഫ്‌ ഹിന്ദുസ്ഥാന്റെ പാത പിന്തുടർന്ന്‌ പിന്നീട്‌ വിവിധ ബാങ്കുകൾ സ്ഥാപിക്കപ്പെട്ടു. ദി ജനറൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (1786-1791), ഓദ്‌ കൊമേഴ്‌സ്യൽ ബാങ്ക്‌ (1881-1958), ബാങ്ക്‌ ഓഫ്‌ ബംഗാൾ (1809), ബാങ്ക്‌ ഓഫ്‌ ബോംബെ (1840), ബാങ്ക്‌ ഓഫ്‌ മദ്രാസ്‌ (1843) എന്നിവയാണവ.

ബാങ്കുകളുടെ ബാങ്ക്‌
ഇന്ത്യയുടെ കേന്ദ്രബാങ്ക് റിസർവ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആർ.ബി.ഐ.) ആണ്. 1935 ഏപ്രിൽ ഒന്നിനാണ് ആർ.ബി.ഐ. സ്ഥാപിതമായത്‌. 1949-ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരം 1949-ൽ റിസർവ് ബാങ്ക്‌ ദേശസാത്കരിച്ചു. ഇന്ത്യയിൽ കറൻസി പ്രിൻറ്‌ ചെയ്യാനുള്ള അധികാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമാണ്‌. മുംബൈയിലാണ്‌ ആർ.ബി.ഐ.യുടെ ആസ്ഥാനം.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..