ചന്ദ്രനിലേക്ക് ഒരു കുതിച്ചുചാട്ടം


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തിയത്‌ 1969 ജൂലായ്‌ 21ന് (അമേരിക്കയിൽ ജൂലായ്‌ 20)

.

# ശ്യാമള മൂത്തേടത്ത്

ചന്ദ്രോപരിതലത്തിലെ രഹസ്യം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് പരിസമാപ്തികുറിച്ചത്‌ 1969 ജൂലായ് 21-നാണ്‌. മനുഷ്യന്റെ കൗതുകത്തെയും ഭാവനയെയും പ്രലോഭിപ്പിച്ച ആകാശഗോളമാണ് കുഞ്ഞുങ്ങളുടെ അമ്പിളിമാമൻ. അപ്പോളോ-11 എന്ന ബഹിരാകാശപേടകത്തിൽ ‘നീൽ ആംസ്‌ട്രോങ്’ ചന്ദ്രനിൽ കാലുകുത്തുമ്പോൾ അതു മനുഷ്യരാശിയുടെ കുതിച്ചുചാട്ടമായിരുന്നു.
‘‘മനുഷ്യന്‌ ഒരു ചെറിയ കാൽവെപ്പ്‌. മാനവരാശിക്ക്‌ ഒരു വലിയ കുതിച്ചുചാട്ടം’ എന്നാണ്‌ അതേക്കുറിച്ച്‌ ആംസ്‌ട്രോങ്‌ പറഞ്ഞത്‌.
ഈ മഹത്തായ നേട്ടത്തിന്റെ ഓർമകളിലൂടെ നമുക്ക്‌ സഞ്ചരിക്കാം.

പ്രസക്തി

ആദ്യ ചാന്ദ്രയാത്ര ലക്ഷ്യപ്രാപ്തിയിലെത്തിയത്‌ ജനങ്ങളെ അന്ധവിശ്വാസങ്ങളിൽനിന്ന് യുക്തിചിന്തയിലേക്ക് നയിക്കാൻ സഹായകരമായി. ജ്യോതിശ്ശാസ്ത്രപഠനം, ബഹിരാകാശപഠനം, എന്നിവയുടെ പ്രാധാന്യം കൂടുകയും ചെയ്തു.

ചാന്ദ്രയാത്ര

1969 ജൂലായ് 21. അതൊരു ഞായറാഴ്ചയായിരുന്നു. ആളുകൾ അദ്ഭുതത്തോടെ ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. അമേരിക്കൻ ബഹിരാകാശ സംഘടനയായ ‘നാസ’ രൂപപ്പെടുത്തിയ ‘അപ്പോളോ 11’ എന്ന ദൗത്യത്തിന്റെ അമരക്കാർ ‘നീൽ ആംസ്‌ട്രോങ്, എഡ്‌വിൻ ആൽഡ്രിൻ, മൈക്കേൽ കോളിൻസ് എന്നിവരായിരുന്നു. ഫ്ളോറിഡയിലെ ‘കേപ്പ് കെന്നഡി’ റോക്കറ്റ് ലോഞ്ച്പാഡിൽനിന്ന് ജൂലായ് 16-ന് രാവിലെ 9.32-ന് റോക്കറ്റ് സ്‌പേസിലേക്കുയർന്നു. 110 മീറ്റർ നീളമുള്ള സാറ്റേൺ വി. റോക്കറ്റായിരുന്നു അത്‌. അല്പസമയം കഴിഞ്ഞപ്പോൾ അത് അപ്രത്യക്ഷമായി. പിന്നീട് ജൂലായ് 24-നാണ്‌ തിരികെ ഭൂമിയിലെത്തിയത്.
ചന്ദ്രനിൽ കാലുകുത്താൻ നിയോഗിക്കപ്പെട്ടത് ആംസ്‌ട്രോങ്ങും ആൽഡ്രിനുമായിരുന്നു. കോളിൻസ് അപ്പോളോ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റാണ്.
ജൂലായ് 19 ആയപ്പോൾ അപ്പോളോ 11-ന്റെ വേഗംകുറയുകയും ചന്ദ്രനെ വലംവെക്കാൻ തുടങ്ങുകയുംചെയ്തു. ഈ സന്ദർഭത്തിലാണ് നാലുലക്ഷം കിലോ മീറ്റർ അകലെയുള്ള ഭൂമിയുടെ ഫോട്ടോ അവർ എടുത്തത്. ആംസ്‌ട്രോങ്ങും ആൽഡ്രിനും ലൂണാർ മൊഡ്യൂളിൽ ഉള്ളപ്പോൾ കമാൻഡ് മൊഡ്യൂളിൽനിന്ന് വേർപെടുകയും ചന്ദ്രനിലേക്ക് പ്രവേശിക്കുകയുംചെയ്തു. ഈ സമയം കോളിൻസ് കമാൻഡ് മൊഡ്യൂൾ നിയന്ത്രിച്ചുകൊണ്ടിരുന്നു. കമാൻഡ് മൊഡ്യൂളിനെ ഇനി കൊളംബിയ എന്നും ലൂണാർ മെഡ്യൂളിനെ ഈഗിൾ എന്നും വിളിക്കാം. ഈഗിൾ ചന്ദ്രനിൽ ലാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. അല്പസമയം കഴിഞ്ഞ് ആംസ്‌ട്രോങ് ഈഗിളിന്റെ വാതിലിലൂടെ പടവുകളിറങ്ങി ചരിത്രപരമായ ആ കാല്പാട് പതിച്ചു.
ആംസ്‌ട്രോങ്ങിന്റെ അടുത്തലക്ഷ്യം ചന്ദ്രനിലെ പാറ, മണ്ണ് എന്നിവ ശേഖരിക്കലായിരുന്നു. അപ്പോഴേക്കും ആൽഡ്രിനുമിറങ്ങി. അമേരിക്കയുടെ ദേശീയപതാക, മെഡലുകൾ, ലേസർ റിഫ്‌ളക്ടറുകൾ, സീസ്‌മോ മീറ്ററുകൾ എന്നിവ ചന്ദ്രോപരിതലത്തിൽ സ്ഥാപിച്ചു. രണ്ടു മണിക്കൂർ 37 മിനിറ്റ് അവർ അവിടെ ചെലവഴിച്ചു. അവർ ഈഗിളിൽ പ്രവേശിക്കുകയും ജൂലായ് 21-ന് കൊളംബിയയുമായി കൂടിച്ചേർന്ന് മുകളിലേക്കുയരുകയും ചെയ്തു. ചന്ദ്രന്റെ ചക്രവാളത്തിൽ നീലനിറത്തിൽ ഭൂമി ഉദിക്കുന്ന മനോഹരദൃശ്യം അവർക്ക് അവിടെ കാണാൻകഴിഞ്ഞു.
ജൂലായ്‌ 24-ന് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയ പേടകത്തിൽനിന്ന് ഹെലികോപ്റ്ററിന്റെ സഹായത്തോടെ ശാസ്ത്രലോകത്തിന് അഭിമാനമായ മൂവർസംഘത്തെ സ്വീകരിച്ചാനയിച്ചു.

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണങ്ങൾ

ചന്ദ്രയാൻ 1
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യം. 2008 ഒക്ടോബർ 22-ന് വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ പി.എസ്.എൽ.വി. സി-11 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ ഇന്ത്യയുടെ ദേശീയപതാക സ്ഥാപിച്ചു.

ചന്ദ്രയാൻ 2
റഷ്യയുടെ സഹായത്തോടെ 2019 ജൂലായ് 22-ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ജി.എസ്.എൽ.വി. MARK 3 എം.ഐ. എന്ന റോക്കറ്റിന്റെ സഹായത്താൽ വിക്ഷേപിച്ചു. പ്രഗ്യാൻ എന്ന റോബോട്ടിക് വെഹിക്കിളാണ് ഇതിൽ പ്രയോജനപ്പെടുത്തിയത്.

ചന്ദ്രനിൽ കാലുകുത്തിയ മറ്റുള്ളവർ

1) പീറ്റ്‌ കോൺറാഡ്‌, അലൻ ബീൻ (അപ്പോളോ 12- 1969)
2) അലൻബി ഷെപ്പേർഡ്‌, എഡഗാർ മൈറ്റ്‌ചെൽ- (അപ്പോളോ 14- 1971 )
3) ഡേവിഡ്‌ സ്കോട്ട്‌, ജെയിംസ്‌ ബി ഇർവിൻ (അപ്പോളോ 15- 1971)
4) ജോൺയങ്‌, ചാംസ്‌ എം ഡ്യൂക്ക്‌ (അപ്പോളോ 16- 1972)
5) യൂജിൻ സർനാൻ, ഹാരിസൻ സ്മിത്ത്‌ (അപ്പോളോ 17- 1972)


സ്‌കൂളുകളിൽ എന്തൊക്കെ ചെയ്യാം

  • റോക്കറ്റുകളുടെ മാതൃക തയ്യാറാക്കൽ
  • ചാന്ദ്രദിന ക്വിസ്, പ്രസംഗം
  • കാർട്ടൂൺ തയ്യാറാക്കൽ, പ്രബന്ധാവതരണം
  • കൊളാഷ് നിർമാണം
  • ബഹിരാകാശ യാത്രികരുമായി അഭിമുഖം
  • പോസ്റ്റർ നിർമാണം
  • ഗൂഗിൾ ഫോട്ടോ ഉൾപ്പെടുത്തി
  • ഡിജിറ്റൽ പതിപ്പ് നിർമാണം
  • വീഡിയോ നിർമാണം
  • അനുഭവം പങ്കുവെക്കൽ

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..