ഉയർന്നുപറന്ന്‌ ദേശീയപതാക


.

# ഡോ. ജയശ്രീ കെ.എം.
ദേശീയപതാക രാഷ്ട്രത്തിന്റെ പരമാധികാരത്തെ പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ ദേശീയപതാക, ‘ത്രിവർണ പതാക’, ‘തിരംഗ’ എന്നറിയപ്പെടുന്നു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ്‌ 15-നും റിപ്പബ്ലിക്‌ ദിനമായ ജനുവരി 26-നും വാനനീലിമയിൽ അഭിമാനത്തോടെ പാറിപ്പറക്കുന്ന ദേശീയപതാക ഔദ്യോഗികമായി ആദ്യമുയർത്തിയത്‌ 1947 ഓഗസ്റ്റ്‌ 15-നാണ്‌. ആന്ധ്രയിലെ ഭട്‌ല പെൻമാറ്‌ ഗ്രാമത്തിൽ ജനിച്ച പിംഗലി വെങ്കയ്യ എന്ന സ്വാതന്ത്ര്യസമരഭടനാണ്‌ ദേശീയപതാക രൂപകല്പന ചെയ്തത്‌.

ചരിത്രം
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷ്‌ ഗവൺമെന്റ് ‘ബ്രിട്ടീഷ്‌ ഇന്ത്യൻ പതാക’ രൂപപ്പെടുത്തി. ബ്രിട്ടീഷ്‌ പതാകയായ ‘യൂണിയൻ ജാക്കും’ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ പരിഗണിച്ച്‌ നക്ഷത്രചിഹ്നവും ചേർത്തതായിരുന്നു 1858-ലെ ബ്രിട്ടീഷ്‌ ഇന്ത്യൻപതാക.
സ്വന്തമായ ഒരു ദേശീയപതാക ഇല്ലാത്തതിന്റെ വിഷമം അനുഭവപ്പെട്ട ദേശീയവാദികൾ സ്വന്തംപതാക എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചു. 1904-'06 കാലത്ത്‌ സ്വാമി വിവേകാനന്ദന്റെ ശിഷ്യ സിസ്റ്റർ നിവേദിത ചുവപ്പും മഞ്ഞയും നിറങ്ങളുള്ള പതാക രൂപപ്പെടുത്തി. ഇടിമിന്നലിന്റെ (ഇന്ദ്രന്റെ വജ്രായുധം) ചിത്രമുൾപ്പെട്ട പതാകയിൽ ‘വന്ദേമാതരം’ എന്ന്‌ ബംഗാളിഭാഷയിൽ എഴുതി.

ബംഗാൾവിഭജന വിരുദ്ധ പ്രക്ഷോഭകാലത്ത്‌ (1906) കൊൽക്കത്തയിൽ ഒരു മൂവർണപതാക ഉയർന്നു. ശചീന്ദ്ര പ്രസാദ്‌, സുകുമാർ മിത്ര എന്നിവർ രൂപപ്പെടുത്തിയ പതാക പച്ച, മഞ്ഞ, ചുവപ്പ്‌ നിറങ്ങളുള്ളതും പച്ചഭാഗത്ത്‌ എട്ടുതാമരപ്പൂക്കളും മഞ്ഞയിൽ ‘വന്ദേമാതരം’ എന്ന ലിഖിതവും ചുവപ്പിൽ ഇടതുഭാഗത്ത്‌ ചന്ദ്രക്കലയും വലതുഭാഗത്ത്‌ സൂര്യനും ഉണ്ടായിരുന്നു.

മാഡംകാമയുടെ പതാക
1907-ൽ കുങ്കുമം, മഞ്ഞ, പച്ച നിറങ്ങളുള്ള പതാകയ്ക്ക് മാഡംകാമ രൂപം നൽകി. കുങ്കുമനിറമുള്ളഭാഗത്ത്‌ എട്ടുതാമരപ്പൂക്കൾ, മഞ്ഞനിറമുള്ള ഭാഗത്ത്‌ ‘വന്ദേമാതരം’ എന്ന്‌ ഹിന്ദിയിൽ എഴുത്ത്‌, താഴെ പച്ചനിറമുള്ള ഭാഗത്ത്‌ സൂര്യനും ചന്ദ്രക്കലയും നക്ഷത്രവും ഉൾക്കൊള്ളുന്നതായിരുന്നു പതാക. ജർമനിയിലെ സ്റ്റഡ്‌ഗർട്ടിൽ സോഷ്യലിസ്റ്റ്‌ കോൺഗ്രസിന്റെ രണ്ടാം ഇന്റർനാഷണലിൽ മാഡംകാമ ‘വന്ദേമാതരം’ പതാക ഉയർത്തി. വിദേശരാജ്യത്ത്‌ ആദ്യമായി ഇന്ത്യൻപതാക ഉയർന്നു.
1917-ൽ ഹോംറൂൾപ്രസ്ഥാനത്തോടനുബന്ധിച്ച് ആനിബസന്റും തിലകനും ചേർന്ന്‌ പതാക ഉയർത്തിയിരുന്നു. പതാകയിൽ അഞ്ച്‌ ചുവപ്പുവരകളും നാല്‌ പച്ചവരകളും ഇടവിട്ടുണ്ടായിരുന്നു. ഏഴുനക്ഷത്രങ്ങളും മുകളിൽ ഇടതുഭാഗത്ത്‌ യൂണിയൻ ജാക്കും വലതുഭാഗത്ത്‌ ചന്ദ്രക്കലയും നക്ഷത്രവും പതാകയിലുണ്ടായിരുന്നു.

പിംഗലിവെങ്കയ്യ
1921-ൽ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി മീറ്റിങ്ങിൽ ഗാന്ധിജിയുടെ നിർദേശപ്രകാരം പച്ച, ചുവപ്പ്‌, വെളുപ്പ്‌ നിറങ്ങളും നടുവിൽ ചർക്കയുമുള്ള പതാക പിംഗലിവെങ്കയ്യ രൂപപ്പെടുത്തി.
പതാകയുടെ ചരിത്രത്തിൽ 1931 പ്രധാനമാണ്‌. കറാച്ചി കോൺഗ്രസ്‌ സമ്മേളനം പതാകയെപ്പറ്റി പഠിക്കാൻ സമിതി രൂപവത്കരിച്ചു. തുടർന്ന്‌ ഇന്നത്തെ ദേശീയപതാകയുടെ മുൻഗാമി രൂപപ്പെട്ടു. കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളും നടുവിൽ ചർക്കയുമടങ്ങുന്ന പതാക 3:2 അനുപാതത്തിൽ ദീർഘചതുരാകൃതിയിൽ രൂപകല്പന ചെയ്തത്‌ പിംഗലി വെങ്കയ്യ ആയിരുന്നു. പതാകയ്ക്ക്‌ (സ്വരാജ്‌ പതാക) ദേശീയ അംഗീകാരം ലഭിച്ചു.


ദേശീയപതാകയ്ക്ക്‌ വജ്രജൂബിലി...
നമ്മുടെ ദേശീയപതാക ഇന്ത്യൻ ഭരണഘടന
സമിതി അംഗീകരിച്ചത്‌ 1947 ജൂലായ്‌ 22-നാണ്‌.
വെള്ളിയാഴ്ച അതിന്റെ 75 വർഷം പൂർത്തിയായി


ത്രിവർണപതാക

: 1947 ജൂലായ്‌ 22-ന്‌ ഇന്ത്യൻ ഭരണഘടനാസമിതി സ്വതന്ത്രഇന്ത്യയുടെ ദേശീയപതാകയായി സ്വരാജ്‌ പതാക അംഗീകരിച്ചു. ചർക്കയ്ക്കുപകരം സാരാനാഥിലെ അശോകസ്തംഭത്തിലെ ധർമചക്രം നീലനിറത്തിൽ ആലേഖനം ചെയ്യാനും തീരുമാനമായി. മുകളിൽ കുങ്കുമം, നടുവിൽ വെള്ള, താഴെ പച്ച എന്നീ മൂന്നുവർണങ്ങളും വെള്ളയുടെ നടുവിൽ നീലനിറത്തിൽ 24 ആരക്കാലുകളുള്ള ധർമചക്രവും ഉൾപ്പെട്ട ത്രിവർണപതാക ഇന്ത്യൻ ദേശീയപതാകയായി അംഗീകരിച്ചു.
കുങ്കുമനിറം, ശക്തി, ധീരത, ത്യാഗം, സമർപ്പണം എന്നിവയെയും വെള്ള ശാന്തി, സത്യം, സമാധാനം എന്നിവയെയും പച്ച സമൃദ്ധി, ഫലഭൂയിഷ്ഠത എന്നിവയെയും ധർമചക്രം ധർമത്തെയും ചലനാത്മകതയെയും പ്രതിനിധാനം ചെയ്യുന്നു.
ദേശീയപതാക ഓരോ ഇന്ത്യക്കാന്റെയും അഭിമാനത്തിന്റെ പ്രതീകമാണ്‌. പതാകയെ അപമാനിക്കുന്നത്‌ ശിക്ഷാർഹമാണ്‌. ദേശീയപതാക തലകീഴായി പിടിക്കാനോ ഉയർത്താനോ പാടില്ല. ഉപയോഗശൂന്യമായ പതാക അലക്ഷ്യമായി ഉപേക്ഷിക്കാനോ, അനാദരവോടെ നശിപ്പിക്കാനോ പാടില്ല.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..