പയർ വെറുമൊരു ചെടിയല്ല


ജനിതകശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ 200-ാം ജന്മവാർഷികമാണ്‌ 2022.പയർച്ചെടികളിലായിരുന്നു അദ്ദേഹം തന്റെ ഗവേഷണം പ്രധാനമായും നടത്തിയത്. അതേക്കുറിച്ച് വായിക്കാം

# ഡോ. പി.കെ. സുമോദൻ

ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മവാർഷികമാണ് 2022. സൈലേഷിയയിലെ (Silesia) ഹെയിൻസെൻഡോർഫിൽ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്ക്) 1822 ജൂലായ് ഇരുപതിനാണ് അദ്ദേഹത്തിന്റെ ജനനം. മെൻഡലിന്റെ പയർഗവേഷണം പ്രസിദ്ധമാണ്. നമ്മൾ പട്ടാണിക്കടല, പട്ടാണിപ്പയർ, ഗ്രീൻ പീസ് (Pisum) എന്നൊക്കെ വിളിക്കുന്ന പയറിലായിരുന്നു അദ്ദേഹത്തിന്റെ ജനിതകപഠനങ്ങൾ. ഏതെങ്കിലും ഒരു സസ്യം എന്ന നിലയ്ക്കല്ല അദ്ദേഹം പയർച്ചെടികൾ തിരഞ്ഞെടുത്തത്.

ഈ ചോദ്യത്തിന് മെൻഡൽ ഉത്തരം നൽകുന്നുണ്ട്. ഒന്നാമതായി, എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയുന്ന സസ്യമാണ്‌ പയർ. അധികം സ്ഥലംവേണ്ട. ഏകദേശം രണ്ടുമാസംകൊണ്ട് കായ്ച്ചുതുടങ്ങും. മറ്റൊരു പ്രത്യേകത അവയുടെ വൈവിധ്യമാണ്. സ്വഭാവങ്ങളിൽ ഒട്ടേറെ വ്യതിയാനങ്ങൾ (variations) പുലർത്തുന്ന പയർച്ചെടികൾ ലഭ്യമാണ്. 34 തരം പയർച്ചെടികൾ ശേഖരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടുവർഷത്തെ സൂക്ഷ്മനിരീക്ഷണങ്ങൾക്കുശേഷം അവയിൽ 22 എണ്ണം പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്തു.

തലമുറകൾ എത്രകഴിഞ്ഞാലും സ്വഭാവങ്ങളിൽ മാറ്റംവരാത്ത ശുദ്ധവർഗമാണെന്ന് (true breeding) ഉറപ്പുള്ളവയെമാത്രമാണ് തിരഞ്ഞെടുത്തത്. തന്റെ പരീക്ഷണങ്ങൾക്ക് ഏഴ് സ്വഭാവങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഓരോ സ്വഭാവത്തിനും ഒരു ജോഡി വിപരീതഗുണങ്ങളും ഉണ്ടായിരുന്നു (പട്ടിക കാണുക).

സ്വഭാവങ്ങൾവിപരീതഗുണങ്ങൾ
പൂവിന്റെ നിറംവയലറ്റ്‌/വെള്ള
കാണ്ഡത്തിന്റെ ഉയരംഉയരം കൂടിയത്‌/കുറഞ്ഞത്‌
പൂവിന്റെ സ്ഥാനംകക്ഷത്തിൽ/അഗ്രത്തിൽ
ഫലത്തിന്റെ നിറംപച്ച/മഞ്ഞ
ഫലത്തിന്റെ ആകൃതിവീർത്തത്‌/ചുളുങ്ങിയത്‌
വിത്തിന്റെ നിറംപച്ച/മഞ്ഞ
വിത്തിന്റെ ആകൃതിഉരുണ്ടത്‌/ചുളുങ്ങിയത്‌
തിരഞ്ഞെടുത്ത ഭൂരിഭാഗവും ഒരേ സ്പീഷീസിൽ ഉള്ളവയായിരുന്നു- പൈസം സറ്റൈവം (Pisum sativum). എന്നാൽ, മറ്റ് ചില സ്പീഷീസുകളും
ഉണ്ടായിരുന്നുവെന്ന് പിൽക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്. പൈസം ക്വാഡ്രേറ്റം (Pisum quadratum) പൈസം സാക്കറേറ്റം (Pisum saccharatum) തുടങ്ങിയവ ഉദാഹരണങ്ങൾ.

മെൻഡലിനെ ആകർഷിച്ച മറ്റൊരുഘടകം അവയുടെ പരാഗണരീതിയാണ്. പരാഗണം രണ്ടുതരമുണ്ടെന്നറിയാമല്ലോ. സ്വപരാഗണവും പരപരാഗണവും. ആദ്യത്തേതിൽ സ്വന്തം പരാഗരേണുക്കളാലും രണ്ടാമത്തേതിൽ അന്യപുഷ്പങ്ങളിൽനിന്ന് വായുവഴിയോ ഷഡ്പദങ്ങൾ വഴിയോ വരുന്ന പരാഗരേണുക്കളാലുമാണ് ബീജസങ്കലനം നടക്കുന്നത്. പയർച്ചെടികൾ സ്വപരാഗണം നടത്തുന്നവയാണ്. ഒരു കുഴലിന്റെ ആകൃതിയാണ് അവയുടെ പൂവുകൾക്കുള്ളത്. പുരുഷലിംഗാവയവങ്ങളായ കേസരങ്ങളാണ് സ്ത്രീലിംഗാവയവങ്ങളായ ജനികളെക്കാൾ നേരത്തേ പക്വമാകുന്നത്. അതുകൊണ്ടുതന്നെ പൂവ് മുഴുവനായും വിടരുന്നതിന് മുൻപുതന്നെ കേസരങ്ങളിൽനിന്ന് പരാഗരേണുക്കൾ പരാഗണസ്ഥലത്ത് പതിച്ചു കഴിഞ്ഞിരിക്കും. അതുകൊണ്ട് സ്വാഭാവികമായ പരാഗണം എപ്പോഴും സ്വപരാഗണമായിരിക്കും. എന്നാൽ, ഒരു ഗവേഷകന് വേണമെങ്കിൽ കൃത്രിമമായി സ്വപരാഗണം തടയുകയും പരപരാഗണം നടത്തുകയുംചെയ്യാം. പൂവ് മുഴുവനായും വിരിയും മുൻപ് കേസരങ്ങൾ മുറിച്ചുമാറ്റുക വഴിയാണ് സ്വപരാഗണം തടയുന്നത്. ഒരു ചെടിയുടെ പരാഗരേണുക്കൾ ശേഖരിച്ച് മറ്റൊരു ചെടിയിൽ കൃത്രിമപരാഗണം നടത്തുകയും ചെയ്യാം. ഈ രീതിയിൽ പയർച്ചെടിയുടെ പരാഗണത്തിന്റെ കടിഞ്ഞാൺ ഗവേഷകന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാം. ഇങ്ങനെ കൃത്രിമമായി വിളയിച്ച വിത്തുകളിൽ ഭൂരിഭാഗവും മുളയ്ക്കുകയുംചെയ്യും. അങ്ങനെ എല്ലാംകൊണ്ടും തികഞ്ഞ ഒരു മാതൃകാസസ്യംതന്നെയാണ് പയർ എന്ന അനുഭവമാണ് മെൻഡലിനെ ഒരു പയർ ആരാധകനാക്കിയത്.

ഡാർവിനും പയർച്ചെടികളും

മെൻഡൽ ജീവിച്ച അതേ കാലഘട്ടത്തിൽ തന്നെയാണ് പരിണാമശാസ്ത്രത്തിന്റെ പിതാവായ ചാൾസ് ഡാർവിൻ ജീവിച്ചിരുന്നത്. ഡാർവിന് മെൻഡലിനെ അറിയില്ലെങ്കിലും മെൻഡലിന് ഡാർവിനെ അറിയാമായിരുന്നു. മെൻഡലിന്റെ ജനിതകനിയമങ്ങളെക്കുറിച്ച് അജ്ഞനായിരുന്ന ഡാർവിൻ അദ്ദേഹത്തിന്റേതായ ഒരു പാരമ്പര്യസിദ്ധാന്തം ആവിഷ്‌കരിച്ചിരുന്നു- പാൻജനസിസ് സിദ്ധാന്തം. 1868-ൽ പ്രസിദ്ധീകരിച്ച വളർത്തുമൃഗങ്ങളിലും സസ്യങ്ങളിലുമുള്ള സ്വഭാവവ്യതിയാനങ്ങൾ (The Variation of Animals and Plants under Domestication) എന്ന പുസ്തകത്തിന്റെ രണ്ടാംഭാഗത്തിലാണ് ഇത് വിവരിക്കുന്നത്. ഇതിന്റെ ഒന്നാംഭാഗത്തിൽ നമ്മുടെ പയർ പ്രത്യക്ഷപ്പെടുന്നുണ്ട്.

മെൻഡൽ 34 തരം പയർച്ചെടികൾ ശേഖരിച്ചുവെങ്കിൽ 41 തരം പയർച്ചെടികളാണ് ഡാർവിൻ തന്റെ തോട്ടത്തിൽ നട്ടുവളർത്തിയത്. അവയിൽ നാലെണ്ണത്തിന്റെ ചിത്രങ്ങളും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട് എന്നാൽ, മെൻഡൽ ചെയ്തതുപോലെയുള്ള വിപുലമായ പരീക്ഷണങ്ങളൊന്നും അദ്ദേഹം നടത്തിയിട്ടില്ല. രണ്ടുതരം ചെടികൾ തമ്മിലുള്ള കൃത്രിമ ബീജസങ്കലനത്തെക്കുറിച്ച് ഒരിടത്ത് പരാമർശമുണ്ട്.

എന്നാൽ, അതിൽനിന്ന് കിട്ടിയ ഫലങ്ങളിൽനിന്ന് ഡാർവിൻ ഏതെങ്കിലും പുതിയ ആശയങ്ങളിലെത്തിച്ചേരുന്നുമില്ല. പയർ വെറുമൊരു ചെടിയല്ല എന്ന് പറഞ്ഞത് വെറുതേയല്ല. ലോകംകണ്ട ഏറ്റവും പ്രഗല്ഭരായ രണ്ട് മഹാപ്രതിഭകളുടെ പരിലാളനമേറ്റിട്ടുണ്ട് അവയ്ക്ക്‌.

24,000 പയർച്ചെടികൾ

1854 മുതൽ എട്ടുവർഷം നീണ്ട പരീക്ഷണങ്ങൾക്കിടയിൽ മെൻഡലിന്റെ കൈയിലൂടെ എത്ര പയർച്ചെടികൾ കടന്നുപോയിട്ടുണ്ടാകും? കൃത്യമായ എണ്ണം അദ്ദേഹം എഴുതിവെച്ചിട്ടില്ല. എന്നാൽ പിൽക്കാലത്ത് പലരും അങ്ങനെയൊരു കണക്കെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. 10,000 മുതൽ 24,000 വരെ എണ്ണിയവരുണ്ട്. രസകരമായ ഒരു കണക്ക് ‘ഉദ്യാനത്തിലെ സന്ന്യാസി’ (The Monk in the Garden- Robin Marantz Henig) എന്ന പുസ്തകത്തിൽ കാണാം. എട്ടുവർഷംകൊണ്ട് പതിനായിരം പയർച്ചെടികളും നാല്പതിനായിരം പുഷ്പങ്ങളും മൂന്നുലക്ഷം പയർവിത്തുകളും അദ്ദേഹം എണ്ണിയിട്ടുണ്ടാകുമെന്നാണ് ഗ്രന്ഥകാരൻ അനുമാനിക്കുന്നത്.

സുദീർഘമായ തന്റെ പഠനങ്ങളിൽ നിന്നുരുത്തിരിഞ്ഞ ആശയങ്ങൾ മെൻഡൽ ആദ്യമായി ലോകത്തിനുമുമ്പിൽ അവതരിപ്പിച്ചത്‌ 1865-ലാണ്. മുഴുവൻ പ്രബന്ധവും 1866-ൽ ഒരുമിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘മെൻഡലിന്റെ പാരമ്പര്യ സ്വഭാവ നിയമങ്ങൾ’ (Mendel’s laws of inheritance) എന്ന് പിൽക്കാലത്ത് ഖ്യാതിനേടിയ ആശയങ്ങളാണ് ആ ലേഖനത്തിന്റെ ഉള്ളടക്കം. 1900-ൽ മൂന്ന് ശാസ്ത്രജ്ഞർ സ്വതന്ത്രമായി പൊടിതട്ടിയെടുക്കുന്നതുവരെ മെൻഡലിന്റെ പരീക്ഷണഫലങ്ങൾ ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുകിടന്നു.


ഉരുണ്ട കപ്പും ചതുരക്കപ്പും

# എം.ആർ.സി. നായർ

ജ്യോതിസും തേജസും ഇരട്ടകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും ചായ കുടിക്കാനുള്ള കപ്പ് വാങ്ങിയപ്പോൾ ജ്യോതിസ് വൃത്താകൃതിയിലുള്ളതും തേജസ് സമചതുരാകൃതിയിലുള്ളതുമാണ് തിരഞ്ഞെടുത്തത്. രണ്ട് കപ്പുകൾക്കും ഒരേ ചുറ്റളവും ഒരേ ഉന്നതിയുമായിരുന്നു. കൂടാതെ കപ്പുകൾ ഓരോന്നിനും ചുവട്ടിൽനിന്നും മുകളറ്റംവരെ ഒരേ വിസ്താരവുമായിരുന്നു.

വീട്ടിൽ വന്നപ്പോൾ രണ്ട് കപ്പിലും ഒരുപോലെയായിരിക്കുമോ കൊള്ളുന്നത് എന്നതിനെച്ചൊല്ലി രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. ഒരുപോലെയായിരിക്കും കൊള്ളുക എന്നു ജ്യോതിസും അല്ലെന്നും തേജസും വാദിച്ചു. വെള്ളം അളന്നൊഴിച്ചു നോക്കിയപ്പോൾ തേജസ് പറഞ്ഞതാണ് ശരി. ഒരു പോലെയല്ല കൊള്ളുക. വൃത്താകൃതിയിലുള്ള കപ്പിലാണ് കൂടുതൽ കൊള്ളുന്നത്.

പിന്നീട് രണ്ട് പേരും അതേപ്പറ്റിയുള്ള ചിന്തയായി. കപ്പുകൾക്ക് ഒരേ ചുറ്റളവും ഒരേ ഉന്നതിയുമായിട്ടും എന്തേ അങ്ങനെ സംഭവിച്ചു? വൃത്തങ്ങളെപ്പറ്റി സ്‌കൂളിൽ പഠിക്കുന്നുണ്ട്. ആ അറിവുകളെല്ലാം കൂട്ടിച്ചേർത്തു വായിച്ചെങ്കിലും അവർക്കൊരു നിഗമനത്തിലെത്താൻ കഴിഞ്ഞില്ല. ഒടുവിൽ മാഷിനെ സമീപിച്ച് വിഷയം അവതരിപ്പിച്ചു.

‘‘ചുറ്റളവുകൾ തുല്യമായതുകൊണ്ട് പരപ്പളവുകൾ തുല്യമാകണമെന്നില്ല’’-മാഷ് പറഞ്ഞു. ‘‘ഒരേ ചുറ്റളവുള്ള രണ്ട് രൂപങ്ങളിൽ എല്ലായ്‌പ്പോഴും വൃത്തത്തിനായിരിക്കും പരപ്പളവ് കൂടുതൽ. പാദപരപ്പളവിനെ ഉന്നതികൊണ്ട് ഗുണിക്കുന്നതാണല്ലോ വ്യാപ്തം. ഇവിടെ പാദപരപ്പളവ് കൂടുതൽ വൃത്തത്തിനാണ്.’’ മാഷ് ക്രിയ ചെയ്തു കാണിച്ചു.

പരപ്പളവ് വൃത്തത്തിനാണ് കൂടുതൽ എന്നു കണ്ടല്ലോ. വൃത്താകൃതിയിലുള്ള കപ്പിൽ കൂടുതൽ കൊള്ളാനുള്ള കാരണവും അതുതന്നെ.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..