കാടുകാക്കും കടുവകള്‍


ജൂലായ് 29 അന്തർദേശീയ കടുവദിനം

.

# എഴുത്തും ചിത്രങ്ങളും: അസീസ് മാഹി

ലോകമെമ്പാടുമുള്ള പ്രകൃതിസ്‌നേഹികൾ എല്ലാവർഷവും ജൂലായ് 29 അന്തർദേശീയ കടുവദിനമായി ആചരിക്കുന്നു. ഭാരതം ദേശീയമൃഗമായി അംഗീകരിച്ച കടുവകളുടെ ജീവിതം അറിയുക കൗതുകകരമാണ്.

കരുത്തും കാന്തിയും പ്രൗഢിയും ഒത്തിണങ്ങിയ കടുവകൾ വനഭൂമിയിലെ ഏറ്റവും പ്രബലരായ വേട്ടക്കാരാണ്. ഇരയും മാംസഭോജിയും തമ്മിലുള്ള അനുപാതം നിലനിർത്തി ഭക്ഷ്യശൃംഖലയുടെയും ജൈവ പിരമിഡിന്റെയും സന്തുലനത്തിലൂടെ വനപ്രകൃതിയുടെ നിലനിൽപ്പ്‌ ഭദ്രമാക്കുന്നവരാണ് കടുവകൾ.

കാടകത്ത് കടുവകളോളം പ്രബലരായ മാംസഭോജികൾ ഇല്ലാതെവരുമ്പോൾ സസ്യഭുക്കുകളായ കുളമ്പുള്ള മൃഗങ്ങൾ അനിയന്ത്രിതമായി പെരുകുകയും അവരുടെ കുളമ്പിന്റെ മർദനമേറ്റ് കാടകം വിത്തുമുളക്കാത്ത, പുതുപ്പൊടിപ്പുകൾ ഉണരാത്ത തരിശായി മാറുകയും ക്രമേണ കാട് അപ്രത്യക്ഷമാവുകയുംചെയ്യും എന്നുവരെ അനുമാനിക്കുന്നവരുണ്ട്‌. സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് ഈയിടെ പ്രസിദ്ധീകരിച്ച രേഖപ്രകാരം രാജ്യത്ത് ആകെയുള്ള അൻപത്തിമൂന്ന് കടുവസങ്കേതങ്ങളിൽ കടുവകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തപ്പെട്ടത്‌ മധ്യപ്രദേശിലെ സത്പുരയും കർണാടകയിലെ ബന്ദിപ്പൂരുംമാത്രമാണ്. അവിടം പച്ചപ്പ് നഷ്ടപ്പെടാതെ നിലകൊള്ളുന്നു. കടുവകളുടെ എണ്ണം ആപേക്ഷികമായി കുറയുന്ന ബാന്ധവ്ഗഢ്‌, ജിംകോർബറ്റ്, തഡോബ, ഇന്ദ്രാണി തുടങ്ങിയ കടുവസങ്കേതങ്ങളിൽനിന്ന് 75 ശതമാനം പച്ചപ്പ് നഷ്ടപ്പെട്ടതായാണ് കണക്കുകൾ.

എണ്ണം കുറഞ്ഞു
ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകത്തുണ്ടായിരുന്ന ഒരുലക്ഷത്തോളം കടുവകൾ ഇന്ന് നാലായിരത്തിൽ താഴെയായി. 1973-ൽ ജിംകോർബറ്റ് ദേശീയോദ്യാനത്തിൽ തുടക്കംകുറിച്ച പ്രോജക്ട് ടൈഗർ പദ്ധതി ഇന്ത്യയിൽ കടുവസംരക്ഷണം ഉറപ്പുവരുത്തുന്നു. 2018-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2967 കടുവകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ആകെയുള്ളതിന്റെ 70 ശതമാനം. ഇക്കഴിഞ്ഞ നാലുവർഷത്തിനകം 741 കടുവകളുടെ വർധനയുണ്ടായി എന്നതാണ് ഏറെ ശ്രദ്ധേയം. ലോകത്തിന്റെ പലഭാഗത്തായി ഇന്ന് ആറ് സബ് സ്പീഷിസിൽപ്പെട്ട കടുവകൾ നിലനിൽക്കുന്നുവെങ്കിലും പ്രബലസാന്നിധ്യം റോയൽ ബംഗാൾ കടുവകൾതന്നെ.

കടുവകളുടെ ജീവിതം, സ്വഭാവസവിശേഷതകൾ

കടുവകൾ സാമ്രാജ്യപരിധി നിർണയിച്ച് വാഴുന്നവരാണ്. വിശാലമായൊരു കാടിടത്തിൽ ആൺകടുവയുടെ സാമ്രാജ്യപരിധി 60-70 ചതുരശ്ര കിലോമീറ്ററും പെണ്ണിന്റേത്‌ 15-20 ചതുരശ്ര കിലോമീറ്ററും ആണെങ്കിലും വനഭൂവിസ്തൃതി അനുസരിച്ച് ഇതിൽ വ്യത്യാസംവരാം. മൂത്രം തളിച്ചും വൃക്ഷങ്ങളിൽ നഖപ്പാട് വീഴ്ത്തിയും താടിയും മുഖവും വൃക്ഷങ്ങളിലുരസി ഗന്ധംപകർന്നുമാണ് സാമ്രാജ്യപരിധി അടയാളപ്പെടുത്തുക.

പ്രബലരായ വേട്ടക്കാരാണെങ്കിലും പത്തോ പതിനഞ്ചോ തവണ ശ്രമിച്ചാലേ ഒന്ന്‌ വിജയിക്കാറുള്ളൂ. ഒരു വേട്ട കഴിഞ്ഞാൽ നാലഞ്ച് ദിവസം കഴിഞ്ഞേ അടുത്തത്‌ പതിവുള്ളൂ. പ്രായപൂർത്തിയായ കടുവ ഒറ്റയിരിപ്പിന് 10 മുതൽ 30 കിലോ വരെ മാംസം ഭക്ഷിക്കും.
ഏകാന്തജീവിതം നയിക്കുന്നവരാണ്. കൂട്ടുകൂടി വേട്ടയാടലില്ല. മൂന്നുവർഷംവരെ കുട്ടികളെ (Sub adult cubs) കൂടെ കൊണ്ടുനടക്കും.

പൊതുവേ നിശാചാരികളും രാത്രിവേട്ട ഇഷ്ടപ്പെടുന്നവരുമാണ്.

മനുഷ്യരെക്കാൾ ആറുമടങ്ങ് കാഴ്ചശക്തിയുണ്ട്‌.
ഗർജനം രണ്ടുമൈൽ അകലെവരെ കേൾക്കാം. ഇണതേടുമ്പോഴോ, വേട്ടയാടി ഭക്ഷണംകഴിക്കുമ്പോഴോ ഇവർ പലസ്വരസ്ഥായിയിലുള്ള മുരൾച്ചകൾ പുറപ്പെടുവിക്കും.

ഓരോ കടുവയിലും മുഖരേഖകളും ശരീരവരകളും വ്യത്യസ്തമായിരിക്കും. ഇത്‌ നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്.

കഠിനതാപത്തിന്റെ നാളുകളിൽ ദിവസേന 20 ഗാലനോളം (ഏതാണ്ട്‌ 75 ലിറ്റർ) വെള്ളം ആവശ്യമാണ്. മൂന്നോനാലോ ദിവസം വെള്ളംകിട്ടാതിരുന്നാൽ ഇവർ നിർജലീകരണംമൂലം മൃതിയടയാനും സാധ്യതയുണ്ട്.
വിദഗ്ധരായ നീന്തൽക്കാരാണ്. മണിക്കൂറിൽ നാലുമൈൽ വേഗത്തിൽവരെ നീന്താൻ ഇവർക്കാവും.

പരമാവധി ആയുസ്സ് 15-20 വർഷമാണ്. പശ്ചിമ ബംഗാളിലെ ദക്ഷിണ ടൈഗർ ബാരി കടുവ സങ്കേതത്തിൽ ഈയിടെ ചത്ത ‘കടുവരാജ’ 25 വർഷവും 10 മാസവും ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
IUCN ചുവപ്പ്‌ പട്ടികയിൽപ്പെടുത്തി സംരക്ഷണം ഉറപ്പുവരുത്തിയിട്ടുള്ള കാടുകാക്കും കടുവകളുടെ അതിജീവനത്തിന് കാവലാളാകാനുള്ള സന്ദേശമാണ് ജൂലായ് 29-ലെ കടുവദിനം നമുക്ക് നൽകുന്നത്.


കഥകളുടെ രാജാവ്

ജൂലായ് 31 പ്രേംചന്ദിന്റെ 142-ാം ജന്മദിനം

പത്താംക്ലാസ് ഹിന്ദി പാഠപുസ്തകത്തിൽ ‘‘ഠാക്കൂർ കാ കുവാ’’ എന്ന പ്രേംചന്ദിന്റെ കഥ പഠിക്കാനുണ്ടല്ലോ. കഥാകൃത്തിനെക്കുറിച്ച് കൂടുതലറിയാം

1880 ജൂലായ് 31-ന് വാരാണസിക്ക് സമീപമുള്ള ലാംഹി എന്ന ഗ്രാമത്തിൽ ജനിച്ച ധൻപത്‌റായ് ആണ് പിൻകാലത്ത് ‘ഹിന്ദികഥകളുടെ ചക്രവർത്തി’ എന്നപേരിൽ പ്രശസ്തനായ മുൻഷി പ്രേംചന്ദായി മറിയത്. ഉർദു സാഹിത്യത്തിൽ എഴുതിത്തുടങ്ങിയ അദ്ദേഹം നവാബ്‌റായ് എന്നപേര് സ്വീകരിച്ചു. പിന്നീട് ഹിന്ദി സാഹിത്യത്തിൽ സജീവമായി.

ബാല്യകാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. എട്ടുകിലോമീറ്ററോളം നടന്നായിരുന്നു അദ്ദേഹം സ്കൂളിലേക്ക് പോയ്‌ക്കൊണ്ടിരുന്നത്. മാതാപിതാക്കളുടെ മരണം പ്രേംചന്ദിനെ സഹോദരങ്ങളുടെ കാര്യങ്ങൾകൂടി നോക്കുന്നതിന് പ്രാപ്തനാക്കിത്തിർത്തു. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം മറ്റു കുട്ടികളെ പഠിപ്പിച്ചുകിട്ടുന്ന ചെറിയതുക വീട്ടുചെലവിനും തുടർപഠനത്തിനുമായി പ്രേംചന്ദ് വിനിയോഗിച്ചു. പിന്നീട് ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അധ്യാപകനായി ജോലി നോക്കവേ ഗാന്ധിജിയുടെ പ്രസംഗത്തിൽനിന്നു പ്രേരണ ഉൾക്കൊണ്ട് ജോലി രാജിവെച്ച് ബ്രിട്ടീഷുകാർക്കെതിരേ പടപൊരുതുവാൻ ഇറങ്ങിത്തിരിച്ചു. ഭാരതത്തിനോട് അഭിനിവേശം ഉണ്ടാകത്തക്ക രീതിയിലുള്ള കവിതകളും കഥകളും അദ്ദേഹം എഴുതിത്തുടങ്ങി.

ഇതു വായിച്ച ഒട്ടേറെ ഭാരതീയരിൽ ദേശസ്നേഹം ഉടലെടുക്കുകയും കൂടുതൽപേർ സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്തു.

‘സോസേ വതൻ’ എന്നപേരിൽ അദ്ദേഹം എഴുതിയ ഇത്തരത്തിലുള്ള ഒരു കൃതിയുടെ എല്ലാ കോപ്പികളും ബ്രിട്ടീഷുകാർ തീയിട്ട് നശിപ്പിച്ചു. എന്നിട്ടും വെല്ലുവിളികൾക്കുമുന്നിൽ മുട്ടമടക്കാതെ അദ്ദേഹം തുടർന്നും എഴുതിക്കൊണ്ടിരുന്നു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും വേദനനിറഞ്ഞ ജീവിതത്തെ ഹൃദയസ്പർശിയായ രീതിയിൽ ചിത്രീകരിച്ച മറ്റൊരു കഥാകൃത്ത് ഹിന്ദി സാഹിത്യത്തിലില്ലെന്നുതന്നെ പറയാം. പ്രേംചന്ദ് എഴുതിയ മുന്നൂറിലധികം കഥകളും ‘മാനസരോവർ’ എന്ന ഒറ്റ പുസ്തകത്തിൽ സംഗ്രഹിച്ചിട്ടുണ്ട്. സേവാസദൻ, രംഗഭൂമി, നിർമല, ഗോദാൻ എന്നിവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്. ഹിന്ദി സാഹിത്യമേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ ആ കഥകളുടെ ചക്രവർത്തി 1936 ഒക്ടോബർ എട്ടിന്‌ അന്തരിച്ചു.

തയ്യറാക്കിയത്: തോന്നയ്ക്കൽ കൃഷ്ണപ്രസാദ്‌

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..