മലയാളത്തിലെ സന്ധികൾ


വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങളെയാണ് വ്യാകരണത്തിൽ സന്ധി എന്ന് വിളിക്കുന്നത്. ദ്വിത്വസന്ധി, ലോപസന്ധി, ആഗമസന്ധി, ആദേശസന്ധി എന്നിങ്ങനെ മലയാളത്തിലെ നാല്‌ സന്ധികളെക്കുറിച്ച് പഠിക്കാം

# വിജയൻ ചാലോട്

സന്ധിക്കുക എന്നാൽ ചേരുക എന്നാണല്ലോ അർഥം. ഭാഷയിലും ഇങ്ങനെ ചില ചേർച്ചകളുണ്ട്. അക്ഷരത്തികവ് പ്രാപിക്കുന്നതിന് മുമ്പുള്ള വർണങ്ങളാണ് ഭാഷയിൽ മിക്കവാറും സന്ധിക്കുന്നത്. ഇങ്ങനെ സന്ധിക്കുമ്പോൾ വന്നുചേരുന്ന മാറ്റങ്ങൾ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥകളാണ് മലയാളത്തിലെ സന്ധിനിയമങ്ങൾ.
എന്തിനാണ് വ്യവസ്ഥകളും നിയമങ്ങളും?
ആന+പുറത്ത്= ആനപ്പുറത്ത് എന്നാണ് മലയാളിയുടെ പ്രയോഗവഴക്കം. ഇവിടെ ‘പ’ ഇരട്ടിച്ചില്ലെങ്കിലോ? ആനപ്പുറത്ത് കയറുന്നത് ഗമ, ആന പുറത്തു കയറിയാലോ?

ദ്വിത്വസന്ധി
വർണങ്ങൾ കൂടിച്ചേരുമ്പോൾ, ഉള്ള വർണം ഇരട്ടിക്കുന്നത് എന്ന അർഥത്തിൽ, ഇത് ദ്വിത്വസന്ധി എന്ന വിഭാഗത്തിൽപ്പെടും. ഈ ഇരട്ടിപ്പുകൊണ്ടാണ് കൃത്യമായ അർഥബോധം കേൾവിക്കാരിൽ (വായനക്കാരിലും) ഉളവാകുന്നത്. ഇങ്ങനെ അർഥശങ്കയ്ക്ക് ഇടവരാത്തവിധം, ആശയവിനിമയം നടക്കാനാണ് ഭാഷയിൽ നാം ചില പ്രയോഗവ്യവസ്ഥകൾ രൂപപ്പെടുത്തിയത്. ഇത് ഭാഷണത്തിലും എഴുത്തിലും പാലിക്കയാണ് വ്യാകരണ പഠനത്തിന്റെ ഫലം, അല്ലാതെ നിയമങ്ങൾ മനഃപാഠമാക്കൽ മാത്രമല്ല.
ഇരട്ടിപ്പി (ദ്വിത്വം) ന് ഇനിയും ഉദാഹരണങ്ങൾ കാണാം.
പച്ച+തത്ത=പച്ചത്തത്ത
ഓണ+ചന്ത=ഓണച്ചന്ത
മഞ്ഞ+കിളി=മഞ്ഞക്കിളി
പരീക്ഷ+കാലം=പരീക്ഷക്കാലം
ചില മാറ്റങ്ങളും കാണാം, മല+പുറം= മലപ്പുറം ആയപ്പോൾ മല+പുഴ= മലമ്പുഴയായത് നമുക്കറിയാമല്ലോ.
വീണ്ടും നോക്കാം:- മലഞ്ചെരിവ് (മല+ചരിവ്),
മലങ്കാറ്റ് (മല+കാറ്റ്), മലമ്പ്രദേശം (മല+പ്രദേശം), മുളങ്കാട് (മുള+കാട്), മുളന്തണ്ട് (മുള+തണ്ട്), മുളങ്കുറ്റി (മുള+കുറ്റി) തുടങ്ങിയ അനേകം ചേർച്ചകൾ കണ്ടെത്താം. ഇതെല്ലാം നമ്മുടെ വാമൊഴികളിലൂടെ പരന്ന് ലിഖിതഭാഷയിൽ ഇടം നേടിയതാകും. ഇവിടങ്ങളിൽ ദ്വിത്വസന്ധിനിയമങ്ങൾ സാർവത്രികമല്ല എന്നും ഓർക്കണം.

ആഗമസന്ധി
സന്ധിക്കുമ്പോൾ ഒന്ന് കുറയുന്നത് നാം കണ്ടു. ഒന്ന് പുതുതായി വന്നു ചേരുകയും ആകാമല്ലോ. താളി, ഓല എന്നിവ ചേർത്തുച്ചരിച്ചപ്പോൾ താളിയോലയായി.
ഇവിടെ ‘യ’ പുതുതായി വന്നു (ആഗമിച്ചു), ഇനിയും നോക്കൂ മണിയറ (മണി+അറ), തിരുവാതിര (തിരു+ആതിര),
തിരുവാഭരണം (തിരു+ആഭരണം), കന്നിയങ്കം (കന്നി+അങ്കം), തിരുവെഴുന്നള്ളത്ത് (തിരു+എഴുന്നള്ളത്ത്), ജോലിയുണ്ട് (ജോലി+ഉണ്ട്), പലവുരു (പല+ഉരു)- ഇങ്ങനെ പലതുണ്ട് ഉദാഹരിക്കാൻ.

ആദേശസന്ധി
ഒന്നിനെ മാറ്റി മറ്റൊന്ന് വരുന്നതിനെ ആദേശം ചെയ്യുക എന്നാണ് പറയുക. നെല്ലിന്റെ മണിയെ നാം നെന്മണി എന്ന് വിളിക്കും. ഈ ചേർച്ച എങ്ങനെ രൂപപ്പെട്ടു? നെൽ+മണി നെന്മണിയായി, എന്നുവെച്ചാൽ ‘ൽ’ പോയി ‘ൻ’ വന്നു. ഒന്നിനെ പുറന്തള്ളി മറ്റൊന്ന് ഇടംപിടിക്കുന്നതിനെ ആദേശസന്ധി എന്നാണ് വിളിക്കുന്നത്. കൂടുതൽ പദങ്ങൾ കാണാം.
കൽ+മതിൽ=കന്മതിൽ, കൽ+മദം=കന്മദം എന്നിങ്ങനെ ചേർച്ചയിൽ മാറുമ്പോൾ, പൊൻ+കുടം-പൊൽക്കുടവും പൊൻ+തിങ്കൾ= പൊൽത്തിങ്കളും ആകുന്നുണ്ടല്ലോ. ഇവിടെ ‘ൽ’, ‘ൻ’ എന്നിവ പരസ്പരമെന്നോണം മാറുന്നത് നാം കണ്ടു. എന്നാൽ, മാറ്റമേതുമില്ലാതെ അതേപടി തുടരുന്ന പൊൻപണവും പൊൻമണിയും (പൊൻ+പണം/പൊൻ+മണി) കൽവിളക്ക് (കൽ+വിളക്ക്) എന്നിവയും കാണണം. ‘ൽ’, ‘ൻ’ എന്നിവ പരസ്പരമെന്നോണം മാറുന്നത് നാം കണ്ടു. ൽ, ൻ മാറ്റം മാത്രമല്ല ആദേശസന്ധിക്ക് ഉദാഹരണം. കേട്ടു, വിറ്റു എന്നീ ക്രിയകൾ രൂപ്പപ്പെട്ടത് നോക്കാം.
കേൾ+തു=കേട്ടു, വിൽ+തു= വിറ്റു എന്നിവയും ആദേശസന്ധിക്ക്‌ ഉദാഹരണങ്ങൾതന്നെ. മാത്രവുമല്ല ചെമ്പുകൊണ്ട് നിർമിച്ച കുടത്തെ ചെപ്പുകുടം എന്ന് വിളിക്കുകയാണ് പതിവ്. ചെമ്പ്+കുടം= ചെപ്പുകുടം, ആണ്ടുതോറുമുള്ള പിറന്നാൾ -ആട്ടപ്പിറന്നാളുമായി. (ആണ്ട്‌+പിറന്നാൾ=ആട്ടപ്പിറന്നാൾ) ഇവയും ഈ വിഭാഗത്തിൽപ്പെടും.
ഭാഷയിൽ സന്ധിവ്യവസ്ഥകൾ നിശ്ചയിച്ചത് പ്രധാനമായും ആശയവിനിമയത്തിൽ കൃത്യത കൈവരിക്കാനാണ്. ഒരു ജനത കാലങ്ങളായി പുലർത്തിപ്പോരുന്ന ഭാഷണവഴക്കങ്ങളും പരിഗണിക്കപ്പെടുന്നു. ഈ നാലുസന്ധികളിലും കൂടുതൽ ഉദാഹരണങ്ങൾ കൂട്ടുകാർ പാഠപുസ്തകങ്ങളിൽനിന്ന്‌ കണ്ടെത്തണേ.

ലോപസന്ധി
ലോപിക്കുക എന്നാൽ കുറയുക, കുറവ് വരുത്തുക എന്നൊക്കെ അർഥംവരും. ഊണ്, ഇല്ല എന്നിവ ചേരുമ്പോൾ ഊണില്ല എന്നാണല്ലോ രൂപപ്പെടുക. ഇവിടെ ഒന്നും ഇരട്ടിച്ചില്ല. പുതുതായി ചേർന്നില്ല. പിന്നെയോ, എന്തോ കുറഞ്ഞു. ചന്ദ്രക്കല അടയാളത്തിൽ ( ് ) നാം രേഖപ്പെടത്തുന്ന ഒരു സ്വരമുണ്ട്. സംവൃതമായ ‘ഉ’ കാരം- പകുതി ‘ഉ’ കാരം, ഈ സംവൃതോകാരമാണ് ഇവിടെ ലോപിച്ചത് (കുറഞ്ഞത്).
വളവുണ്ട് (വളവ്+ഉണ്ട്)
മിഴിവുള്ള (മിഴിവ്+ഉള്ള)
അഴകുണ്ട് (അഴക്+ഉണ്ട്)
കനിവറ്റ (കനിവ്+അറ്റ)
വഴക്കില്ല (വഴക്ക്+ഇല്ല)
ഇടിവുണ്ട് (ഇടിവ്+ഉണ്ട്)
തുടങ്ങി എത്രയെങ്കിലും ഉദാഹരണങ്ങൾ ഈ വിഭാഗത്തിൽ കണ്ടെത്താം.


ജൂബിലികൾ

# പി.എസ്. പണിക്കർ

ഏതെങ്കിലും സ്ഥാപനത്തിന്റെ ആരംഭം, മഹദ്സംഭവം തുടങ്ങിയവകഴിഞ്ഞ് ഏതാനുംവർഷം തികയുമ്പോഴാണ് ജൂബിലികൾ ആഘോഷിക്കാറുള്ളത്. നാം സാധാരണയായി ആഘോഷിക്കുന്നത് സിൽവർജൂബിലി അഥവാ രജതജൂബിലി (25 വർഷം), ഗോൾഡൻ ജൂബിലി അഥവാ കനകജൂബിലി എന്നുകൂടി പറയാറുള്ള സുവർണജൂബിലി (50 വർഷം), ഡയമണ്ട് ജൂബിലി അഥവാ വജ്രജൂബിലി (60 വർഷം) എന്നിവയാണ്‌.
ചിലരാജ്യങ്ങളിൽ 75 വർഷത്തിനും വജ്രജൂബിലി എന്ന്‌ പറയുന്നുണ്ട്‌. പ്ലാറ്റിനം ജൂബിലി 70 വർഷമാണ്. സെന്റിനറി അഥവാ ശതാബ്ദി 100 വർഷത്തിനാണ്‌ പറയുന്നത്‌. ഒരുവർഷമൊക്കെ നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ഉണ്ടാവാറുണ്ട്. ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്കായി മന്ദിരങ്ങളും
മറ്റും നിർമിക്കുന്ന രീതികളും കുറവല്ല.
ബ്രിട്ടനിലെ വിക്ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക് 1896-ൽ ശ്രീമൂലം തിരുന്നാൾ രാജാവിന്റെ കാലത്ത് തിരുവനന്തപുരം നഗരത്തിൽ നിർമിച്ചതാണ് പ്രശസ്തമായ വി.ജെ.ടി. ഹാൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വിക്ടോറിയ ജൂബിലി ടൗൺഹാൾ. (ഇപ്പോൾ ഈ ഹാളിന്റെ പേര് അയ്യങ്കാളി ഹാൾ എന്നാണ്).
ഒരുവർഷം, രണ്ടുവർഷം, മൂന്നുവർഷം, 10 വർഷത്തിനുമൊക്കെ ജൂബിലികളുണ്ട്. വളരെ അപൂർവമായേ അവയൊക്കെ ആഘോഷിക്കാറുള്ളൂ എന്നുമാത്രം.


QUIZ TIME

1. 1900-ത്തിലാണ് ലെനിൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമായിരുന്ന ‘ഇസ്‌ക്ര’ തുടങ്ങിയത്. ഇസ്‌ക്ര എന്ന വാക്കിന്റെ അർഥമെന്ത്?
2. മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാട് എഴുതിയ നോവൽ?
3. ‘ചവറും ചപ്പും കൂനകൂടിയേ കിടക്കുന്നു
പകലിൻ നെടുവീർപ്പിൽ നിന്നു കാറ്റുണരുന്നു
ഇനിയും വൈകിക്കൂടാ തീപ്പൊരികത്തിക്കാളാ-
നിനിയെൻ ഗാനം കൊടുങ്കാറ്റതിലുയരട്ടെ...’
ആരുടെ വരികൾ?
4. ‘‘കാവ്യ സാമ്രാജ്യത്തിന്റെ രാജാവ്, നൈപുണ്യത്തിന്റെ സമുദ്രം, പരിപൂർണതയുടെ കടൽ.’’ ആരുടെ ശവകുടീരത്തിലാണ് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നത്?
5. ‘ഗൗരാതപത്രം’ എന്ന വാക്കിന്റെ അർഥം?

ഉത്തരങ്ങൾ

1. തീപ്പൊരി 2. അപ്ഫന്റെ മകൾ 3. തിരുനല്ലൂർ കരുണാകരൻ 4. അമിർ ഖുസ്‌റു 5. വെൺകൊറ്റക്കുട


പദപരിചയം

കൂട്ടുകാർക്ക്‌ ചില ഇംഗ്ലീഷ്‌ പദങ്ങൾ പരിചയപ്പെടാം

Power of Attorney -മുക്ത്യാർ
Confabulation -സല്ലാപം
Brocade -ചിത്രപട്ടാംബരം
Aurora -അരുണോദയം
promontory -മുനമ്പ്‌
Conchology -ശംഖുവിജ്ഞാനീയം
Audition -ശബ്ദപരീക്ഷ
Protagonist -പ്രധാന നടൻ

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..