ഓഗസ്റ്റിന്റെ ദുഃഖം


ലോകരാജ്യങ്ങൾ പരസ്പരം ഭീഷണിയും വെല്ലുവിളികളും നടത്തുന്ന വർത്തമാനകാലത്ത്‌ യുദ്ധത്തിന്റെ ഭീകരതയുടെ ഉത്തമദൃഷ്ടാന്തമായ ഹിരോഷിമയും നാഗസാക്കിയും ഓർക്കുന്നത്‌ നന്ന്‌

.

# ഡോ. തനൂജ എസ്‌.

  • ഓഗസ്റ്റ്‌ 06 ഹിരോഷിമ ദിനം
  • ഓഗസ്റ്റ്‌ 09 നാഗസാക്കി ദിനം
രണ്ടാംലോകയുദ്ധം കൊടുമ്പിരിക്കൊണ്ടകാലം. അമേരിക്കയും ബ്രിട്ടനും റഷ്യയുമുൾപ്പെടുന്ന സഖ്യശക്തികളും അച്ചുതണ്ട്‌ ശക്തികളായ ജർമനി, ജപ്പാൻ, ഇറ്റലി എന്നിവയും തമ്മിലാണ്‌ ഘോരയുദ്ധം നടക്കുന്നത്‌. ജർമനിയും ഇറ്റലിയും തളർന്നിട്ടും ജപ്പാൻ പൊരുതുകയാണ്‌. അമേരിക്ക അവസാന ആയുധമെടുത്തു.

1945 ഓഗസ്റ്റ്‌ ആറ് തിങ്കളാഴ്ച രാവിലെ 8.15, ഉഗ്രമായ ഒരു സ്ഫോടനശബ്ദം കേൾക്കുന്നു. ജപ്പാനിലെ ഹോംഷുദ്വീപിലെ നഗരമായ ഹിരോഷിമയിൽ ആദ്യ അണുബോംബ്‌ പൊട്ടിത്തെറിച്ചതിന്‍റെ ഘോരശബ്ദമായിരുന്നു അത്. എനോള ഗേ എന്ന ബോംബർ വിമാനത്തിൽനിന്ന്‌ ‘ലിറ്റിൽ ബോയ്‌’ എന്നുപേരിട്ട, ഏതാണ്ട്‌ അഞ്ചുടൺ ഭാരമുള്ള അണുബോംബ്‌. ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷനേരംകൊണ്ട്‌ ഭസ്മമാക്കി. ആകാശത്തോളം ഉയർന്നുപൊങ്ങിയ തീജ്ജ്വാലകൾ ആ നഗരത്തെ ചാമ്പലാക്കി. ബോംബ്‌ പതിച്ചിടത്ത്‌ ഭൂമിയിലെ താപനില ലക്ഷക്കണക്കിന്‌ ഡിഗ്രി സെൽഷ്യസായി.

ഹവായിലെ പേൾ ഹാർബർ നാവികത്താവളാക്രമണത്തിലൂടെ തങ്ങളെ വിരട്ടിയ ലോകശക്തിക്കെതിരേ അമേരിക്ക നടത്തിയ ഭീകരാക്രമണമായിരുന്നു അത്‌. ജനറൽ പോൾ ടിബറ്റ്സ്‌ ആണ്‌ ബി 29 എനോള ഗേ എന്ന യുദ്ധവിമാനം പറപ്പിച്ചത്‌.
അമേരിക്കയുടെ അണ്വായുധ നിർമാണപദ്ധതിയായിരുന്ന മാൻഹട്ടൻ പ്രോജക്ടിന്‍റെ ഭാഗമായുണ്ടാക്കിയ ബോംബാണ്‌ ലിറ്റിൽ ബോയ്‌. ബോംബാക്രമണത്തിൽ മരിക്കാത്തവരുടെ നിലയായിരുന്നു ഏറെ കഷ്ടം. ഗുരുതരമായി പൊള്ളലേറ്റ ഒരുലക്ഷത്തിലധികംപേർ ഒരിറ്റുവെള്ളത്തിനായി കേണു. ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കുന്നതിനായി അവർ എടുത്തുചാടിയത്‌ അതിനെക്കാൾ ചൂടുള്ള ജലാശയങ്ങളിലേക്കായിരുന്നു. എന്നിട്ടും മരിക്കാതെ അവശേഷിച്ച നാലുലക്ഷത്തിലധികംപേർ മാരകരോഗങ്ങൾ പിടിപെട്ട്‌ മരണത്തിനു കീഴടങ്ങി. അതിലുമധികംപേർ ഇന്നും അതിന്റെ ദുരിതം അനുഭവിക്കുന്നു.

അടിസ്ഥാനസിദ്ധാന്തം
E=mc2 എന്ന ആൽബർട്ട്‌ ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തം എല്ലാവർക്കുമറിയാം. ഇതുതന്നെയാണ്‌ ആറ്റംബോംബിന്റെയും അടിസ്ഥാനസിദ്ധാന്തം. ഇത്‌ കാണിച്ചുകൊണ്ട്‌ ഐൻസ്റ്റീൻ 1939-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൂസ്‌ വെൽറ്റിനയച്ച കത്താണ്‌ ആറ്റംബോംബ്‌ നിർമിക്കാനുള്ള മാൻഹട്ടൻ പ്രോജക്ടിൽ കൊണ്ടുചെന്നെത്തിച്ചത്‌. 1945 ജൂലായ് 16-ന്‌ പ്രോജക്ട്‌ വിജയംകണ്ടു. ന്യൂ മെക്സിക്കോയിലെ അലാമോഗോർഡോ മരുഭൂമിയിൽ ട്രിനിറ്റി എന്നപേരിൽ പരീക്ഷണം നടത്തിനോക്കി. അടുത്തത് വിക്ഷേപണമാണ്‌. അതാണ്‌ ഓഗസ്റ്റ്‌ ആറിന് ഹിരോഷിമയിൽ നടന്നത്‌.

നാഗസാക്കിയിലെ ദുരന്തം
അമേരിക്ക വെറുതേയിരുന്നില്ല. വീണ്ടും ബോംബ്‌ വർഷിച്ചു, നാഗസാക്കിയിൽ. ഓഗസ്റ്റ്‌ ഒമ്പതിന് രാവിലെ 4630 ടൺ സ്ഫോടകശേഷിയുള്ള ‘ഫാറ്റ്മാൻ’ എന്ന പ്ലൂട്ടോണിയം ബോംബുമായി ബ്രിഗേഡിയർ ജനറൽ ചാൾസ്‌ സ്വീനി പറപ്പിച്ച ബി 29 യുദ്ധവിമാനം പറന്നുയർന്നു. ജപ്പാന്റെ ആയുധസംഭരണശാലയായ കൊക്കൂറയായിരുന്നു അവരുടെ ലക്ഷ്യം. സമുദ്രത്തോടുചേർന്നുകിടക്കുന്ന ആ വ്യവസായനഗരത്തിൽനിന്നുയർന്ന പുകപടലങ്ങൾ ആ വൈമാനികന്റെ ലക്ഷ്യം തെറ്റിച്ചു. തുടർന്ന് 11.02-ന്‌ ബോക്സ്‌കാർ വിമാനത്തിൽനിന്ന്‌ നാഗസാക്കിയിൽ പതിച്ച ഫാറ്റ്‌മാൻ എന്ന അണ്വായുധം ആ നഗരത്തെയാകെ വെണ്ണീറാക്കി. നഗരത്തിന്‌ നാലരമൈൽ ചുറ്റളവിലുള്ള സർവതും നശിച്ചു. 45,000 മുതൽ 75,000 വരെ ആളുകൾ മരിച്ചു എന്നാണ്‌ കണക്ക്‌. മരിച്ചവർ എത്രയോ ഭാഗ്യമുള്ളവർ എന്നോർമിപ്പിക്കുന്നു ഇന്നും ആ അണ്വായുധത്തിന്റെ ദുരന്തംപേറി ജീവിക്കുന്നവർ.

ശാസ്ത്രപുരോഗതി നേടിയെന്ന്‌ അഭിമാനിക്കുന്ന വികസിതരാജ്യങ്ങൾ അതുകൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌ മാനവരാശിയുടെ പുരോഗതിയാകണം. ഇന്നും പല രാജ്യങ്ങളും തങ്ങളുടെ പക്കൽ ഇതിനെക്കാൾ പതിന്മടങ്ങ്‌ ശേഷിയുള്ള അണ്വായുധങ്ങളുണ്ട്‌ എന്ന്‌ അവകാശപ്പെടുന്നു. ഇപ്പോഴും ഓരോ രാജ്യവും യുദ്ധത്തിന്‍റെ മുൾമുനയിലാണ്‌. അണ്വായുധപ്രയോഗത്തിന്റെ ഇരകളായി ഇന്നും ജനിച്ചുവീഴുന്ന കുട്ടികളിൽ ജനിതകവ്യതിയാനം കാണുന്നത്‌ വിഷമകരമായ കാഴ്ചയാണ്‌. എല്ലാ ഓഗസ്റ്റ് മാസവും ഈ ദുരന്തത്തെക്കുറിച്ച്‌ നമ്മൾ ഓർക്കുന്നു. റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം തുടരുകയാണ്‌. അമേരിക്കയും ചൈനയും പരസ്പരം വെല്ലുവിളിച്ചുകൊണ്ട്‌ സമാധാനത്തിന്‌ ഭീഷണിയുയർത്തുന്നു. യുദ്ധത്തിന്റെ ഭീതിയും ഭീകരതയും ലോകമനസ്സാക്ഷിയെ ബോധ്യപ്പെടുത്തുന്നതാണ്‌ ഹിരോഷിമയും നാഗസാക്കിയും.

ഹിബാക്കുഷകൾ
ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ബോംബ്‌ സ്ഫോടനത്തിൽ പരിക്കേറ്റ് അവശേഷിച്ചവരെയാണ് ഹിബാക്കുഷകൾ എന്നുവിളിക്കുന്നത്. നേരിട്ട് അണുവികിരണം ബാധിച്ചവരും ഗർഭസ്ഥശിശുക്കളും ഇക്കൂട്ടത്തിലുണ്ട്. മരണത്തെ മുഖാമുഖം കണ്ടവരാണിവർ.
ആദ്യകാലത്ത് വിവേചനം നേരിടേണ്ടിവന്നെങ്കിലും പിന്നീട് സംഘടിച്ച് ശക്തരായി. ന്യൂക്ലിയർ ആയുധങ്ങൾക്കെതിരേ ഐ.സി.എ.എൻ. (International Campaign to Abolish Nuclear Weapons) എന്ന സംഘടനയുണ്ടായി. 2017-ൽ അവർക്ക് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. ബോംബുസ്ഫോടനം നടക്കുമ്പോൾ രണ്ടുകിലോമീറ്റർ അകലെയായിരുന്ന രണ്ടുവയസ്സുകാരി സഡാക്കോ സസുക്കിയുടെ കഥ കൂട്ടുകാർ കേട്ടിരിക്കുമല്ലോ? ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് അണുബോംബിന്റെ പാർശ്വഫലമായി അവൾക്ക് രക്താർബുദം വന്നത്. ജീവിക്കാൻ അതിയായി കൊതിച്ച സസുക്കിയോട് ആയിരം പേപ്പർകൊക്കുകളെ ഉണ്ടാക്കിയാൽ രോഗം ഭേദമാകുമെന്ന് ഒരു സുഹൃത്ത് പറഞ്ഞു. ജപ്പാനിലെ ഒരു വിശ്വാസമായിരുന്നു അത്. അവൾ പേപ്പർകൊക്കുകളെ ഉണ്ടാക്കാൻ തുടങ്ങി. ആയിരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 644 എണ്ണം ഉണ്ടാക്കുമ്പോഴേക്കും അവൾ ഈ ലോകത്തോട് യാത്രപറഞ്ഞു. ലോകം കണ്ണീരൊഴുക്കി.

സ്കൂളുകളിൽ ചെയ്യാവുന്നത്
1) ഹിരോഷിമദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ അണുബോംബിന്റെയും യുദ്ധങ്ങളുടെയും ഭീകരത സംബന്ധിച്ച് സെമിനാർ, സംവാദം തുടങ്ങിയവ സംഘടിപ്പിക്കാം
2) യുദ്ധവിരുദ്ധ സിനിമകൾ, ചിത്രങ്ങൾ, സാഹിത്യകൃതികൾ, ലേഖനങ്ങൾ എന്നിവ പരിചയപ്പെടുത്താം
3) രണ്ടു ബോംബാക്രമണങ്ങളിൽ തകർന്ന ജപ്പാന്റെ ഡിജിറ്റൽ ആൽബം തയ്യാറാക്കാം
4) ഒാരോ രാജ്യവും ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ചെലവഴിക്കുന്ന ഭീമമായ തുക എത്രയെന്ന് കണ്ടുപിടിച്ച് പ്രചരിപ്പിക്കാം


ദൈവദശകം

# എം.സി. പോൾ

ദൈവത്തോടുള്ള 10 പ്രാർഥനാ ശ്ലോകങ്ങളാണ്‌ ശ്രീനാരായണഗുരു എഴുതിയ ദൈവദശകം. 1914-ലാണത്‌ രചിച്ചത്‌. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച്‌ മനസ്സിലാക്കാവുന്നവിധം ലളിതമാണ്‌ ഈ ലഘുകാവ്യം.
ദൈവദശകം ആരംഭിക്കുന്നതുതന്നെ

ദൈവമേ! കാത്തുകൊൾകങ്ങ്-
കൈവിടാതിങ്ങു ഞങ്ങളെ എന്ന് പ്രാർഥിച്ചുകൊണ്ടാണ്.
അന്നവസ്ത്രാദി മുട്ടാതെ-
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ എന്നും പറയുന്നു.

ഭൗതികവും ദാർശനികവും മാനസികവുമായ വളർച്ചയ്ക്ക് ഊർജം പകരുന്നതാണ് ഇതിലെ വരികൾ. ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്നും മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും ഗുരു അരുളിച്ചെയ്തു. ജ്ഞാനസാഗരത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങുന്നുവെന്നു പറഞ്ഞ ഗുരു അറിവിന്റെ മുത്തുകളാണ് മനുഷ്യകുലത്തിന് നൽകിയത്.

‘നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും’

എന്ന് കാവ്യഖണ്ഡത്തിലൂടെ ഗുരു ദൈവത്തെ തിരിച്ചറിയുന്നു. ദൈവവും മനുഷ്യനും ഒന്നാണെന്നുള്ള അദ്വൈത സിദ്ധാന്തത്തെ മനുഷ്യപക്ഷത്തുനിന്നുകൊണ്ട് ഗുരു ഇതിൽ വിശദീകരിക്കുന്നു.
വേദോപനിഷത്തുകളുടെ സാരം തന്നെയാണ്‌ ഗുരു ഇതിലൂടെ വ്യക്തമാക്കുന്നത്‌.
ദൈവദശകം ഇന്ത്യയുടെ ദേശീയ പ്രാർഥനയാക്കണമെന്ന്‌ 2009-ൽ കേരളസർക്കാർ ശുപാർശചെയ്തിരുന്നു. ജാതിമത വർഗ വർണ വ്യത്യാസങ്ങളില്ലാതെ ഏറ്റുചൊല്ലാവുന്ന ഇൗ പ്രാർഥന നൂറിലധികം ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്‌.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..