ക്വിറ്റിന്ത്യാ സമരം അഥവാ ഓഗസ്റ്റ് വിപ്ലവം


ഡോ. വിജയരാഘവൻ കെ.സി.

1942 ഓഗസ്റ്റ്‌ എട്ടിനായിരുന്നു ക്വിറ്റിന്ത്യാ പ്രഖ്യാപനം

.

‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ക്വിറ്റിന്ത്യാസമരം ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉജ്ജ്വലമായ ഒരധ്യായമാണ്‌. ഇന്ത്യ വിടുക എന്ന അന്തിമശാസന ബ്രിട്ടീഷുകാർക്ക്‌ നൽകിയതാണ്‌ അതിന്റെ ചരിത്രപ്രാധാന്യം. മുമ്പെങ്ങുമില്ലാത്ത വിധം ജനം അക്രമത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞു. 1942 ഓഗസ്റ്റ് എട്ടിനാണ്‌ അഖിലേന്ത്യാ കോൺഗ്രസ് സമിതിയുടെ ബോംബെ സമ്മേളനം ‘ക്വിറ്റിന്ത്യ’ പ്രമേയം പാസാക്കിയത്‌. ഗാന്ധിജി ഇങ്ങനെ ആഹ്വാനം ചെയ്തു; ‘‘ഹിന്ദുക്കളും മുസ്‌ലിങ്ങളും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിൽ ഒന്നിച്ചു മുന്നേറണം. സ്വാതന്ത്ര്യസമ്പാദനമാണ് ഏറ്റവും പ്രധാനം. സ്വാതന്ത്ര്യം ഉടനെ നേടണം. ഏതെങ്കിലും ഒരു സമുദായത്തിന്റെ ആധിപത്യത്തിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല. മുസ്‌ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും പാഴ്‌സികളും ജൂതന്മാരും ഈ രാജ്യത്ത് താമസിക്കുന്ന മറ്റെല്ലാസമുദായങ്ങളും ഉൾക്കൊള്ളുന്ന ജനാധിപത്യത്തിലാണ് നാം വിശ്വസിക്കുന്നത്. ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം. മന്ത്രമിതാണ്. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ (Do or Die) അടിമയായി ജീവിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഈ സമരത്തിൽ അണിനിരക്കുക.’’

1939-ൽ ഇന്ത്യൻ ദേശീയ നേതാക്കളോട് ആലോചിക്കാതെ ഇന്ത്യ ബ്രിട്ടന്റെ ഭാഗത്ത് യുദ്ധത്തിൽ ചേർന്നതായി വൈസ്രോയി പ്രഖ്യാപിച്ചു. ഉടനെ പ്രതിഷേധ സൂചകമായി ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജിവെച്ചു. രണ്ടാം ലോകയുദ്ധത്തിൽ ജർമനിയുടെയും ഇറ്റലിയുടെയും ഭാഗത്ത് ജപ്പാൻ നിലയുറപ്പിച്ച സംഭവം ബ്രിട്ടനെ ഞെട്ടിച്ചു. 1942-ൽ ജപ്പാൻ, മ്യാൻമാർ കീഴടക്കിയതോടെ ബ്രിട്ടീഷുകാർ ശരിക്കുംഭയപ്പെട്ടു. ഇതോടെ ബ്രിട്ടൻ ഇന്ത്യയോടുള്ള സമീപനത്തിൽ മാറ്റം വരുത്തി. ഇന്ത്യക്കാരെ അനുനയിപ്പിക്കാൻ ബ്രിട്ടൻ, സർ സ്റ്റാഫോഡ് ക്രിപ്‌സിന്റെ നേതൃത്വത്തിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയച്ചു. യുദ്ധാനന്തരം ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി ക്രിപ്‌സ് വാഗ്ദാനം ചെയ്തു. എന്നാൽ, ക്രിപ്‌സ് ദൗത്യം പൂർണമായി പരാജയപ്പെടുകയായിരുന്നു. ക്രിപ്‌സിന്റെ വാഗ്ദാനത്തെ ‘തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിന്റെ പോസ്റ്റ്‌ ഡേറ്റഡ്‌ ചെക്ക്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചു.
അറസ്റ്റ്
1942 ഓഗസ്റ്റ് ഒമ്പതിന് അതിരാവിലെ ഗാന്ധിജിയെയും മറ്റെല്ലാ നേതാക്കളെയും അറസ്റ്റു ചെയ്തു. കോൺഗ്രസ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. ഗാന്ധിജി അറസ്റ്റു ചെയ്യപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സന്ദേശം ജനങ്ങൾക്കു നൽകാൻ മുന്നോട്ടുവന്ന കസ്തൂർബാ ഗാന്ധിയെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. യുദ്ധനിയമങ്ങളോടൊപ്പം തന്നെ അമിതനികുതിഭാരം, കാർഷികോത്‌പാദന തകർച്ച, ഭക്ഷ്യക്ഷാമം എന്നിവയും സാധാരണക്കാരെ വലച്ചു. ഗാന്ധിജിയുടെ സമരാഹ്വാനം സാധാരണക്കാർ ഉൾപ്പെടെയുള്ള ജനങ്ങളെ ആവേശംകൊള്ളിച്ചു. ക്വിറ്റിന്ത്യാ സമരം അഖിലേന്ത്യാസമരമായി. അഹിംസാ സമരത്തിനാണ് ഗാന്ധിജി ആഹ്വാനം ചെയ്തതെങ്കിലും അതിക്രൂരമായി ബ്രിട്ടീഷ് അധികാരികൾ സമരത്തെ അടിച്ചമർത്താൻ തുടങ്ങിയപ്പോൾ ജനങ്ങൾ അക്രമമാർഗത്തിലേക്ക് തിരിഞ്ഞു.

ഒളിവിലിരുന്ന് നയിച്ച നേതാക്കൾ
നേതാക്കളെല്ലാം ജയിലിലടയ്ക്കപ്പെട്ടപ്പോൾ ബഹുജന മുന്നേറ്റത്തെ ഒളിവിലിരുന്ന് നയിച്ച നേതാക്കളിൽ പ്രമുഖർ ജയപ്രകാശ് നാരായണൻ, റാം മനോഹർ ലോഹ്യ, അരുണ ആസഫലി, സുചേത കൃപലാനി, ഉഷാമേത്ത തുടങ്ങിയവരാണ്. അരുണ ആസഫലി പോലീസിന് പിടികൊടുക്കാതെ ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത്‌ (Gowalia Tank Maidan) ത്രിവർണ പതാക ഉയർത്തി. ഒളിവിലിരുന്നുകൊണ്ട് ജനരോഷം ബ്രിട്ടനെതിരേ തിരിച്ചുവിടാൻ അവർക്ക് കഴിഞ്ഞു. പത്രങ്ങൾക്ക് കർശനമായ വിലക്ക് ഉണ്ടായതിനാൽ സമരഭടന്മാർക്ക് ധൈര്യം നൽകാനും സമരവാർത്ത എത്തിക്കാനുമായി ‘അണ്ടർ ഗ്രൗണ്ട് കോൺഗ്രസ് റേഡിയോ’ എന്ന ആശയം നടപ്പാക്കിയത് ഉഷാമേത്തയാണ്. വോയ്‌സ് ഓഫ് ഫ്രീഡം എന്ന റേഡിയോനിലയം വഴി 1942 ഓഗസ്റ്റ് 14-ന് ഉഷാമേത്ത ആദ്യവാർത്ത പ്രക്ഷേപണം ചെയ്തു. ഉഷാമേത്തയെ അറസ്റ്റുചെയ്ത് കഠിനതടവിന് ശിക്ഷിച്ചപ്പോൾ ‘കോൺഗ്രസ് റേഡിയോ’ പ്രവർത്തനം സഹപ്രവർത്തകർ തുടർന്നു.

കേരളത്തിൽ

‘ഓഗസ്റ്റ് വിപ്ലവം’ എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ സമരം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ചലനങ്ങളുണ്ടാക്കി. വിദ്യാർഥികൾ സമരരംഗത്ത് സജീവമായിരുന്നു. മലബാറിലാണ് ക്വിറ്റിന്ത്യാ സമരം കരുത്താർജിച്ചത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം വളർന്ന ‘മാതൃഭൂമി’ ദിനപത്രം ക്വിറ്റിന്ത്യാ സമരത്തിന്റെ പ്രത്യേക പതിപ്പ് ഇറക്കാൻ തയ്യാറെടുക്കുമ്പോൾ സ്വാതന്ത്ര്യസമരനേതാവും ‘മാതൃഭൂമി’ പത്രാധിപരുമായ കെ.എ. ദാമോദരമേനോനെ ഓഫീസ്‌ കസേരയിൽനിന്ന്‌ അറസ്റ്റുചെയ്തു. മലബാറിലെ പ്രധാന നേതാക്കളായ കെ. കേളപ്പൻ, ഇ. മൊയ്തു മൗലവി, കോഴിപ്പുറത്ത് മാധവമേനോൻ, എ. ബാലഗോപാൽ, എ.വി. കുട്ടിമാളുഅമ്മ, ഇ. അമ്മുക്കുട്ടിഅമ്മ, കെ. ലക്ഷ്മിക്കുട്ടിഅമ്മ തുടങ്ങിയവരെയും അറസ്റ്റുചെയ്തു. ഗവൺമെന്റിന്റെ ആയുധശക്തിയെ വെല്ലുവിളിച്ചുകൊണ്ട് സമരം ശക്തിതെളിയിച്ചു. തീവണ്ടിപ്പാളങ്ങളും ടെലിഗ്രാഫ് കമ്പികളും തകർക്കപ്പെട്ടു. ഉള്ളിയേരിപ്പാലം തകർത്തു. ചേമഞ്ചേരി രജിസ്ട്രാർ ഓഫീസ്, റെയിൽവേ സ്റ്റേഷൻ, നടുവണ്ണൂർ രജിസ്ട്രാർ ഓഫീസ് എന്നിവ തീവെച്ച് നശിപ്പിച്ചു. കീഴരിയൂർ ബോംബ് കേസ്, ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ഒരു പ്രധാന സംഭവമാണ്. പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളായ ഡോ. കെ.ബി. മേനോൻ, മത്തായി മാഞ്ഞൂരാൻ, കേളപ്പജിയുടെ മകൻ ടി.പി. കുഞ്ഞിരാമൻ കിടാവ് തുടങ്ങി പല പ്രമുഖരും കീഴരിയൂർ ബോംബ് കേസിൽ പ്രതികളായിരുന്നു.
ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് നാലുവർഷം ജയിലിൽ ശിക്ഷയനുഭവിച്ച വടകരക്കടുത്ത മേമുണ്ടയിലെ കക്കണ്ടി കുഞ്ഞിരാമക്കുറുപ്പ്, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് വർഷങ്ങളോളം ബെല്ലാരി ജയലിൽ തടവുകാരനായിക്കഴിഞ്ഞു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..