ചരിത്രമുറങ്ങുന്ന ശബരി ആശ്രമം


പവിത്രൻ ഓലശ്ശേരി

സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നായ പാലക്കാട്ടെ ശബരി ആശ്രമത്തെ അറിയാം

അയിത്തവും അനാചാരങ്ങളും കൊടികുത്തിവാണ കാലത്ത് കേരളത്തിൽ സാമൂഹികമാറ്റങ്ങൾക്ക് തിരികൊളുത്തിയ ഗ്രാമമാണ്‌ പാലക്കാട്ട്‌ ഒലവക്കോടിനടുത്തുള്ള അകത്തേത്തറ. അവിടെ ശബരി ആശ്രമം കേന്ദ്രീകരിച്ച്‌ ടി.ആർ. കൃഷ്ണസ്വാമി അയ്യർ നടത്തിയ പ്രവർത്തനങ്ങൾ ദേശീയശ്രദ്ധ ആകർഷിച്ചവയാണ്‌.1923 മേയ്‌ മാസത്തിൽ രണ്ടാം പ്രവിശ്യാ കോൺഗ്രസ്‌ സമ്മേളനം അകത്തേത്തറയിലെ അത്താഴച്ചിറയിൽ സരോജിനി നായിഡുവിന്റെ അധ്യക്ഷതയിൽ നടക്കുന്നു. ഒട്ടേറെ പ്രമുഖർ പങ്കെടുത്ത സമ്മേളനത്തിന്റെ ചുമതല കെ.പി. കേശവമേനോനായിരുന്നു. സമ്മേളനത്തിന്റെ രണ്ടാംദിവസം ഭിന്ന ജാതിമതസ്ഥരെ പങ്കെടുപ്പിച്ച് മിശ്രഭോജനം സംഘടിപ്പിച്ചു. കൃഷ്ണസ്വാമി അയ്യരായിരുന്നു ഇതിന്റെ സൂത്രധാരൻ. സംഭവമറിഞ്ഞ യാഥാസ്ഥിതിക ബ്രാഹ്മണസമൂഹം വെറുതേയിരുന്നില്ല. ഭ്രഷ്ട് കല്പിച്ച് കൃഷ്ണസ്വാമി അയ്യരെയും കുടുംബത്തെയും കൽപ്പാത്തിയിലെ അഗ്രഹാരത്തിൽനിന്ന് പുറത്താക്കി. സമ്മേളനപ്പന്തൽ നിർമിക്കാനുപയോഗിച്ച സാധനസാമഗ്രികൾ ഉപയോഗിച്ച് അകത്തേത്തറയിൽ ഒരു കുടിൽകെട്ടി കൃഷ്ണസ്വാമി അയ്യരും കുടുംബവും താമസം തുടങ്ങി. ഈ കുടിലാണ് പിന്നീട് ശബരി ആശ്രമമായി മാറിയത്.

ഈ സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയും 1923-ൽ കാകിനാഡയിൽചേർന്ന കോൺഗ്രസിന്റെ അഖിലേന്ത്യാസമ്മേളനം അയിത്തോച്ചാടനം മുഖ്യ അജൻഡയായി ഏറ്റെടുക്കാൻ തീരുമാനിക്കുകയുംചെയ്തു. വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം ഈ സംഭവത്തിൽനിന്നായിരുന്നു. വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൃഷ്ണസ്വാമി അയ്യർ ബ്രിട്ടീഷ് സർക്കാരിന്റെ കിരാതമർദനങ്ങൾക്കിരയായി പലപ്രാവശ്യം ജയിൽവാസമനുഭവിച്ചു. ഹരിജനോദ്ധാരണം, ഹിന്ദിപ്രചാരണം, അയിത്തോച്ചാടനം എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി.
കേരളത്തിലാദ്യമായി ഹരിജനങ്ങൾക്ക് ക്ഷേത്രം തുറന്നുകൊടുത്ത് ഒരു ഹരിജനെ പൂജാരിയായി നിയമിച്ചത് ശബരി ആശ്രമത്തിനടുത്തുള്ള കൈമാടം അയ്യപ്പക്ഷേത്രത്തിലാണ്. കേരള ചരിത്രത്തിൽ പുതിയ അധ്യായത്തിന് നാന്ദികുറിച്ച ഈ ക്ഷേത്രം ഇപ്പോൾ ചരിത്രസ്മാരകമാണ്.ശബരി ആശ്രമം കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ ദേശീയശ്രദ്ധ പിടിച്ചുപറ്റി. മഹാത്മജി, കസ്തൂർബ ഉൾപ്പെടെ പ്രമുഖ ദേശീയനേതാക്കൾ പലതവണ ശബരി ആശ്രമം സന്ദർശിച്ചിരുന്നു. നാനാജാതിയിലുള്ള കുട്ടികളെ കൃഷ്ണസ്വാമി അയ്യർ ആശ്രമത്തിൽ
താമസിപ്പിച്ചുപഠിപ്പിച്ചു. 1935 ഏപ്രിൽ 28-ന് നാൽപ്പത്തിനാലാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..