ഓർമയിൽ വിക്രം സാരാഭായ്


തയ്യാറാക്കിയത്: ഡോ. പി.കെ. ശങ്കരനാരായണൻ

വിക്രം അംബാലാൽ സാരാഭായി എന്ന ലോകപ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്റെ ജന്മദിനമാണ്‌ ഓഗസ്റ്റ് 12. സാരാഭായിയുടെ കീഴിൽ ജോലിചെയ്യാൻ അവസരം ലഭിച്ച, ഐ.എസ്‌.ആർ.ഒ.യിൽനിന്ന്‌ വിരമിച്ച ശാസ്ത്രജ്ഞൻ കെ. ശിവരാമകൃഷ്ണൻ നായർ സാരാഭായിയെ അനുസ്മരിക്കുന്നു

.

അഹമ്മദാബാദിൽ വ്യാവസായിക കുടുംബത്തിൽ 1919 ഓഗസ്റ്റ് 12-ന് ജനിച്ച സാരാഭായിക്ക്‌ ചെറുപ്പത്തിൽത്തന്നെ ഭൗതികശാസ്ത്രത്തിൽ അതീവ താത്‌പര്യമുണ്ടായിരുന്നു. അഹമ്മദാബാദ്‌ യൂണിവേഴ്സിറ്റിയിൽനിന്നും പിന്നീട് കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയിൽനിന്നും ഭൗതികശാസ്ത്രങ്ങളിൽ ബിരുദമെടുത്തു. ഇന്ത്യയിൽ 1940-ൽ തിരിച്ചെത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (അന്നത്തെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) നൊബേൽജേതാവായ സി.വി. രാമന്റെ കീഴിൽ കോസ്മിക് സയൻസിൽ ഡോക്ടറേറ്റ് സ്വന്തമാക്കി. 1947 വരെ അവിടെ തുടർന്നു.
1942-ൽ ആനക്കര വടക്കത്ത്‌ മൃണാളിനിയെ വിവാഹം കഴിച്ചു; മകൾ മല്ലികാ സാരാഭായി അഭിനേത്രിയും ആക്ടിവിസ്റ്റുമാണ്‌. മൃണാളിനിയും നർത്തകിയായിരുന്നു. മകൻ കാർത്തികേയ ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനാണ്‌. 2012-ൽ പത്മശ്രീ നേടി.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു ഭൗതികഗവേഷണസ്ഥാപനം തുടങ്ങാൻ ഇന്ത്യാ ഗവൺമെൻറ് തീരുമാനിച്ചപ്പോൾ അതിന്റെ ചുമതല സ്വയമേറ്റെടുത്ത് അഹമ്മദാബാദിൽ ഫിസിക്കൽ റിസർച്ച്‌ ലബോറട്ടറി (പി.ആർ.എൽ.) തുടങ്ങി. 1962-ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ്‌ റിസർച്ച്‌ ഗവൺമെന്റ്‌ തുടങ്ങിയപ്പോൾ അതിന്റെ സാരഥിയും സാരാഭായിയായിരുന്നു. ഒരുവർഷത്തിനുള്ളിൽ തിരുവനന്തപുരത്ത്‌ തുമ്പയിൽ ബഹിരാകാശ വിക്ഷേപണകേന്ദ്രം തുടങ്ങി. അതിന്‌ അനുബന്ധമായി റോക്കറ്റ്‌ ഫാബ്രിക്കേഷൻ ഫെസിലിറ്റിയും (ആർ.എഫ്‌.എഫ്‌.) റോക്കറ്റ്‌ പ്രൊപ്പല്ലന്റ്‌ പ്ലാന്റും(ആർ.പി.പി.) തുടങ്ങി. 1965-ൽ എസ്‌.എസ്‌.ടി.സി. (സ്പേസ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി സെന്റർ) എന്ന ഗവേഷണസ്ഥാപനവും തുടങ്ങി.
ഇവയെല്ലാം ഒന്നിച്ചതാണ്‌ ഇപ്പോഴത്തെ വി.എസ്‌.എസ്‌.സി. (വിക്രം സാരാഭായി സ്പേസ്‌ സെന്റർ) ഹോമി ജെ. ഭാഭ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന്‌ ഇന്ത്യയുടെ അണുശക്തിസ്ഥാപനങ്ങളുടെയു ചുമതല സാരാഭായി ഏറ്റെടുക്കേണ്ടിവന്നു. പി.ആർ.എൽ. എന്ന സ്ഥാപനത്തിൽ നിന്നുമാത്രമാണ്‌ അദ്ദേഹം ശമ്പളം സ്വീകരിച്ചിരുന്നത്‌. മറ്റിടങ്ങളിൽനിന്ന്‌ ഒരുരൂപയാണ്‌ മാസശമ്പളമായി സ്വീകരിച്ചത്‌. പത്തോളം സ്ഥാപനങ്ങളെയാണ് വിക്രം സാരാഭായി നയിച്ചത്. പ്രഗല്‌ഭശാസ്ത്രജ്ഞനായിരിക്കുമ്പോഴും ലളിതജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. എപ്പോഴും പ്രസന്നവദനനായി, തൂവെള്ള പൈജാമയും തൂവെള്ള ജുബ്ബയുമായിരുന്നു വേഷം. 1971 ഡിസംബർ 30 രാത്രിയിൽ ഉറക്കത്തിൽ അദ്ദേഹം ലോകത്തോട്‌ വിടപറഞ്ഞു.

അനുഭവം

വിക്രം സാരാഭായിയുമായുണ്ടായ രണ്ട് അനുഭവങ്ങൾ പങ്കുവെക്കാം. ഒരു ചെറിയ ദ്രാവക റോക്കറ്റിന്റെ പ്രഥമ ടെസ്റ്റ് കാണാൻ അദ്ദേഹം എത്തിയിരുന്നു. എന്നാലത് ഒരുചെറിയ സാങ്കേതികപ്പിഴവ് കാരണം പ്രവർത്തിച്ചില്ല. അദ്ദേഹം ഞങ്ങളുടെ അടുത്തുവന്ന് സ്വതസ്സിദ്ധമായ പുഞ്ചിരിയുമായി അത് വി.ഐ.പി. സാന്നിധ്യംകൊണ്ടാണ് പ്രവർത്തിക്കാത്തത് എന്നു പറഞ്ഞു. വീണ്ടും പരീക്ഷിച്ചുനോക്കാൻ പ്രോത്സാഹിപ്പിച്ചാണ്‌ അദ്ദേഹം പോയത്‌. രണ്ടുമാസംകഴിഞ്ഞ് ബോംബെയിലെ ഗസ്റ്റ്ഹൗസിൽ അദ്ദേഹത്തെ യാദൃച്ഛികമായി കാണാനിടയായപ്പോൾ ‘ആ റോക്കറ്റ് വീണ്ടും ടെസ്റ്റുചെയ്തോ’ എന്ന് ആരാഞ്ഞു. ‘നന്നായി ടെസ്റ്റുചെയ്തു’ എന്നുപറഞ്ഞപ്പോൾ ‘കണ്ടില്ലേ അന്നത്തെ പരീക്ഷണം ശരിയാവാത്തത് വി.ഐ.പി. ഉണ്ടായിരുന്നതുകൊണ്ടായിരുന്നു’ എന്നുപറഞ്ഞ് പുഞ്ചിരിച്ചു.മറ്റൊരനുഭവം: എസ്.എസ്.ടി.സി.യിലെ സ്റ്റാഫ് യൂണിയൻ ഉദ്ഘാടനത്തിനായി എം.പി.യായിരുന്ന എ.കെ.ജി. സ്ഥാപനത്തിലെത്തിയപ്പോൾ അന്നത്തെ ഡയറക്ടർ അനുമതി നിഷേധിച്ചു. എ.കെ.ജി. പ്രധാന ഗേറ്റിനു മുൻവശത്തുനിന്ന് ജീവനക്കാരെ അഭിസംബോധനചെയ്തു.
എയർപോർട്ടിൽനിന്ന് സാരാഭായി സ്ഥാപനത്തിലേക്ക് വരുമ്പോൾ ഈ സംഭവം കാണാനിടയായി. കാറിൽ നിന്നിറങ്ങി ഞങ്ങളുടെ അടുത്തുനിന്ന്‌ എ.കെ.ജി.യുടെ പ്രസംഗം മുഴുവൻകേട്ടു. അതിനുശേഷം അദ്ദേഹത്തെ കൈപിടിച്ച് സ്ഥാപനത്തിലേക്ക് ആനയിച്ചു. ഡയറക്ടറുടെ അനൗചിത്യത്തിന്‌ അദ്ദേഹം മാപ്പുപറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്
പത്മഭൂഷൺ (1966)
പത്മവിഭൂഷൺ (1972)(മരണാനന്തര ബഹുമതി)

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..