സുഭാഷിതങ്ങൾ


ഓഗസ്റ്റ് 12 സംസ്കൃതഭാഷാദിനം

1969 മുതൽ ശ്രാവണപൂർണിമ സംസ്കൃതദിനമായി ആചരിക്കുന്നു. ഓഗസ്റ്റ് 12 ആണ്‌ സംസ്കൃതഭാഷാദിനം. പിന്നീട് ഈ ദിവസത്തിന് മുൻപും പിൻപും മൂന്നുദിവസം ചേർത്ത് സംസ്കൃതസപ്താഹമായി ആചരിച്ചുവരുന്നു. സംസ്കൃതഭാഷയിലെ സുഭാഷിതസാഹിത്യം അതിവിശാലവും ഗഹനവുമാണ്. ഭൂമിയിൽ മൂന്ന് രത്നങ്ങളുണ്ട്. ജലം, അന്നം, സുഭാഷിതം എന്നിവയാണവ. (പ്യഥിവ്യാം ത്രീണിരത്‌നാനി ജലമന്നം സുഭാഷിതം) ഒന്നുമുതൽ നാലുവരെ സരളവും ആശയസമ്പുഷ്ടവുമായ 12 സുഭാഷിതങ്ങൾ കുട്ടികൾ പഠിക്കുന്നുണ്ട്. തുടർന്ന് മുപ്പതോളം സുഭാഷിതങ്ങളും. ‘ജീർണമംഗേ സുഭാഷിതം’ (സ്വന്തം ശരീരത്തിൽ തന്നെ നല്ലവാക്കുകൾ ജീർണിച്ചിരിക്കുന്നു) എന്ന ഭർത്തൃഹരിയുടെ ആശങ്ക ഓർമിപ്പിച്ച് കേരളത്തിലെ പൊതുവിദ്യാലയത്തിലെ ഒന്നാംക്ലാസിലെ സംസ്കൃതം പാഠപുസ്തകത്തിലെ ഒരു സുഭാഷിതവും അതിന്റെ വിവരണസാധ്യതകളും പരിശോധിക്കാം.
കാക: കൃഷ്ണ: പിക: കൃഷ്ണ:
കോ ഭേദ: പികകാകയോ: I
വസന്തകാലേ സമ്പ്രാപ്തേ
കാക: കാക: പിക: പിക: ? I
അർഥം:
കാക: കൃഷ്ണ:= കാക്ക കറുത്തതാണ്‌.
പിക: കൃഷ്ണ:= കുയിലും കറുത്തതാണ്.
പികകാകയോ: കോ: ഭേദ:= കുയിലും കാക്കയും തമ്മിൽ എന്തുവ്യത്യാസം?
സമ്പ്രാപ്തേ വസന്തകാലേ= വസന്തകാലം വരുമ്പോൾ
കാക: കാക:= കാക്ക കാക്കയാണ്.
പിക: പിക:= കുയിൽ കുയിലും .
കാക്കയും കുയിലും ആദ്യനോട്ടത്തിൽ ഒരുപോലിരിക്കും. വ്യത്യാസമറിയുന്നത് അവ പാടുമ്പോഴാണ് എന്നർഥം. (കുയിൽ വസന്തകാലത്തിൽ പാടുന്നു എന്നു കവി )
കാകനും പികവും തമ്മിൽ
കറുപ്പാണില്ലൊരന്തരം
കാലം വസന്തമാകുമ്പോൾ
കാകൻ കാകൻ, പികം പികം .
സമാനാർഥത്തിലുള്ള മറ്റൊരു സുഭാഷിതവും നോക്കൂ.
ഹംസ: ശ്വേത: ബക: ശ്വേത:
കോ ഭേദ: ബകഹംസയോ:
നീരക്ഷീരവിവേകേ തു
ഹംസോ ഹംസ: ബകോ ബക:
(അരയന്നവും കൊക്കും വെളുത്തപക്ഷികളാണ്. എന്താണിവ തമ്മിലുള്ള വ്യത്യാസം? പാലും വെള്ളവും വേർതിരിക്കുന്നതിൽ അരയന്നം കാണിക്കുന്ന വിവേകം തന്നെ)

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..