വള്ളത്തോളിന്റെ ഗുരുനാഥൻ


അംബുജം കടമ്പൂര്‌

മഹാത്മാഗാന്ധിയെ തന്റെ ഗുരുവായി കണക്കാക്കിയ കവിയായിരുന്നു വള്ളത്തോൾ നാരായണമേനോൻ. അദ്ദേഹം ഗാന്ധിജിയെക്കുറിച്ചെഴുതിയ എന്റെ ഗുരുനാഥൻ, ബാപ്പുജി എന്നീ കവിതകളിലൂടെ സ്വാതന്ത്ര്യദിനാഘോഷവേളയിൽ നമുക്കൊന്നു സഞ്ചരിക്കാം

.

മഹാത്മാഗാന്ധിയുടെ ജീവിതദർശനങ്ങളും വിശ്വമാനവികതയും മാതൃകാപരമായിരുന്നു. ആ യുഗപുരുഷനോടുള്ള ആദരവും ആരാധനയും ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലൂടെ അടയാളപ്പെടുത്തിയ കവിയാണ് വള്ളത്തോൾ നാരായണമേനോൻ. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പ്രസ്താവിച്ച ഗാന്ധിജിക്ക് ഈ ലോകം ഒരൊറ്റ തറവാടായിരുന്നു. പുല്ലും പുഴുക്കളും സർവചരാചരങ്ങളും അദ്ദേഹത്തിന്റെ കുടുംബക്കാരുമായിരുന്നു.
‘ലോകമേ തറവാടു തനിക്കീ ച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ’
എന്ന വരിയിൽ ‘വസുധൈവകുടുംബകം’ എന്ന ആർഷസങ്കല്പം തെളിഞ്ഞുകാണാം. ത്യാഗം നേട്ടമായും താഴ്മ ഉന്നതിയായും കാണുന്ന മഹായോഗിയായിരുന്നു ഗാന്ധിജി. ബഹുമാനങ്ങളെ നക്ഷത്രമാലകൾപോലെയും വിമർശനങ്ങളെ കാർമേഘങ്ങൾ പോലെയും സ്വീകരിക്കുന്ന ഗാന്ധിജിയുടെ ഹൃദയവിശാലതയാണ് വള്ളത്തോൾ ആവിഷ്കരിക്കുന്നത്. ആയുധമില്ലാതെ യുദ്ധവിജയം നേടുകയും പുസ്തകമില്ലാതെ വിജ്ഞാനം പകരുകയും മരുന്നില്ലാതെ രോഗം ശമിപ്പിക്കുകയുംചെയ്ത ജ്ഞാനിയായ ഗാന്ധിജിയെ ആദരവോടെ കവിമനസ്സിൽ ഗുരുവായി കുടിയിരുത്തുമ്പോൾ വായനക്കാരന്റെ ഉള്ളിലും സ്ഥിരപ്രതിഷ്ഠ നേടുന്നു.
‘ക്രിസ്തുദേവന്റെ പരിത്യാഗശീലവും,
സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ
ധർമരക്ഷോപായവും
ബുദ്ധന്റെയഹിംസയും
ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും രന്തിദേവന്റെ
ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും,
മുഹമ്മദിൻ സ്ഥൈര്യവും’
എല്ലാം ഒരാളിൽ ഒത്തുചേർന്ന് കാണണമെങ്കിൽ നിങ്ങൾ ഗാന്ധിജിയെ സമീപിക്കുകയോ അദ്ദേഹത്തിന്റെ ചരിത്രം വായിക്കുകയോ വേണമെന്ന് ആഹ്വാനംചെയ്യുകയാണ് വള്ളത്തോൾ. ഈ മഹാത്മാക്കളുടെ സദ്ഗുണങ്ങളുടെ സാരമായതുകൊണ്ടാണ് ഗാന്ധിജിയെ വള്ളത്തോൾ ഗുരുനാഥനായി സ്വീകരിച്ചത്.
തന്റെ ഗുരുനാഥനായ ഗാന്ധിജിയുടെ മരണം വള്ളത്തോളിനെ അഗാധമായ ദുഃഖത്തിലാഴ്ത്തി. ആ ദുഃഖമാണ് ‘ബാപ്പുജി’ എന്ന നീണ്ട കവിതയ്ക്ക് ആധാരമായത്.
‘പരമമാം ധർമം പഠിപ്പിച്ച നിസ്
പൃഹന്നീ നാം
ഗുരുദക്ഷിണ
കൈത്തോക്കുണ്ടയാലല്ലോ നൽകി!
വരുവിൻ കൃതഘ്നതേ നീചതേ
ഹിംസാലുതേ,
ഭരതക്ഷിതിയിലും
നിങ്ങൾക്കുണ്ടിടമെന്നായ്!’
അഹിംസ പഠിപ്പിച്ച ഗുരുവിന് നൽകിയ ദക്ഷിണ ഹിംസയായിപ്പോയല്ലോ എന്ന് പരിതപിക്കുകയാണ് കവി. നന്ദികേടിനും കുടിലപ്രവൃത്തികൾക്കും ഭാരതഭൂമിയിൽ ഗാന്ധിവധത്തോടെ സ്ഥലം ലഭിച്ചിരിക്കുന്നു എന്ന ഭയമാണ് തെളിയുന്നത്.
¹‘വേടന്റെയമ്പിനാൽ കൃഷ്ണൻ, കുരിശ്ശേറ്റത്താൽ ക്രിസ്തു. മൂഢന്റെ തോക്കാൽ ഗാന്ധിദേവനും ദേഹം വിട്ടു.’
മഹാത്മാക്കൾ ഇങ്ങനെ രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്നതിൽ കവിഹൃദയം തേങ്ങുന്നു. ആരുടെയെല്ലാം സദ്ഗുണങ്ങൾ ആർജിച്ചിട്ടും അവയൊക്കെ ലോകത്തിന് പ്രദാനംചെയ്തിട്ടും തിക്തഫലം കായ്ക്കുന്ന മരങ്ങളും നമുക്കിടയിൽ വളരുന്നുണ്ടെന്ന് ഓർമിപ്പിക്കുകയാണിവിടെ. സർവമതമൈത്രിയായിരുന്നു ഗാന്ധിജിയുടെ ആദർശങ്ങളിൽ പ്രധാനം. ഇനിയാരാണ് ലോകത്തിന് ഐക്യവും സമാധാനവും സ്ഥാപിക്കാനുണ്ടാവുക എന്ന ആശങ്കയാണ് കവിത നിറയെ.
ഭാവികാലമേ, ഞങ്ങൾ
സൂക്ഷിക്കാം നിനക്കായി,
മെയ് വിട്ട സിദ്ധാർഥന്റെ
യല്പാവശിഷ്ടംപോലെ
ഈയഞ്ചു പദാർഥങ്ങളഞ്ചുകൂട്ടത്തെ-സ്സമ-
ധീയേയും, ദയയേയും,
സൂക്ഷ്മദർശനത്തേയും
നിർഭയചര്യയേയും,
നിശ്ചലത്യാഗത്തേയും-
നിശ്ശബ്ദം നിനക്കോതിത്തന്നുകൊണ്ടിരിക്കുമേ !
ഇത്രയും മഹത്ത്വമുള്ള ഒരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ഭാവികാലം അവിശ്വസിച്ചേക്കാം. ഭാവിയുടെ വിശ്വാസത്തിനും പരിശുദ്ധിക്കുംവേണ്ടി ചിതാഭസ്മം, കണ്ണട, ചെരിപ്പ്, പുതപ്പ്, വടി എന്നീ അഞ്ചു പദാർഥങ്ങളും സൂക്ഷിക്കാം. അതോടൊപ്പം ഭാവിഭാരതത്തിനായി അദ്ദേഹം പകർന്നുതന്ന സമബുദ്ധി, നിർഭയചര്യ, സൂക്ഷ്മദർശനം, നിശ്ചലത്യാഗം, ദയ എന്നിവയും സൂക്ഷിച്ചുവെക്കാമെന്ന് കവി ഉറപ്പുനൽകുന്നുണ്ട്.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..