പാവപ്പെട്ടവരുടെ സഹോദരൻ


തയ്യാറാക്കിയത്: ജ്വാല

ഓഗസ്റ്റ്‌ 21 സഹോദരൻ അയ്യപ്പന്റെ ജന്മദിനം

യുക്തിചിന്തകൻ, സാമൂഹികപരിഷ്കർത്താവ്‌, ശ്രീനാരായണഗുരുവിന്റെ പ്രിയശിഷ്യൻ. ഇങ്ങനെ ബഹുമുഖവിശേഷണങ്ങൾക്ക്‌ ഉടമയാണ്‌ സഹോദരൻ അയ്യപ്പൻ. 1890 ഓഗസ്റ്റ് 21-ന് എറണാകുളത്തെ ചെറായിയിൽ കുമ്പളത്ത് പറമ്പിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും ഒമ്പതുമക്കളിൽ ഒടുവിലത്തെയാളായാണ്‌ ജനനം. ശ്രീനാരായണഗുരുവിന്റെ ദർശനത്തെ ഉൾക്കൊണ്ട്‌ അത്‌ പ്രയോഗവത്കരിക്കാൻ ശ്രമിച്ചു. ഈഴവസമുദായത്തിൽ ജനിച്ച അദ്ദേഹം തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം സംഘടിപ്പിച്ചു. പുലയൻ അയ്യപ്പൻ എന്നുവിളിച്ച്
സമുദായപ്രമാണിമാർ അവഹേളിച്ചു. എന്നാൽ, അയ്യപ്പൻ അത് കാര്യമാക്കിയില്ല. നാരായണഗുരുവിന്റെ പൂർണപിന്തുണ അയ്യപ്പനുണ്ടായിരുന്നു.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും കുമാരനാശാനും അയ്യപ്പന്റെ വീടായ കുമ്പളത്ത് പറമ്പിൽ സന്ദർശകരായിരുന്നു. വടക്കൻപറവൂരിൽ സ്കൂൾപഠനം നടത്തിയശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽനിന്നാണ് ഇൻറർമീഡിയറ്റ്‌ ജയിച്ചത്. ചെന്നൈയിൽ ഉപരിപഠനത്തിന് പോയെങ്കിലും അസുഖം കാരണം നാട്ടിൽ തിരിച്ചെത്തി. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് സംസ്കൃതവും ഇന്ത്യാചരിത്രവും പഠിച്ച് ബിരുദംനേടി. സ്വന്തംദേശത്തെ യൂണിയൻ ഹൈസ്കൂളിൽ അധ്യാപകജോലി സ്വീകരിച്ചു.
മിശ്രഭോജനം
അയിത്തമെന്ന മനുഷ്യവിരുദ്ധമായ അധമസങ്കല്പത്തോട്‌
അയ്യപ്പന്‌ സമരസപ്പെടാനായില്ല. അങ്ങനെയാണ്‌ നിലവിലുള്ള ജാതിക്കോമരങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ മിശ്രഭോജനം സംഘടിപ്പിച്ചത്‌. 1917-ൽ ചെറായിയിൽ ആയിരുന്നു മിശ്രഭോജനം. വ്യത്യസ്തജാതിക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണംകഴിക്കാത്ത അക്കാലത്ത് പുലയർ ഉൾപ്പെടെയുള്ള ദളിതരെക്കൂടി അയ്യപ്പൻ ആ പന്തിഭോജനത്തിൽ പങ്കെടുപ്പിച്ചു. ഇത് വലിയ കോളിളക്കമാണുണ്ടാക്കിയത്‌. അങ്ങനെയാണ്‌ അയ്യപ്പൻമാസ്റ്റർ നാട്ടിലെ പ്രമാണിമാർക്ക് പുലയൻ അയ്യപ്പനായത്‌.
സഹോദരസംഘം
1917-ൽ സമസ്തകേരള സഹോദരസംഘം എന്ന സംഘടന അയ്യപ്പൻ ആരംഭിച്ചു. സഹോദരൻ മാസികയും തുടങ്ങി. 1929-ൽ യുക്തിവാദി മാസിക തുടങ്ങി. വേലക്കാരൻ എന്ന പത്രവും അദ്ദേഹം ആരംഭിച്ചെങ്കിലും അത് അധികനാൾ തുടർന്നില്ല. 1923-ൽ നിലവിൽവന്ന കൊച്ചിരാജ്യ നിയമസഭയിലേക്ക്‌ 1925-ൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 1928-ൽ നടന്ന രണ്ടാം തിരഞ്ഞെടുപ്പിൽ അയ്യപ്പൻ വിജയിച്ചു. 1931-ലും നിയമസഭാംഗമായി.
പുലയരുൾപ്പെടെയുള്ള പിന്നാക്കജാതികളുടെ ഉന്നമനത്തിനായി നിയമസഭയിൽ അയ്യപ്പൻ ശക്തിയായി വാദിച്ചു. 1921-ൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ സഹകാര്യദർശിയായി അയ്യപ്പനെയും പി.കെ. മാധവനെയും തിരഞ്ഞെടുത്തിരുന്നു.
1938-ൽ യോഗം പ്രസിഡന്റായി. അതേവർഷം കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽനിന്ന് അയ്യപ്പൻ വിജയിച്ചു. ക്രിസ്ത്യാനികളും മറ്റ്‌ പിന്നാക്കവിഭാഗങ്ങളും ചേർന്നുണ്ടാക്കിയ നാഷണലിസ്റ്റ് പാർട്ടിയിലായിരുന്നു അയ്യപ്പൻ. പാർട്ടിയിൽത്തന്നെ ചിലർ അയ്യപ്പനെതിരേ ഉപജാപങ്ങൾ നടത്തിയപ്പോൾ പാർട്ടിവിട്ട്‌ സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ കൊച്ചി മന്ത്രിസഭയിൽ അയ്യപ്പൻ അംഗമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായ പ്രജാമണ്ഡലത്തിൽ ചേർന്ന അയ്യപ്പൻ 1948-ൽ പള്ളിപ്പുറം മണ്ഡലത്തിൽനിന്ന് ജയിച്ച്‌ മന്ത്രിയായി. 1949 ജൂലായ് ഒന്നിന്‌ തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചപ്പോൾ പറവൂർ ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി. എന്നാൽ, അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 1949 ഡിസംബറിൽ രാജിവെച്ചു. പിന്നീട്‌ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നില്ല.

കവി
സഹോദരന്റെ പദ്യകൃതികൾ 1934-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. റാണിസന്ദേശം, പരിവർത്തനം, ഉജ്ജീവനം, അഹല്യ എന്നീ കാവ്യങ്ങളിലുള്ളത് യുക്തിചിന്തയും ശാസ്ത്രദർശനവുമാണ്‌. 1930-ലായിരുന്നു വിവാഹം. പാർവതിയാണ് ഭാര്യ. ഐഷ, സുഗതൻ എന്നിവരാണ് മക്കൾ. 1968 മാർച്ച് 6-ന് അയ്യപ്പൻ അന്തരിച്ചു.

ശ്രീനാരായണഗുരു
അയ്യപ്പനെ ഗുരുവിന് വലിയ ഇഷ്ടമായിരുന്നു. ചിലകാര്യങ്ങളിൽ ഗുരുവിനോട് വിയോജിക്കാനും മടിച്ചില്ല. ‘ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്’ എന്ന് ഗുരുപറഞ്ഞപ്പോൾ ‘ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നതായിരുന്നു അയ്യപ്പന്റെ മുദ്രാവാക്യം. ശ്രീനാരായണഗുരു ‘ദൈവദശകം’ രചിച്ചപ്പോൾ അയ്യപ്പൻ ‘സയൻസ്‌ ദശകം’ രചിച്ചു.
‘ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ ഭവാബ്ധിക്കോ‌-
രാവിവൻതോണി നിൻപദം.’
എന്നാണ്‌ ദൈവദശകം തുടങ്ങുന്നത്‌. ‘കോടിസൂര്യനുദിച്ചാലുമൊഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ’ എന്നാണ്‌ സയൻസ്‌ ദശകം തുടങ്ങുന്നത്‌.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..