ഇന്ത്യയുടെ ചന്ദ്രയാൻ-II


ശ്യാമള മൂത്തേടത്ത്‌

2019 ഓഗസ്റ്റ്‌ 20-നാണ്‌ ചന്ദ്രയാൻ -II ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്‌

.

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളാണ് ചന്ദ്രയാൻ ഒന്നും രണ്ടും. ചന്ദ്രയാൻ-2 വിക്ഷേപിച്ചതിന്റെ മൂന്നാം വാർഷികമാണിത്. ഐ.എസ്.ആർ.ഒ.യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് 2019 ജൂലായ് 22-ന് പുലർച്ചെ 2.51-ന് ചന്ദ്രയാൻ-2 വിക്ഷേപിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളമുണ്ടെന്ന് കണ്ടെത്തി.
ചന്ദ്രനെക്കുറിച്ച് കൂടുതൽ പഠിക്കാനും ചാന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പുചെയ്യുകയുമായിരുന്നു പ്രധാനലക്ഷ്യം. ജി.എസ്‌.എൽ.വി. മാർക്ക്‌ മൂന്ന്‌ എന്ന വിക്ഷേപണവാഹനത്തിൽ (ബാഹുബലി) ഓർബിറ്റർ (ചന്ദ്രനെചുറ്റുന്ന ഭാഗം) ലാൻഡർ (ചന്ദ്രനിൽ ഇറങ്ങാനുള്ളഭാഗം-വിക്രം), റോവർ (ലാൻഡറിനകത്തുള്ള റൊബോട്ടിക് വെഹിക്കിൾ-പ്രഗ്യാൻ-എന്നീ ഭാഗങ്ങളാണ് ചന്ദ്രയാൻ 2-ന് ഉണ്ടായിരുന്നത്.

എന്തു സംഭവിച്ചു
2019 ഓഗസ്റ്റ്‌ 20-ന്‌ ഭ്രമണപഥത്തിലെത്തി. സെപ്റ്റംബർ ആറിന് പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിൽ 2.1 കിലോ മീറ്റർ ഉയരത്തിൽ വിക്രം ലാൻഡറുമായുള്ള ഗ്രൗണ്ട്‌ സ്റ്റേഷന്റെ ബന്ധം നഷ്ടമായി. ഇത് തിരിച്ചടിയായി. ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ വലിയ ശാസ്ത്രനേട്ടങ്ങൾ നമുക്കുണ്ടാവുമായിരുന്നു.

പരാജയത്തിലും വിജയിച്ച ചാന്ദ്രയാൻ-2
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ജി.എസ്‌.എൽ.വി. മാർക്ക്‌-മൂന്ന്‌ റോക്കറ്റിൽ 4000 കിലോഗ്രാം ഭാരമുള്ള ഒരു വലിയ സ്പേസ്‌ക്രാഫ്റ്റിനെ ചന്ദ്രനിലെത്തിച്ചു എന്നതാണ് ഈ ദൗത്യത്തിന്റെ വലിയവിജയം. ഇതിന്റെ ചെലവ്‌ 950 കോടിരൂപയാണ്. ഇത് താരതമ്യേന വളരെ കുറഞ്ഞ മുടക്കുമുതലാണ്. ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പാകത്തിൽ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവർത്തിപ്പിച്ചുകൊണ്ട് ഓർബിറ്ററിൽനിന്ന് ലാൻഡറിനെ വേർപ്പെടുത്തുകയും ലാൻഡിങ്ങിന് തയ്യാറാക്കുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ വിജയം.
വെറും 14 ദിവസങ്ങൾമാത്രം പ്രവർത്തിക്കുന്നതും മൂന്ന്‌ പേലോഡുകൾ വഹിക്കുന്നതുമായ വിക്രം ലാൻഡറും അതിനുള്ളിൽനിന്ന് 500 മീറ്റർ മാത്രം സഞ്ചരിക്കുന്നതും രണ്ട്‌ പേലോഡുകൾ മാത്രവുമുള്ള റോവറും ആണ് പ്രവർത്തനരഹിതമായത്. ചന്ദ്രോപരിതലത്തിലെ വിലപ്പെട്ട വിവരങ്ങളാണ് ഇതിലൂടെ നമുക്ക് നഷ്ടമായത്. ഇതുവരെ ഒരു രാജ്യവും ചെയ്യാത്തരീതിയിൽ ചന്ദ്രന്റെ മുഴുവൻസമയ ഇരുട്ടും മൈനസ് 13 ഡിഗ്രി തണുപ്പുമുള്ള ദക്ഷിണഭാഗത്ത്‌ സോഫ്റ്റ്‌ ലാൻഡിങ് എന്ന വെല്ലുവിളിയും ചന്ദ്രായാൻ-2നെ ലക്ഷ്യത്തിലെത്തിക്കുന്നതിൽനിന്ന്
പിറകോട്ടുവലിച്ചു.

ഇപ്പോഴത്തെ അവസ്ഥ
ഒരുവർഷംവരെ പ്രവർത്തിക്കുന്നതും എട്ട്‌ പേലോഡുകൾ അടങ്ങിയതുമായ ഓർബിറ്റർ ഒരുവർഷം പൂർത്തിയാക്കുകയും ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നു. 2020 ഓഗസ്റ്റ് 20 വരെ 4400 തവണ ചാന്ദ്രയാൻ-2, ചന്ദ്രനെ വലംവെച്ചുകഴിഞ്ഞു. ഭ്രമണപഥം മാറിയില്ലെങ്കിൽ ഇനിയും അടുത്ത ഏഴുവർഷം ഓർബിറ്ററിന് പ്രവർത്തിക്കാൻ കഴിയുമത്രേ. ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് 3ഡി മാപ്പ് തയ്യാറാക്കുകയാണ് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ-3 ദൗത്യത്തിന് ഇതേ ഓർബിറ്റർ തന്നെയാകും ഉപയോഗിക്കുക. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയാനും ചന്ദ്രോപരിതലത്തിന്റെ ഘടന മനസ്സിലാക്കാനും മറ്റുമുള്ള വിലപ്പെട്ടവിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.

ചില കുഞ്ഞൻ സംശയങ്ങൾ


1. റോക്കറ്റ് വിക്ഷേപിക്കുമ്പോൾ മഴപെയ്താൽ എന്തുചെയ്യും?
റോക്കറ്റിൽ ഇന്ധനം കത്തുന്നത് അതിനുള്ളിലാണ്. ഉള്ളിലെരിയുന്ന ഇന്ധനത്തിന്റെ മർദമാണ് റോക്കറ്റിനെ മുകളിലോട്ട് ഉയർത്തുന്നത്. മഴപെയ്താൽ ഒന്നും സംഭവിക്കില്ല.
2. റോക്കറ്റ് വിക്ഷേപിക്കുമ്പോൾ വിമാനംവന്നാൽ എന്തുചെയ്യും?
റോക്കറ്റ് വിക്ഷേപിക്കുന്നതിന് ഒരുമാസം മുമ്പേ വിമാനങ്ങൾ ഈസമയ പരിധിയിൽ വരാൻ പാടില്ലെന്ന അറിയിപ്പ് നൽകും.
3. റോക്കറ്റ് വിക്ഷേപണത്തിൽ ബഹിരാകാശത്തെ അവശിഷ്ടങ്ങൾ (Waste) വലിയ വിപത്തല്ലേ?
വിപത്താണ്. ബഹിരാകാശത്തിൽ ഒരു മൺതരിപോലും ഒരു സെക്കൻഡിൽ ഏഴ്‌-10 കിലോമീറ്റർ വരെ വേഗതത്തിൽ കറങ്ങിക്കൊണ്ടിരിക്കും. ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ഇടിച്ച് പല ഉപഗ്രഹങ്ങളും ഇതിനകം നശിച്ചുപോയതായി കണ്ടെത്തിയിട്ടുണ്ട്.
4. ബഹിരാകാശത്തിലെ ട്രാഫിക് ആര് നിയന്ത്രിക്കും?
റഡാർ ഉപയോഗിച്ച് സ്പേസിലുള്ള വസ്തുക്കളെ നിരീക്ഷിച്ച് വാണിങ് കൊടുക്കാനും നമ്മുടെ ഉപഗ്രഹങ്ങളെ സംരക്ഷിക്കാനുമുള്ള സംവിധാനം നിലവിലുണ്ട്.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..