കണക്കിലെ കള്ളക്കളികള്‍


ഗണിതശാസ്ത്ര ചരിത്രത്തിലെ വലിയൊരു ചതിയുടെ കഥയാണിത്. മൂന്നാംകൃതി സമവാക്യങ്ങൾ നിർദ്ധാരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു കണ്ടുപിടിത്തത്തിന്റെ ഖ്യാതി, താർതാഗ്ലിയ എന്ന ശാസ്ത്രജ്ഞനിൽനിന്ന് ചതിയനായ ജിറോലാമോ കാർഡാനോ തട്ടിയെടുത്തതിന്റെ കഥ

.

# എം.ആർ.സി. നായർ

മറ്റു ശാസ്ത്രശാഖകളിലെന്നപോലെ നവോത്ഥാന കാലഘട്ടം യൂറോപ്യൻ ഗണിതശാസ്ത്രത്തിലും വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. ഇറ്റലിയിൽ ഈ മാറ്റത്തിനു ചുക്കാൻ പിടിച്ചത് താർതാഗ്ളിയ എന്നറിയപ്പെടുന്ന നിക്കോളോ ഫൊണ്ടാനാ ആയിരുന്നു. ഫൊണ്ടാനായ്ക്ക് 12 വയസ്സുള്ളപ്പോൾ ഫ്രഞ്ചുസൈന്യം ജന്മനാടായ ബ്രസിയ ആക്രമിക്കുകയും ഒരു സൈനികന്റെ വാളുകൊണ്ടുള്ള വെട്ടേറ്റ് അദ്ദേഹത്തിന്റെ ചുണ്ടുകൾ മുറിയുകയും ചെയ്തു. അതിൽപ്പിന്നെ അദ്ദേഹം വിക്കി വിക്കിയാണ് സംസാരിച്ചിരുന്നത്. അങ്ങനെയാണ് താർതാഗ്ളിയ എന്ന പേരുവീണത്. താർതാഗ്ളിയ എന്ന ഇറ്റാലിയൻ വാക്കിന്റെ അർഥം വിക്കൻ എന്നാണ്. ഈ കാലത്താണ് ഫെറോ എന്നു പേരായ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസർ മൂന്നാംകൃതി സമവാക്യങ്ങൾ നിർദ്ധാരണം ചെയ്യുന്നതിനുള്ള മാർഗം കണ്ടെത്തിയതായി അവകാശപ്പെട്ടത്. എന്നാൽ, ഇത് പൂർണമായും ശരിയായിരുന്നില്ല.

ഇതിന്റെ കുറവുകൾ പരിഹരിച്ച് ശരിയായ ഫോർമുല കണ്ടെത്താനുള്ള ശ്രമത്തിലായി താർതാഗ്ളിയ. അതിൽ അദ്ദേഹം വിജയിക്കുകയും ഗണിതശാസ്ത്രലോകത്ത് ഈ കണ്ടുപിടിത്തം ചർച്ചാവിഷയമാവുകയും ചെയ്തു.

താർതാഗ്ളിയ ത്രിമാന സമവാക്യങ്ങളുടെ മൂല്യങ്ങൾ കാണാനുള്ള ഫോർമുല കണ്ടുപിടിച്ച വിവരം ഗണിതശാസ്ത്രത്തിൽ പേരെടുക്കാൻ കൊതിച്ചുകഴിഞ്ഞിരുന്ന ജിറോലാമോ കാർഡാനോ അറിയാനിടയായി. അദ്ദേഹം താർതാഗ്ളിയക്ക് സ്തുതിവചനങ്ങൾ നിറഞ്ഞ ഒരു കത്തയച്ചു. അദ്ദേഹം പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിൽ താർതാഗ്ളിയയുടെ രഹസ്യ ഫോർമുല കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. അതുവഴി താൻ താർതാഗ്ളിയക്ക് നൽകാൻ പോകുന്ന പണവും പ്രശസ്തിയും സ്ഥാനമാനങ്ങളുമൊക്കെ കത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, താർതാഗ്ളിയ ആ പ്രലോഭനങ്ങളിലൊന്നും വീണില്ല.

കാർഡാനോ കത്തെഴുത്ത് തുടർന്നുകൊണ്ടേയിരുന്നു. മിലാനിലെ പട്ടാളമേധാവിയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് അദ്ദേഹം താർതാഗ്ളിയയെ സ്വന്തം വസതിയിലേക്കു ക്ഷണിച്ചു. സാമ്പത്തികമായി ക്ഷീണിച്ചുനിൽക്കുന്ന സമയമായതുകൊണ്ട് നല്ല ഒരു ജോലി പ്രതീക്ഷിച്ച് താർതാഗ്ളിയ വസതിയിലെത്തി. എന്നാൽ, അവിടെ പട്ടാളമേധാവി ഇല്ലായിരുന്നു. താർതാഗ്ളിയ കുപിതനായി. അദ്ദേഹത്തിന് അമിതമായി മദ്യം നൽകി പാതിരാത്രിയോടെ ചതിയനായ കാർഡാനോ ആ രഹസ്യഫോർമുല ചോർത്തിയെടുത്തു.
താർതാഗ്ളിയയുടെ കണ്ടുപിടിത്തംകൂടി ഉൾപ്പെടുത്തി കാർഡാനോ തന്റെ പുസ്തകം പ്രസിദ്ധപ്പെടുത്തി. പുസ്തകം ഒരു വൻവിജയമായിരുന്നു.

താർതാഗ്ളിയ സൂക്ഷിച്ച രഹസ്യഫോർമുലയുടെ ഖ്യാതി മുഴുവൻ കാർഡാനോ തട്ടിയെടുത്തു.

കോപവും നിരാശയും നിറഞ്ഞതായിരുന്നു താർതാഗ്ളിയയുടെ അന്ത്യദിനങ്ങൾ. എന്നാൽ, അതിലും കഷ്ടമായിരുന്നു ചതിയനായ കാർഡാനോയുടെ അവസ്ഥ. കുടുംബജീവിതം തകർന്നു. മക്കളെല്ലാം വഴിപിഴച്ചുപോയി. 1576-ൽ കാർഡാനോ ആത്മഹത്യ ചെയ്യുകയായിരുന്നു.


മേഘാലയയിലെ ഇലക്‌ട്രിക് കൂൺ

കൗതുകമുണർത്തി ഇരുളിൽത്തിളങ്ങുന്ന കൂണുകൾ

# ജി.എസ്. ഉണ്ണികൃഷ്ണൻ

കൂരിരുട്ടിൽ പ്രകാശം ചൊരിഞ്ഞുനിൽക്കുന്ന കൂണുകൾ. കഥയല്ല, കാര്യമാണ്. 1,20,000 സ്പീഷീസുകളുള്ളതാണ് കൂണുകൾ ഉൾപ്പെടുന്ന കുമിളുകളുടെ ലോകം (കിങ്ഡം ഫംഗി’). ഇവയിൽ നൂറോളം ഫംഗസുകൾ’ (കുമിളുകൾ) ‘ജൈവദീപ്തി’ (രാസപ്രവർത്തനത്തിലൂടെ ജീവികൾ പ്രകാശം ഉത്പാദിപ്പിക്കുന്ന പ്രതിഭാസം) പ്രകടിപ്പിക്കുന്നവയാണ്. ഇത്തരം ഒരു കൂൺ മേഘാലയയിൽ പുതുതായി കണ്ടെത്തി.

ആ കഥ ഇങ്ങനെ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള കൂൺഗവേഷകരുടെ സംഘം മേഘാലയയിലെ ജാന്തിയ ജില്ലയിൽ കൂണുകളുടെ സർവേക്കെത്തി. ഒരു മഴക്കാലരാത്രിയിൽ മുളങ്കാട്ടിലൂടെയായിരുന്നു യാത്ര. പെട്ടെന്ന്, എല്ലാവരോടും ടോർച്ചുകളണയ്ക്കാൻ സഹായിയായി ഒപ്പംപോയ നാട്ടുകാരൻ ആവശ്യപ്പെട്ടു. അപ്പോഴാണ് മുളങ്കാട് പച്ചനിറത്തിൽ പ്രകാശിക്കുന്നതു കണ്ടത്. നിരീക്ഷിച്ചപ്പോൾ ദ്രവിച്ച മുളകളിൽ വളരുന്ന ഒരിനം കൂണിന്റെ തണ്ടാണ് സ്വയം പ്രകാശിക്കുന്നതെന്ന് മനസ്സിലായി. ഇതുവരെ കണ്ടെത്താത്ത ഒരു സ്പീഷീസായിരുന്നു അത്. ‘റോറിഡോമൈസിസ് ഫൈലോസ്റ്റാക്കിഡസ്’ മേഘാലയയിലെ ഖാസിമലകൾ പോലുള്ള ചില പ്രദേശങ്ങളിൽ ജൂൺമുതൽ സെപ്റ്റംബർവരെയാണ് ഇവ കാണപ്പെടുന്നത്. ടോർച്ചിനുപകരം പ്രകാശം പരത്തുന്ന ഈ മുളങ്കഷണങ്ങളുമായി വനവാസികൾ രാത്രിയിൽ സഞ്ചരിക്കാറുണ്ടത്രേ. പ്രകാശിക്കുന്ന കൂണുകൾ കേരളത്തിലും മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ‘മൈസീനാ ദീപ്ത’ ‘മൈസീന ക്ലോറോഫോസ്’ ‘ആംഫലോട്ടിസ് ഒളീറൈസ്’, ‘നോത്തോപ്പാനസ് യൂഗ്രാമസ്’, ‘ആംഫലോട്ടിസ് ഒളിവാസിൻസ്’ എന്നിവ ഇതിൽ ഉൾപ്പെടുന്നു .

കൂണുകളിലുള്ള ‘ലൂസിഫെറിൻ’ എന്ന ‘ദീപനരസം’ (എൻസൈം) ഓക്‌സീകരണത്തിനു വിധേയമാക്കുമ്പോൾ ‘ഓക്‌സിലൂസിഫെറിൻ’ എന്ന പദാർഥം രൂപപ്പെടുന്നു. ഇതു പ്രസരിപ്പിക്കുന്നഊർജമാണ് പച്ചനിറത്തിലുള്ള വെളിച്ചത്തിനുകാരണം. കൂണുകളുടെ വെളിച്ചം പണ്ട് മനുഷ്യരെ ഭയപ്പെടുത്തിയിരുന്നു. പ്രകാശത്തിന്റെ രഹസ്യം കണ്ടുപിടിച്ചപ്പോഴാകട്ടെ ഇതു കൗതുകമായി മാറി.


കെ. കേളപ്പന്റെ ഗാന്ധിമാർഗം

ഓഗസ്റ്റ് 24 കെ. കേളപ്പന്റെ ജന്മദിനം

# പ്രദീപൻ. ടി

ആധുനിക കേരളത്തെ സൃഷ്ടിച്ചെടുത്തവരിൽ പ്രധാനിയാണ് കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പൻ. സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവർത്തകൻ, സാമൂഹികപരിഷ്‌കർത്താവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ച ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. 1930-ലും 1934 മുതൽ 37 വരെയും മാതൃഭൂമി പത്രാധിപരായിരുന്നു. 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് മുചുകുന്നിലാണ് ജനിച്ചത്.

ദേശീയപ്രസ്ഥാനത്തിലേക്ക്
നിയമപഠനത്തിനായി മുംബൈയിൽ എത്തിയ കേളപ്പൻ ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് സ്വാതന്ത്ര്യസമരത്തിൽ സജീവമായത്. നിസ്സഹകരണസമരം, നിയമലംഘനസമരം, ക്വിറ്റിന്ത്യാസമരം, എന്നിവയെല്ലാം അദ്ദേഹം മുൻനിരയിൽനിന്ന് നയിച്ചു. നിയമലംഘനസമരത്തിന്റെ ഭാഗമായി നടന്ന ഉപ്പുസത്യാഗ്രഹത്തിനായി കേളപ്പന്റെ നേതൃത്വത്തിലാണ് കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയത്.

സാമൂഹികപരിഷ്‌കർത്താവ്
അയിത്തത്തിനെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രചാരണസമിതിയുടെ കൺവീനറായിരുന്നു അദ്ദേഹം. അയിത്തോച്ചാടനം ലക്ഷ്യമാക്കി നടന്ന ആദ്യത്തെ പ്രധാനസമരമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം ശിവക്ഷേത്രത്തിലേക്കുള്ള റോഡുകൾ അവർണർക്ക് തുറന്നുകിട്ടാനായിരുന്നു സമരം. ഈ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ജയിൽശിക്ഷ അനുഭവിച്ചു.

അയിത്തത്തിനെതിരേ നടന്ന മറ്റൊരു വലിയസമരമായിരുന്നു 1931-1932 കാലയളവിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇതിന്റെ ഭാഗമായി കെ. കേളപ്പൻ ദിവസങ്ങൾ നീണ്ട ഉപവാസസമരം നടത്തി. ഗാന്ധിജിയുടെ നിർദേശത്തെത്തുടർന്നാണ് സമരം പിൻവലിച്ചത്.

ഐക്യകേരളപ്രസ്ഥാനം
ആചാര്യ വിനോബാ ഭാവെയുടെ നേതൃത്വത്തിൽ നടന്ന ഭൂദാൻ പ്രസ്ഥാനത്തിലും സജീവമായിരുന്നു. മലബാറിൽ ദാനമായി ലഭിച്ച പ്രദേശങ്ങളിൽ ഹരിജനങ്ങൾക്ക് ശ്രമദാനമായി വീടുവെച്ചു നൽകി. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ പ്രദേശങ്ങളായി കിടന്ന കേരളത്തെ ഒന്നിപ്പിച്ച് ഐക്യകേരളം സൃഷ്ടിക്കുന്നതിലും കേളപ്പന്റെ പങ്ക് വലുതായിരുന്നു.

1952-ൽ നടന്ന സ്വതന്ത്രഇന്ത്യയിലെ ഒന്നാമത്തെ പൊതു തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിജി മുന്നോട്ടുവെച്ച അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ച കേളപ്പൻ 1971 ഒക്ടോബർ ഏഴിന് അന്തരിച്ചു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..